ഫെഡററെ ചിരിപ്പിച്ചും കരയിപ്പിച്ചും വിംബിള്‍ഡണ്‍

ഫെഡററെ ചിരിപ്പിച്ചും കരയിപ്പിച്ചും വിംബിള്‍ഡണ്‍

വിംബിള്‍ഡണിൽ ഫെഡറർ ജേതാവായത് എട്ട് തവണ

ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് റോജർ ഫെഡറർ. 26 കൊല്ലം നീണ്ട കരിയറിൽ 1251 മത്സര വിജയങ്ങള്‍. 20 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം. എട്ട് തവണയും വിംബിള്‍ഡണിലെ സെന്റർകോർട്ടിൽ നിന്നാണ് കിരീടം. അത്രമേൽ പ്രണയമായിരുന്നു അദ്ദേഹത്തിന് ആ പച്ച പുൽകോർട്ടിനോട്. ഫെഡററുടെ ഉയർച്ചയും താഴ്ചയും ഒരു പോലെ കണ്ടിട്ടുണ്ട് വിംബിഡണ്‍ വേദി.

പതിനേഴാം വയസിൽ പ്രൊഫഷണൽ ടെന്നിസിലേക്ക് കടന്ന് വന്ന റോജർ ഫെഡറർ മൂന്ന് വർഷങ്ങൾക്ക് അപ്പുറം നടന്ന വിംബിഡണിലൂടെയാണ് രാജ്യാന്തര തലത്തിൽ ശ്രദ്ധ പിടിച്ച് പറ്റുന്നത്. അതിനോടകം ടെന്നീസ് വൃത്തങ്ങൾക്കുള്ളിൽ സംസാരമായ ആ നീളം മുടികാരനെ പറ്റി നാല് വട്ടം തുടർച്ചയായി വിംബിള്‍ഡണിൽ ജയിച്ച നിന്ന പീറ്റ് സാംപ്രസ് പറഞ്ഞത് വെറുതെ ആയില്ല. ആ കൊല്ലം സാംപ്രസിനെ തോൽപ്പിച്ച ഫെഡറർ ക്വാർട്ടർ ഫൈനലിൽ തോറ്റെങ്കിലും വിംബിള്‍ഡണിലെ കൂടുതൽ കിരീടങ്ങൾ എന്ന തന്‍റെ റെക്കോർഡ് മറികടക്കാൻ പോന്നവൻ ആണെന്ന ബോധ്യം അന്നേ സാംപ്രസ് തിരിച്ചറിഞ്ഞിരുന്നു.

"ഒരുപാട് യുവ കളിക്കാർ ടെന്നീസിലേക്ക് കടന്നുവരുന്നുണ്ട് പക്ഷെ റോജർ അവരിൽ നിന്ന് കുറച്ച് സ്പെഷ്യലാണ്" പീറ്റ് സാംപ്രസ്

തന്റെ ആരാധന പുരുഷനെ തോൽപിച്ച പ്രകടനത്തെ അവിശ്വസനീയം എന്നാണ് ഫെഡറർ അഭിപ്രായപ്പെട്ടത്. എന്നാൽ അടുത്ത വർഷം ബ്രിട്ടനിലേക്ക് വന്ന ഫെഡറർക്ക് അത്ര സുഖമുള്ള ഓർമ്മകളല്ല വിംബിള്‍ഡണ്‍ സമ്മാനിച്ചത്. ഏഴാം സീഡായി ടൂർണമെന്റിൽ കളിച്ച ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് 154ാം റാങ്കുകാരനായ മരിയോ ആൻസികിനോട് തോറ്റ് പുറത്തായി.

2003ലാണ് ആദ്യമായി ഫെഡറർ ഗ്രാൻഡ്സ്ലാം നേടുന്നത്. മാർക്ക് ഫിലിപ്പോസിസിനെ തോൽപ്പിച്ച് കൊണ്ട് ആദ്യമായി വിംബിള്‍ഡണ്‍ ഉയർത്തുമ്പോൾ ലോകത്തിന് മുന്നിൽ തന്റെ കഴിവുകളെ തെളിയിക്കുകയായിരുന്നു ഫെഡറർ. അതുവരെയുള്ള ഒറ്റ ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളുടെ അവസാന എട്ടിനപ്പുറത്തേക്ക് കടക്കാനായിരുന്നില്ല 21 വയസുകാരന്. വരുന്ന ഗ്രാൻഡ് സ്ലാമുകളിൽ നല്ല പ്രകടനം പുറത്തെടുക്കാൻ സ്വയമുള്ള മറുപടിയാണ് വിജയമെന്നാണ് ഫെഡറർ പിന്നീട് പറഞ്ഞത്. 2007 വരെ ഫെഡററുടെ വിജയഗാഥയാണ് പിന്നീട് വിംബിള്‍ഡണില്‍ മുഴങ്ങിയത്.

ഫെഡററും നദാലും
ഫെഡററും നദാലും

വിംബിള്‍ഡണ്‍ കണ്ട എക്കാലത്തെയും മികച്ച പോരാട്ടത്തിന് സെന്റർ കോർട്ട് സാക്ഷിയാകാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നൊള്ളു. അഞ്ച് വർഷം തുടർച്ചയായി കിരീടം നേടി വിജയസ്മിതം തൂകി നിന്ന ഫെഡററിന്റെ ചിരി മാഞ്ഞ ഫൈനലായിരുന്നു 2008ലേത്. കളിമൺ കോർട്ടിൽ മാത്രമേ വിജയിക്കാനാവു എന്ന വിമർശനത്തിന് മറുപടി തേടി വന്ന റാഫേൽ നദാലിന് മുന്നിൽ സ്വിസ് രാജകുമാരന് അടിപതറി. അഞ്ച് സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിൽ 6-4, 6-4, 6-7 (5/7), 6-7 (8/10), 9-7 എന്ന സ്കോറിനായിരുന്നു ഫെഡററിന്റെ തോൽവി.

