റാഫേല്‍ നദാല്‍
റാഫേല്‍ നദാല്‍

കളി മതിയാക്കാൻ ഒരുങ്ങി നദാല്‍; ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമാണ് റാഫേല്‍ നദാല്‍

18 വര്‍ഷത്തിനിടെ ആദ്യമായി ഫ്രഞ്ച് ഓപ്പണില്‍ നിന്നും സ്‌പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ പിന്മാറി. ഇടുപ്പിന് പരുക്കേറ്റതിനാല്‍ തനിക്ക് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ നഷ്ടമാകുമെന്ന് താരം അറിയിച്ചു. 2005-ല്‍ റോളണ്ട് ഗാരോസില്‍ അരങ്ങേറ്റത്തില്‍ തന്നെ കിരീടമുയര്‍ത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. 2024-ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കുമെന്നും അദ്ദേഹം സൂചന നല്‍കി.

ജനുവരിയിലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഇടുപ്പിന് പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം മത്സരങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. റോളണ്ട് ഗാരോസില്‍ തിരിച്ചുവരവ് ആഗ്രഹിച്ചെങ്കിലും തന്റെ ഫിറ്റ്‌നസ് അതിന് സമ്മതിക്കുന്നില്ലെന്ന് നദാല്‍ പറഞ്ഞു. 22 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ അദ്ദേഹത്തിന് പരുക്ക് മൂലം ഈ വര്‍ഷത്തെ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കേണ്ടിവന്നു.

22 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ അദ്ദേഹത്തിന് പരുക്ക് മൂലം ഈ വര്‍ഷത്തെ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കേണ്ടിവന്നു

'' പാന്‍ഡമിക്കിന് ശേഷം എനിക്ക് പരിശീലനവും മത്സരങ്ങളും ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല, എനിക്ക് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ഞാന്‍ നിര്‍ത്തേണ്ടതുണ്ട്. കുറച്ച് കഴിഞ്ഞ് എല്ലാം അവസാനിപ്പിക്കാനാണ് എന്റെ തീരുമാനം. എനിക്ക് എപ്പോള്‍ പ്രാക്ടീസ് കോര്‍ട്ടിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന് എനിക്കറിയില്ല, ഒരുപക്ഷേ രണ്ട് മാസം, ചിലപ്പോള്‍ നാല് മാസം'' അദ്ദേഹം പറഞ്ഞു. താന്‍ ഇഷ്ടപ്പെടുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് നല്ല രീതിയില്‍ വിടവാങ്ങാനാണ് ആഗ്രഹമെന്നും 2024 ലെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി താന്‍ ആധിപത്യം പുലര്‍ത്തുന്ന കളിമണ്‍ കോര്‍ട്ടില്‍ 14 ഫ്രഞ്ച് ഓപ്പണ് കിരീടങ്ങളാണ് നദാല്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമാണ് നദാല്‍. 2022 ലെ ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയതിന് ശേഷം 'കിംഗ് ഓഫ് ക്ലേ' നദാല്‍ അഭൂതപൂര്‍വമായ 14-ാമത് ഫ്രഞ്ച് ഓപ്പണ്‍ ട്രോഫി ഉയര്‍ത്തി. അതോടെ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായമുള്ള താരം എന്ന നേട്ടവും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in