നൊവാക് ജോക്കോവിച്ച്:
'ആരൊരാളീ കുതിരയെ കെട്ടുവാന്‍'?

നൊവാക് ജോക്കോവിച്ച്: 'ആരൊരാളീ കുതിരയെ കെട്ടുവാന്‍'?

ഒളിമ്പിക്‌സ് അരങ്ങേറുന്ന ഈ വര്‍ഷം ജോക്കോവിച്ചിന്‌ ലക്ഷ്യം അല്‍പം കൂടി വലുതാണ്. നാലു ഗ്രാന്‍ഡ്സ്ലാമും ഒപ്പം ഒളിമ്പിക് സ്വര്‍ണവുമെന്ന 'ഗോള്‍ഡണ്‍ സ്ലാം' അപൂര്‍വ നേട്ടമാണ് ജോക്കോ ലക്ഷ്യം വയ്ക്കുന്നത്.

പ്രായം വെറും അക്കം മാത്രമാണ് എന്ന ചൊല്ലിന് ഒരു പര്യായം ഇന്ന് കായികരംഗത്ത് ചൂണ്ടിക്കാട്ടണമെങ്കില്‍ ഒരൊറ്റപ്പേര് മാത്രമേയുള്ളൂ... നൊവാക് ജോക്കോവിച്ച് എന്ന സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം. തന്റെ മുപ്പത്തിയാറാം വയസിലും കൗമാരം വിട്ടുമാറാത്തവന്റെ ചൊടിയും ചുണയുമായി 'ന്യൂ ജനറേഷന്‍ പിള്ളേര്‍'ക്കൊപ്പം കളിച്ചുനടക്കുന്ന 'പയ്യന്‍', ജോക്കോവിച്ചിനെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍പ്പോലും ആരും തെറ്റുപറയില്ല.

ഗ്രാന്‍ഡ് സ്ലാം ടെന്നീസിന്റെ മറ്റൊരു സീസണിന് ഇന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ പാര്‍ക്കില്‍ തുടക്കം കുറിച്ചപ്പോള്‍ അതുകൊണ്ടു തന്നെയാകണം ജോക്കോവിച്ച് മാത്രം ചര്‍ച്ചയാകുന്നത്. പൂച്ചയ്ക്കാരു മണികെട്ടും എന്നപോലെ ജോക്കോവിച്ചിനെ ആരു പിടിച്ചുകെട്ടും എന്നതാണ് ഇന്ന് ടെന്നീസ് ലോകത്തെ ചൂടന്‍ ചോദ്യം. റാക്കറ്റ് താഴെവച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും പരുക്കുകള്‍ വിട്ടൊഴിയാത്ത സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഇപ്പോള്‍ വാര്‍ത്താതലക്കെട്ടുകളില്‍ ഇല്ല. എന്നാല്‍ ഏറെക്കുറേ ഇവരുടെ സമകാലീനനായ ജോക്കോ മാത്രം ഇന്നും പ്രതലഭേദമില്ലാതെ കോര്‍ട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ജേതാവു കൂടിയായ ജോക്കോയ്ക്ക് എതിരാളികള്‍ ഇല്ലെന്നു വേണം പറയാന്‍. കാരണം ഇക്കുറി മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടം സ്വപ്‌നംകണ്ട് ഇറങ്ങുന്ന 108 പേരില്‍(വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉള്‍പ്പെടെ) ആകെ രണ്ടു പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ ജോക്കോയെ തോല്‍പിക്കാനായിട്ടുള്ളത്.

ലോക രണ്ടാം നമ്പര്‍ താരവും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ രണ്ടാം സീഡുമായ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസാണ് ആ 'അസുലഭ നേട്ടം' ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയത്, കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഫൈനലില്‍. മറ്റൊരാള്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദവാണ്. 2021-ലെ യുഎസ് ഓപ്പണ്‍ ഫൈനലിലായിരുന്നു മെദ്‌വെദവ് അങ്ങനെ ടെന്നീസ് ആരാധകരെ 'അമ്പരപ്പിച്ചത്'.

