ഫ്രഞ്ച് ഓപ്പണ്‍ നേടി ചരിത്രം കുറിച്ച് ജോക്കോവിച്ച്; നദാലിനെ മറികടന്ന് റെക്കോഡ്

ഫ്രഞ്ച് ഓപ്പണ്‍ നേടി ചരിത്രം കുറിച്ച് ജോക്കോവിച്ച്; നദാലിനെ മറികടന്ന് റെക്കോഡ്

കരിയറിലെ 23-ാം ഗ്രാന്‍ഡ്സ്ലാം നേടിയാണ് ജോക്കോവിച്ച് ചരിത്രം കുറിച്ചത്. മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ഇത്. 10 തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും 7 തവണ വിംബിള്‍ഡണും 3 തവണ യു.എസ്. ഓപ്പണും നേടിയിട്ടുണ്ട്.

ആധുനിക ടെന്നീസില്‍ ചരിത്രം കുറിച്ച് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. ഇന്നു നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഫൈനലില്‍ കിരീടം ചൂടി ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോഡ് ജോക്കോവിച്ച് സ്വന്തമാക്കി. ഫൈനലില്‍ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡിനെയാണ് ജോക്കോവിച്ച് തുരത്തിയത്. എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കായിരുന്നു സെര്‍ബ് താരത്തിന്റെ ജയം. സ്‌കോര്‍ 7-6, 6-3, 7-5.

ഇതോടെ കരിയറിലെ 23-ാം ഗ്രാന്‍ഡ്സ്ലാം നേടിയാണ് ജോക്കോവിച്ച് ചരിത്രം കുറിച്ചത്. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കും മുമ്പ് 22 ഗ്രാന്‍ഡ്സ്ലാമുകളുമായി സ്പാനിഷ് ഇതിഹാസ താരം റാഫേല്‍ നദാലിനൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു ജോക്കോവിച്ച്. പരുക്കിനെത്തുടര്‍ന്ന് ഇക്കുറി നദാല്‍ വിട്ടുനിന്നപ്പോള്‍ അവസരം മുതലാക്കി സെര്‍ബിയന്‍ താരം റെക്കോഡ് സ്വന്തം പേരിലാക്കുകയായിരുന്നു.

കരിയറിലെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ജോക്കോവിച്ചിന് ഇത്. റോളണ്ട്ഗാരോസില്‍ ഇതിനു മുമ്പ് ആറു തവണ ഫൈനല്‍ കളിച്ചിട്ടുള്ള ജോക്കോവിച്ച് 2016-ലും 2021-ലുമാണ് കിരീടം ചൂടിയിട്ടുള്ളത്. ഇതിനു പുറമേ 10 തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും ഏഴു തവണ വിംബിള്‍ഡണും മൂന്നു തവണ യു.എസ്. ഓപ്പണും നേടിയിട്ടുണ്ട്.

ഇന്നു നടന്ന ഫൈനലില്‍ തുടക്കത്തില്‍ പതറിയ ശേഷമായിരുന്നു ജോക്കോവിച്ചിന്റെ കിരീട നേട്ടം. ആദ്യ സെറ്റില്‍ നോര്‍വീജിയന്‍ യുവതാരത്തിന്റെ വേഗതയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ലീഡ് കൈവിട്ട ശേഷം പിന്നീട് മികച്ച തിരിച്ചുവരവ് നടത്തി ടൈബ്രേക്കറില്‍ സെറ്റ് സ്വന്തമാക്കി.

ആ ആത്മവിശ്വാസം രണ്ടാം സെറ്റിലും ജോക്കോവിച്ച് പുറത്തെടുത്തപ്പോള്‍ റൂഡിന് മറുപടിയുണ്ടായില്ല. വെറും 40 മിനിറ്റിനുള്ള 6-3 എന്ന നിലയില്‍ രണ്ടാം സെറ്റ് സ്വന്തമാക്കിയ ജോക്കോവിച്ച് അനായാസം മത്സരം സ്വന്തമാക്കുമെന്നു പ്രതീക്ഷിച്ചു.

എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ മികച്ച പോരാട്ടം കാഴ്ചവച്ച റൂഡിനു പക്ഷേ ജോക്കോവിച്ചിന്റെ വിജയം വൈകിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ഒടുവില്‍ മൂന്നാം സെറ്റ് 7-5 എന്ന നിലയില്‍ സ്വന്തമാക്കി ജോക്കോവിച്ച് കിരീടവും റെക്കോഡും സ്വന്തം പേരിലാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in