2009 ഫെഡറർക്ക് വീണ്ടും മധുരം നൽകുന്നതായി വിംബിള്‍ഡണ്‍ വേദി. ആറാമത് വിംബിള്‍ഡണ്‍ കിരീടവും ഗ്രാൻഡ്സ്ലാം കണക്കിൽ പീറ്റ് സാംപ്രസിനെ മറികടന്നതും സെന്റർകോർട്ടിൽ വച്ചായിരുന്നു. അമേരിക്കയുടെ ആൻഡി റോഡിക്കിനെ 5-7, 7-6 (8/6), 7-6 (7/5), 3-6, 16-14 തോൽപ്പിച്ച് കൊണ്ടായിരുന്നു ഫെഡറർ കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന താരമെന്ന അന്നത്തെ റെക്കോർഡ് സ്ഥാപിച്ചത്.

പിന്നീട് 2012ലാണ് ഫെഡറർ വിംബിള്‍ഡണ്‍ ഫൈനലിൽ പ്രവേശിക്കുന്നത്. അന്നത്തെ മത്സരത്തിൽ 1936ന് ശേഷം ബ്രിട്ടീഷുകാരുടെ കിരീട സ്വപ്നങ്ങളുമായി വന്ന ആൻഡി മറയെ തോൽപ്പിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിലെ വിജയം വിംബിള്‍ഡണിലെ കൂടുതൽ കിരീടമെന്ന സാംപ്രസിന്റെ (7) നേട്ടത്തിന് ഒപ്പമെത്തിച്ചു ഫെഡററെ. അപ്പോഴേക്കും 17 ഗ്രാൻഡ്സ്ലാമെന്ന എണ്ണത്തിലേക്ക് കടന്ന ഫെഡറർ 286 ആഴ്ച ഒന്നാം റാങ്കിൽ തുടരുന്ന താരവുമായി.

രണ്ടാം റൗണ്ടിൽ തോറ്റ് മടങ്ങുന്ന ഫെഡറർ
രണ്ടാം റൗണ്ടിൽ തോറ്റ് മടങ്ങുന്ന ഫെഡറർ

2013ല്‍ വീണ്ടും ഫെഡറർ വിംബിള്‍ഡണില്‍ വീണു. യുക്രെയിന്റെ 116ാം റാങ്കുകാരൻ സെർജി സ്റ്റാഖോവ്സ്കിയാണ് രണ്ടാം റൗണ്ടിൽ ഫെഡററെ തോൽപ്പിച്ചത്. പതിനൊന്ന് കൊല്ലം മുൻപ് വിംബിള്‍ഡണില്‍ നിന്ന് പുറത്തായ ശേഷമുള്ള താരത്തിന്റെ ആദ്യ നേരത്തെയുള്ള പുറത്താക്കലായിരുന്നു അത്.

2017ലേത് സമ്പൂർണ വിജയമായിരുന്നു. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ നേടിയ ജയം ബ്യോൺ ബോർഗിന് ശേഷം ടെന്നിസിൽ ആദ്യമായിരുന്നു. മരിയൻ സിലിച്ചിനെ തോൽപ്പിച്ച ഫെഡറർ ഓപ്പൺ ഇറയില്‍ വിംബിള്‍ഡണ്‍ ജയിക്കുന്ന ഏറ്റവും പ്രായംചെന്ന പുരുഷ താരവും വിംബിള്‍ഡണ്‍ കിരീടം കൂടുതൽ തവണ (8) നേടുന്ന താരവുമായി അദ്ദേഹം.

ജോക്കോവിച്ചും ഫെഡററും
ജോക്കോവിച്ചും ഫെഡററും

രണ്ട് വർഷങ്ങക്ക് അപ്പുറം രണ്ട് ചാംപ്യൻഷിപ് പോയിന്റ് നഷ്ടപ്പെടുത്തി നൊവാക് ജോക്കോവിചിനോട് തോറ്റാണ് ഫെഡറർ അവസാനമായി സെന്റർ കോർട്ടിൽ ഫൈനൽ കളിച്ചത്. നാല് മണിക്കൂർ അമ്പത്തിയേഴ്‌ മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡറർ ജോക്കോവിച്ചിന് മുന്നിൽ വീണത്. "ഗാല്ലറി മുഴുവൻ റോജറിന് വേണ്ടി ആര്‍ത്ത്‌ വിളിച്ച് കൊണ്ടിരുന്നിടതിനിടയിൽ നൊവാക് എന്ന്‌ ഞാൻ കേട്ടു അത് അത്ര നിസാരമല്ല" വിജയത്തിന് ശേഷം ജോക്കോ പറഞ്ഞു. എന്നാൽ ഫെഡറർ കൂടുതൽ വൈകാരികമായാണ് പ്രതികരിച്ചത് "2008ലും മോശമല്ല ഈ തോൽവി, പക്ഷെ ഈ തോൽവി വേദനിപ്പിക്കുന്നു. വിംബിള്‍ഡണിലെ മറ്റ് തോൽവികൾ പോലെ". വിംബിള്‍ഡണ്‍ എന്നും അദ്ദേഹത്തിന്റെ ഇഷ്ട്ട വേദി ആയിരുന്നു.

logo
The Fourth
www.thefourthnews.in