ഗ്രാന്‍ഡ്സ്ലാം കോര്‍ട്ടിനുപുറത്ത് സമീപകാലത്ത് ഒരു മാസത്തിനിടെ രണ്ടു തവണ ജോക്കോയെ വീഴ്ത്തിയ മറ്റൊരാള്‍ കൂടിയുണ്ട് ഓസ്‌ട്രേലിയയില്‍, ഇറ്റാലിയന്‍ താരം യാന്നിക് സിന്നര്‍. കഴിഞ്ഞ വര്‍ഷം ഡേവിസ് കപ്പ് സെമിഫൈനലിലും എടിപി ഫൈനലിലുമാണ് യാന്നിക് ജോക്കോവിച്ചിനു മേല്‍ ജയം കണ്ടത്. എന്നാല്‍ ഈ മൂവര്‍ സംഘത്തില്‍ ആര്‍ക്കെങ്കിലും മെല്‍ബണ്‍ പാര്‍ക്കില്‍ ജോക്കോയ്ക്ക് കടിഞ്ഞാണിടാനാകുമോയെന്നു ചോദിച്ചാല്‍ ടെന്നീസ് പ്രേമികളില്‍ ഭൂരിഭാഗത്തിനും മറുപടിയുണ്ടാകില്ല.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 89 ജയങ്ങളാണ് ഇതുവരെ ജോക്കോവിച്ചിന്റെ പേരിലുള്ളത്. തോറ്റത് വെറും എട്ടു തവണ മാത്രം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അവിടെ മറ്റൊരാള്‍ ജയിച്ചത് 2022-ല്‍ റാഫേല്‍ നദാല്‍ കിരീടം നേടിയപ്പോഴാണ്, അതും കോവിഡ് വാക്‌സിന്‍ വിവാദത്തെത്തുടര്‍ന്ന് ജോക്കോവിച്ചിനെ കളത്തിലിറങ്ങാന്‍ അനുവദിക്കാതെ 'നാടുകടത്തി'യപ്പോള്‍ മാത്രം.

ഇത്തവണയും കിരീടം സെര്‍ബിയയിലേക്ക് തന്നെ പോകുമെന്നാണ് ടെന്നീസ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. കാരണം അത്രകണ്ട് അനായാസമാണ് ജോക്കോയ്ക്ക് ഓരോ റൗണ്ടിലും. 11-ാം ഓസ്‌ട്രേലിയന്‍ ഓപ്പണും 25-ാം ഗ്രാന്‍ഡ് സ്ലാമും ലക്ഷ്യമിട്ട് ഇന്ന് ഉച്ചയ്ക്ക് ക്രൊയേഷ്യയുടെ സീഡില്ലാ താരം ഡിനോ പ്രിസ്മിച്ചിനെ നേരിട്ടുകൊണ്ട് റോഡ് ലാവര്‍ അരീനയില്‍ കളി തുടങ്ങുന്ന ജോക്കോയ്ക്ക് തുടര്‍ന്നുള്ള റൗണ്ടുകളിലും കാര്യമായ വെല്ലുവിളികളില്ല.

മുന്‍ ഗ്രാന്‍ഡ്സ്ലാം ജേതാക്കളായ ബ്രിട്ടന്റെ ആന്‍ഡി മറെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍സിലാസ് വാവ്‌റിങ്കയും ഫൈനലിലേക്കുള്ള വഴിയില്‍ ജോക്കോയെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായ ഇവര്‍ സെര്‍ബിയന്‍ താരത്തിന് വെല്ലുവിളിയാകില്ലെന്നാണ് കരുതുന്നത്. പ്രീക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടണും ക്വാര്‍ട്ടറില്‍ ഗ്രീക്ക് താരം സ്‌റ്റെഫാനോ സിറ്റ്‌സിപാസുമായിരിക്കും എതിരാളികളായി എത്താന്‍ സാധ്യത.

