ജോക്കോവിച്ച് യുഎസ് ഓപ്പൺ ചാമ്പ്യൻ; 24-ാം ഗ്രാൻസ്ലാമെന്ന ചരിത്രനേട്ടം സ്വന്തം

ജോക്കോവിച്ച് യുഎസ് ഓപ്പൺ ചാമ്പ്യൻ; 24-ാം ഗ്രാൻസ്ലാമെന്ന ചരിത്രനേട്ടം സ്വന്തം

റഷ്യയുടെ ഡാനിയേൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ നാലാം കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ റഷ്യയുടെ ഡാനിയേൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെർബിയൻ താരത്തിന്റെ കിരീട നേട്ടം. സ്കോർ: (6-3, 7-6, 6-3). ജോക്കോവിച്ചിന്റെ 24-ാം ഗ്രാൻഡ് സ്ലാം കിരീടനേട്ടമാണിത്. 2023 ഫ്രഞ്ച് ഓപ്പണ്‍ കീരിടം നേട്ടത്തോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാമുകള്‍ നേടുന്ന പുരുഷതാരമായി ജോക്കോ മാറിയത്. റാഫേല്‍ നദാലിനെണ് അന്ന് താരം പരാജയപ്പെടുത്തിയത്.

ഇതോടെ, യുഎസ് ഓപ്പണിലെ പ്രായമേറിയ ജേതാവായി 36കാരനായ ജോക്കോവിച്ച് മാറി. 24 ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം, ഏറ്റവും കൂടുതൽ തവണ ഒരേ സീസണിൽ മൂന്ന് ഗ്രാൻസ്ലാം സ്വന്തമാക്കുന്ന താരം എന്നീ റെക്കോർഡുകളും ജോക്കോവിച്ചിന് സ്വന്തമായി. 24 ഗ്രാൻഡ് സ്ലാം കിരീടവുമായി ഓസ്ട്രേലിയയുടെ വനിതാതാരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമാണ് ജോക്കോവിച്ച് ഇടംപിടിച്ചത്.

2008ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയാണ് സെര്‍ബിയന്‍ താരമായ ജോകോവിച്ച് ടെന്നീസ് ലോകത്തെ രാജാവാഴ്ച തുടങ്ങുന്നത്. 10 തവണയാണ് ജോക്കോ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. ഏഴുതവണ വിംബിള്‍ഡണ്‍ കിരീടവും മൂന്നു തവണ ഫ്രഞ്ച് ഓപ്പണും നേടി. 2016, 2021, 2023 വര്‍ഷങ്ങളിലാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. നാല് ഗ്രാന്‍സ്ലാം കിരീടവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും നേടുന്ന ലോകത്തെ ആദ്യ പുരുഷ ടെന്നീസ് താരമായും ജോക്കോവിച്ച് മാറി.

ജോക്കോവിച്ച് 12 വ്യത്യസ്ത വര്‍ഷങ്ങളില്‍ 388 ആഴ്ചകളോളം ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുക എന്ന സ്വപ്നതുല്യ നേട്ടത്തിന് ഉടമകൂടിയാണ് ജോക്കോ. ജോക്കോ നേടിയ സിംഗിള്‍സ് കിരീടങ്ങളുടെ എണ്ണം സെഞ്ചുറി തികയ്ക്കാന്‍ ഇനി അഞ്ചെണ്ണം കൂടി മാത്രമേ വേണ്ടൂ. ടെന്നീസ് കോര്‍ട്ടിലെ മിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ നൊവാക് ജോക്കോവിച്ചിന് ഇനി ലക്ഷ്യം വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലുള്ള ലോക റെക്കോര്‍ഡ് മാത്രമാണ്.

പത്താം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺ ഫൈനൽ കളിക്കുന്നത്. 2021-ലെ ഫൈനലിൽ മെദ്‌വദേവിനോടേറ്റ പരാജയത്തിന് മറുപടിയായി ഇത്തവണത്തെ കിരീടനേട്ടം. സെമിയിൽ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടനെ മറികടന്നാണ് രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. ലോക ഒന്നാംനമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ കാര്‍ലോസ് അല്‍ക്കരാസിനെ വീഴ്ത്തിയായിരുന്നു മൂന്നാം സീഡ് മെദ്‌വദേവിന്റെ ഫൈനൽ പ്രവേശനം.

ജോക്കോവിച്ച് യുഎസ് ഓപ്പൺ ചാമ്പ്യൻ; 24-ാം ഗ്രാൻസ്ലാമെന്ന ചരിത്രനേട്ടം സ്വന്തം
യുഎസ് ഓപ്പൺ: 19-ാം വയസ്സിൽ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി കൊക്കോ ഗോഫ്

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ കൊക്കോ ഗോഫ് സ്വന്തമാക്കിയിരുന്നു. ലോക ഒന്നാം നമ്പർ താരവും രണ്ടാം സീഡുമായ ബെലാറഷ്യൻ താരം അരിന സബലെങ്കയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്നായിരുന്നു കൊക്കോ ഗോഫിന്റെ പത്തൊൻപതാം വയസിലെ ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടം.

logo
The Fourth
www.thefourthnews.in