ഓസ്‌ട്രേലിയൻ ഓപ്പൺ : വനിതാ ഫൈനലിൽ ബെലാറസ് കസാക്കിസ്ഥാൻ പോരാട്ടം

ഓസ്‌ട്രേലിയൻ ഓപ്പൺ : വനിതാ ഫൈനലിൽ ബെലാറസ് കസാക്കിസ്ഥാൻ പോരാട്ടം

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ബെലാറസ് താരം അരിന സബലെങ്ക കസാക്കിസ്ഥാൻ താരം എലീന റിബാക്കിനയെ നേരിടും

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഫൈനൽ ലൈൻ അപ്പായി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ബെലാറസ് താരം അരിന സബലെങ്ക കസാക്കിസ്ഥാൻ താരം എലീന റിബാക്കിനയെ നേരിടും. കഴിഞ്ഞ തവണത്തെ വിംബിൾഡൺ ജേതാവായ റിബാക്കിന രണ്ടാം സിംഗിൾസ് ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിടുമ്പോൾ സബലെങ്കയുടെ കന്നി ഫൈനലാണിത്.

ഇന്ന് നടന്ന ആദ്യ സെമിയിൽ വിക്ടോറിയ അസരെങ്കയെ തോൽപ്പിച്ചുകൊണ്ടാണ് റിബാക്കിന ഫൈനൽ ഉറപ്പിച്ചത്. ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ സെറ്റിൽ ടൈ ബ്രേക്കറിലായിരുന്നു റിബാക്കിനയുടെ ജയം. ആദ്യ സെറ്റിലെ ജയം നൽകിയ ആത്മവിശ്വാസത്തിൽ പൊരുതിയ റിബാക്കിന രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കി ഫൈനൽ ഉറപ്പിച്ചു. സ്കോർ 7-6 (4), 6-3. അവസാനം കളിച്ച മൂന്ന് ഗ്രാൻഡ് സ്ലാമുകളിലെ കസാക്കിസ്ഥാൻ താരത്തിന്റെ മൂന്നാം ഫൈനലാണ് ഓസ്‌ട്രേലിയൻ ഓപ്പണിലേത്. ലോക ഒന്നാംനമ്പർ ഇഗ സ്വിടെക്, 2017 ഫ്രഞ്ച് ഓപ്പൺ ജേതാവ് ജെസീന ഒസ്റ്റാപെങ്കോ, കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ് ഡാനിയേൽ കോളിൻസ് തുടങ്ങിയ തന്നെക്കാൾ ഉയർന്ന സീഡഡ് താരങ്ങളെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് 23കാരി എത്തുന്നത്.

അവസാനം കളിച്ച മൂന്ന് ഗ്രാൻഡ് സ്ലാമുകളിലെ കസാക്കിസ്ഥാൻ താരത്തിന്റെ മൂന്നാം ഫൈനലാണ് ഓസ്‌ട്രേലിയൻ ഓപ്പണിലേത്

രണ്ടാം സെമിയിൽ മഗ്ദ ലിനെറ്റിനെ തോൽപ്പിച്ചാണ് സബലെങ്ക ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സബലെങ്കയുടെ ജയവും. സ്കോർ 7-6 (1), 6-2. ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് സബലെങ്ക കലാശ പോരിന് യോഗ്യത നേടിയത്. ഇതോടെ സീസണിലെ റെക്കോർഡ് ഇരുപത് സെറ്റായി ഉയർത്താനും ബെലാറസ് താരത്തിന് സാധിച്ചു. സ്വിസ് താരം ബെലിൻഡ ബെൻസിച്ചിനെ നാലാം റൗണ്ടിൽ തോൽപ്പിച്ച സബലെങ്കയുടെ ക്വാർട്ടർ എതിരാളി ക്രൊയേഷ്യയുടെ ഡോണ വെകിച്ചായിരുന്നു. 2021 ഓസ്‌ട്രേലിയൻ ഓപ്പണിൽ ഡബിൾ‍സ്‌ ജേതാവായിട്ടുണ്ട് സബലെങ്ക.

logo
The Fourth
www.thefourthnews.in