സെമിയിലും ഫൈനലിലുമാകും ജോക്കോയ്ക്ക് കാര്യമായ വെല്ലുവിളി ഉയരുക. സെമിയില്‍ സിന്നറുമായി ആയിരിക്കും ഏറ്റുമുട്ടല്‍. ഇറ്റാലിയന്‍ താരത്തെ വീഴ്ത്താനായാല്‍ ഫൈനലില്‍ മിക്കവാറും അല്‍ക്കാരസാകും കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലില്‍ വീഴ്ത്തി കലണ്ടര്‍ സ്ലാം എന്ന തന്റെ സ്വപ്‌നം തകര്‍ത്ത അല്‍കാരസിനെതിരേ മധുരപ്രതികാരമായിരിക്കും ജോക്കോ ലക്ഷ്യം വയ്ക്കുന്നത്.

ഇരുവരും ഇതുവരെ അഞ്ചു തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അതില്‍ മൂന്നു തവണ ജയം സെര്‍ബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ രണ്ടു തവണ അല്‍കാരസ് വിജയം കണ്ടു. എന്നാല്‍ ഹാര്‍ഡ് കോര്‍ട്ടില്‍ അല്‍കാരസിനു മേല്‍ വ്യക്തമായ ആധിപത്യം ജോക്കോയ്ക്കുണ്ട്. ഈ പ്രതലത്തില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഒപ്പം നിന്നു. ക്ലേ കോര്‍ട്ടില്‍ ഇരുവരും ഓരോ ജയം വീതം പങ്കിട്ടപ്പോള്‍ പുല്‍കോര്‍ട്ടില്‍ കളിച്ച ഏക മത്സരത്തില്‍ ജയം അല്‍കാരസിനെ പുല്‍കി.

കഴിഞ്ഞവര്‍ഷം നടന്ന സിന്‍സിനാറ്റി ഓപ്പണ്‍ എടിപി ചാമ്പ്യന്‍ഷിപ്പിലാണ് ഇരുവരും അവസാനം കൊമ്പുകോര്‍ത്തത്. അന്ന് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് അല്‍കാരസിനെ വീഴ്ത്തിയ ജോക്കോവിച്ച് വിംബിള്‍ഡണ്‍ തോല്‍വിക്ക് കണക്ക് ചോദിച്ചിരുന്നു. രണ്ടര പതിറ്റാണ്ടിന് അടുത്ത നീണ്ട കരിയറില്‍ ഇതുവരെ സ്വന്തമാക്കാനാകാതെ പോയ കലണ്ടര്‍ സ്ലാം നേട്ടം എത്തിപ്പിടിക്കാനാണ് ജോക്കോവിച്ച് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അതിനരികെ എത്തിയതാണ്. എന്നാല്‍ വിംബിള്‍ണില്‍ അല്‍കാരസിനു മുന്നില്‍ കാലിടറിയത് തിരിച്ചടിയായിരുന്നു.

ഒളിമ്പിക്‌സ് അരങ്ങേറുന്ന ഈ വര്‍ഷം ജോക്കോവിച്ചിന്‌ ലക്ഷ്യം അല്‍പം കൂടി വലുതാണ്. നാലു ഗ്രാന്‍ഡ്സ്ലാമും ഒപ്പം ഒളിമ്പിക് സ്വര്‍ണവുമെന്ന 'ഗോള്‍ഡണ്‍ സ്ലാം' അപൂര്‍വ നേട്ടമാണ് ജോക്കോ ലക്ഷ്യം വയ്ക്കുന്നത്. ജര്‍മന്‍ ഇതിഹാസം സ്‌റ്റെഫി ഗ്രാഫാണ് ടെന്നീസ് ചരിത്രത്തില്‍ ആ നേട്ടം സ്വന്തമാക്കിയ ഒരേയൊരാള്‍. സ്‌റ്റെഫിക്കൊപ്പമെത്താന്‍ ജോക്കോവിച്ച് റാക്കറ്റ് വീശുമ്പോള്‍ തടയാന്‍ എതിരാളികള്‍ ഇല്ലെന്നതാണ് സത്യം. ടെന്നീസ് പ്രേമികള്‍ കാത്തിരിക്കുന്നതും അത്തരമൊരു എതിരാളി ഉദിച്ചുവരാന്‍ വേണ്ടിയാണ്. കാരണം കല്ല് കല്ലിനോട് ഏറ്റാല്‍ മാത്രമേ തീപാറൂ...

logo
The Fourth
www.thefourthnews.in