ഐ.ഒ.എ; ചരിത്രം തിരുത്തി ഉഷ

ഐ.ഒ.എ; ചരിത്രം തിരുത്തി ഉഷ

കേരളത്തിനെ സംബന്ധിച്ച് മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡൻറായതൊഴിച്ചാൽ ദേശീയ കായിക സംഘടനയുടെ തലപ്പത്ത് ഒരു വനിത വരുന്നതും ആദ്യം.

ദൊറാബ്ജി ടാറ്റായിൽ നിന്ന് 1928-ൽ ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനമേറ്റ മഹാരാജാ ഭുപീന്ദർ സിങ്ങിനു പകരക്കാരനായി ആ സ്ഥാനത്തേക്ക് എത്തിയ അദ്ദേഹത്തിൻ്റെ പുത്രൻ മഹാരാജാ യാദവീന്ദർ സിങ് ക്രിക്കറ്റ് കളിക്കാരനായിരുന്നു. പിന്നീട് നേതൃത്വത്തിൽ വന്ന മറ്റൊരു പുത്രൻ രാജാ ഭലീന്ദർ സിങ് അത് ലിറ്റായിരുന്നു. അടിയന്തരാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കായിക സംഘടനകളുടെമേൽ നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജിവച്ച കായിക പ്രേമിയാണ് രാജാ ഭലീന്ദർ സിങ്. ഭലീന്ദറിൻ്റെ പുത്രൻ ഒളിമ്പ്യൻ ഷൂട്ടർ രാജാ രൺധീർ സിങ് സെക്രട്ടറി ജനറൽ ആയിരുന്നു. ഇതിനപ്പുറം ഐ.ഒ.എയിൽ ഉന്നത സ്ഥാനം വഹിച്ചവർക്കാർക്കും  കായിക താരമെന്ന ലേബൽ ഇല്ല. ഈ ചരിത്രം മാറ്റിയെഴുതിയാണ് പി.ടി ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തലപ്പത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ സ്പോർട്സിൽ പുതുയുഗപ്പിറവിയാണിത്.

കായിക രംഗത്ത് രാജ്യാന്തര നേട്ടങ്ങൾ കൈവരിച്ചൊരാൾ പ്രസിഡൻ്റ് ആകുന്നത് ആദ്യം. ഒരു വനിത സാരഥ്യത്തിൽ വരുന്നതും ആദ്യം. കേരളത്തിനെ സംബന്ധിച്ച് മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡൻറായതൊഴിച്ചാൽ ദേശീയ കായിക സംഘടനയുടെ തലപ്പത്ത് ഒരു വനിത വരുന്നതും ആദ്യം. പ്രഫ. വി.ജെ.സെബാസ്റ്റ്യൻ (സെബാസ്റ്റ്യൻ ഇല്ലം), വി.ജി. ഗോവിന്ദൻ നായർ , കെ.മുരളീധരൻ രാജ, വി.എൻ. പ്രസൂദ്  എന്നിവർ ഐ.ഒ.എ. എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ മലയാളികളാണ്. ഇതിൽ പ്രസൂദ് 2018-ൽ മൽസരിച്ചു ജയിച്ചതാണ്. അതും 150-ൽ 91 വോട്ട് നേടി. മറ്റുള്ളവരൊക്കെ നാമനിർദേശം ചെയ്യപ്പെടുകയായിരുന്നു. പി.ടി.ഉഷയുടെ തിരഞ്ഞെടുപ്പ് ഇന്ത്യൻ കായിക രംഗത്തു മാത്രമല്ല കായിക കേരളത്തിലും മാറ്റങ്ങൾക്ക് ഇടയാക്കണം.

