ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാലും റെയ്ബാക്കിനയും ക്വിറ്റോവയും രണ്ടാം റൗണ്ടില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാലും റെയ്ബാക്കിനയും ക്വിറ്റോവയും രണ്ടാം റൗണ്ടില്‍

റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മൂന്നു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബ്രിട്ടീഷ് താരത്തിന്റെ എതിര്‍പ്പ് മറികടന്ന് നദാല്‍ ആദ്യ ജയം കുറിച്ചത്.

സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്നു നടന്ന ആദ്യ റൗണ്ട് പോരാട്ടത്തില്‍ ബ്രിട്ടീഷ് താരം ജാക്ക് ഡ്രേപ്പറിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു തോല്‍പിച്ചായിരുന്നു റാഫയുടെ മുന്നേറ്റം. സ്‌കോര്‍ 7-2, 2-6, 6-4, 6-1.

വനിതാ വിഭാഗത്തില്‍ കസാഖിസ്ഥാന്‍ താരം എലേന റെയ്ബാക്കിന, ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ, ബ്രിട്ടീഷ് താരം എമ്മ റാഡുകാനു എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്.

റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മൂന്നു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബ്രിട്ടീഷ് താരത്തിന്റെ എതിര്‍പ്പ് മറികടന്ന് നദാല്‍ ആദ്യ ജയം കുറിച്ചത്. തുടക്കം മുതല്‍ നദാലിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ 21-കാരനായ ഡ്രേപ്പര്‍ക്ക് കഴിഞ്ഞു. ആദ്യ 11 ഗെയിമുകളില്‍ ഒപ്പത്തിനൊപ്പം നിന്ന ശേഷമാണ് നദാല്‍ ആദ്യ സെറ്റ് സ്വന്തമാക്കുന്നത്.

എന്നാല്‍ വിട്ടുകൊടുക്കാതെ ഡ്രേപ്പറും പോരാടിയതോടെ രണ്ടാം സെറ്റില്‍ സ്പാനിഷ് താരത്തിന് കാലിടറി. പരിചയസമ്പന്നനായ എതിരാളിക്കെതിരേ മിന്നുന്ന ഫോര്‍ഹാന്‍ഡ് ഷോട്ടുകളും ഡ്രോപ് ഷോട്ടുകളുമായി ഡ്രേപ്പര്‍ കളം നിറഞ്ഞപ്പോള്‍ രണ്ടാം സെറ്റ് 6-2ന് ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നു.

എന്നാല്‍ പിന്നീട് തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുക്കുന്ന നദാലിനെയാണ് കണ്ടത്. മൂന്നാം സെറ്റില്‍ സ്പാനിഷ് താരത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ അല്‍പമെങ്കിലും ബ്രിട്ടീഷ് താരത്തിനു സാധിച്ചെങ്കിലും സെറ്റ് 6-4ന് നഷ്ടമായി. നാലാം സെറ്റില്‍ ഡ്രേപ്പറിന് ഒരവസരവും നല്‍കാതെയായിരുന്നു നദാലിന്റെ കുതിപ്പ്. 6-1ന് വെറും 40 മിനിറ്റിനുള്ളിലാണ് നാലാം സെറ്റ് സ്വന്തമാക്കി നദാല്‍ മത്സരം സ്വന്തം പേരിലെഴുതിയത്.

കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ വനിതാ കിരീടം നേടിയ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖിസ്ഥാന്‍ താരമായി മാറിയ റെയ്ബാക്കിന പുതിയ വര്‍ഷത്തിലും പ്രതീക്ഷയുള്ള തുടക്കമാണ് നേടിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്നു നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ഇറ്റാലിയന്‍ താരം എലിസബത്ത് കോസിയാരെറ്റോയെയാണ് റെയ്ബാക്കിന തോല്‍പിച്ചത്. സ്‌കോര്‍ 7-6, 6-3.

മറ്റു മത്സരങ്ങളില്‍ ബെല്‍ജിയന്‍ താരം അലിസണ്‍ വാന്‍യുറ്റ്വാങ്കിനെ തോല്‍പിച്ചാണ് ചെക്ക് റിപ്പബ്ലിക് താരം ക്വിറ്റോവ മുന്നേറിയത്. 7-6, 6-2 എന്ന സ്‌കോറിനായിരുന്നു ജയം. അതേസമയം ജര്‍മന്‍ താരം തമാര കോര്‍പാഷിനെതിരേ 6-3, 6-2 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു ജയിച്ചാണ് ബ്രിട്ടീഷ് താരം എമ്മ റാഡുകാനു രണ്ടാം റൗണ്ടില്‍ കടന്നത്.

logo
The Fourth
www.thefourthnews.in