വെല്ലുവിളികൾ ബാക്കി

ഒളിമ്പിക് അസോസിയേഷനില്‍ പ്രസിഡൻ്റ്, സെക്രട്ടറി ജനറൽ എന്നിങ്ങനെ രണ്ട് അധികാര കേന്ദ്രങ്ങൾ ഇനിയുണ്ടാകില്ല. മാനേജ്മെൻ്റ് വൈദഗ്ദ്ധ്യമുള്ള സി.ഇ.ഒയാണ്  സെക്രട്ടറി ജനറലിനു പകരം. അത് ലറ്റിക്സ് കമ്മിഷൻ അധ്യക്ഷ എം.സി. മേരി കോമാണ്. മാത്രമല്ല അതുല്യ നേട്ടം കൈവരിച്ച എട്ടുപേരെ വോട്ടവകാശമുള്ള അത് ലറ്റിക്സ് കമ്മിഷൻ അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ ഉഷയ്ക്കു പുറമെ എം. എം . സോമയ്യ  , യോഗേശ്വർ ദത്ത് , സുമ ഷിരൂർ, രോഹിത് രാജ്പാൽ, അപർണ പോപ്പട്ട്, അഖിൽ കുമാർ, ഡോളാ ബാനർജി എന്നിവരാണ്. വോട്ടവകാശമുള്ള രണ്ട് ഒളിംപ്യൻമാർ പി.വി. സിന്ധുവും ഗഗൻ നരങ്ങുമാണ്.

സംസ്ഥാന ഒളിംപിക് അസോസിയേഷനുകൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടപ്പോള്‍ ഒളിംപിക്സ്  ഇനങ്ങളായ (ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ) സ്പോർട്സിൻ്റെ ദേശീയ സംഘടനാ ഭാരവാഹികൾക്ക് വോട്ടുണ്ട്. അതിൽ ഓരോ വോട്ട് പുരുഷനും സ്ത്രീക്കും വേർതിരിച്ചിട്ടുണ്ട്.

വനിതകളുടെ വൻ സാന്നിധ്യമായിരിക്കും ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ വരിക. ഇവരുടെ പിന്തുണ ഉഷയ്ക്ക് അനുഗ്രഹമാകും. രാജ്യാന്തര ഒളിംപിക് സമിതി അംഗമെന്ന നിലയിൽ നിതാ അംബാനിയാണ് വോട്ടവകാശമുള്ള മറ്റൊരാൾ. സർവോപരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച പിന്തുണ ഉഷയ്ക്കു ലഭിക്കും.

ദേശീയ സംഘടനകളിൽ വിരലിൽ എണ്ണാവുന്നതിൻ്റെ മാത്രം ഭരണമാണ് കായിക താരങ്ങൾക്കുള്ളത്. ഭൂരിപക്ഷം സംഘടനകളും  പഴയ താപ്പാനകളുടെയോ അവരുടെ ബെനാമികളുടെയോ  കൈകളിലാണ്. ഇവരെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഉഷ രക്ഷപ്പെടും.

പക്ഷേ, കായിക ഭരണ രംഗത്ത് താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനായിരിക്കും ഭാവിയിൽ കേന്ദ്ര സർക്കാർ ശ്രമിക്കുക.അതിൽ വനിതകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നുമുണ്ട്. വിപ്ളവകരമായ മാറ്റമെന്നു പറയാം. അത്തരമൊരു വിപ്ളവത്തിൽ നായികയാകാൻ കഴിയുക ഉഷയ്ക്ക് ചരിത്ര നിയോഗമാണ്. ഇന്ത്യക്കായി രാജ്യാന്തര മെഡൽ നേട്ടത്തിൽ സെഞ്ചുറി നേടിയ താരത്തിന് കൈവന്ന അംഗീകാരം.

പക്ഷേ, രാജ്യാന്തര കായിക വേദിയിൽ , പ്രത്യേകിച്ച് ഒളിംപിക്സിൽ പഴയ ഇന്ത്യയല്ല. പങ്കെടുക്കാൻ പോകുന്ന താരങ്ങളുടെ കഥ ഭൂതകാലത്തിൻ്റേതാണ്. മെഡൽ നേടാൻ പോകുന്നവരാണ് ഇപ്പോൾ ഉള്ളത്. ഇനി വരാൻ പോകുന്നവരും. അത്തരമൊരു കാലത്തെ ഇന്ത്യയെ നയിക്കാൻ ഇന്ത്യയുടെ ഒരേയൊരു ഉഷയ്ക്ക് കഴിയട്ടെ. 

logo
The Fourth
www.thefourthnews.in