ഗുസ്തി വിവാദം; മേല്‍നോട്ട സമിതിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് താരങ്ങള്‍

ഗുസ്തി വിവാദം; മേല്‍നോട്ട സമിതിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് താരങ്ങള്‍

എംസി മേരി കോമിന്റെ നേതൃത്വത്തിലുള്ള സമിതിക്കെതിരെയാണ് സാക്ഷിമാലിക്കും ബംജ്‌റംഗ് പുനിയയും ട്വിറ്ററില്‍ കുറിച്ചത്

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടത്തിപ്പിനായി കായികമന്ത്രാലയം നിയോഗിച്ച മേല്‍നോട്ട സമിതിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് താരങ്ങള്‍ രംഗത്ത്. എം.സി മേരി കോമിന്റെ നേതൃത്വത്തിലുള്ള സമിതിക്കെതിരെയാണ് സാക്ഷിമാലിക്കും ബംജ്‌രംഗ് പുനിയയും ട്വിറ്ററില്‍ കുറിച്ചത്. മേല്‍നോട്ട സമിതിയെ രൂപീകരിക്കുമ്പോള്‍ തങ്ങളോട് കൂടിയാലോചിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അഭിപ്രായം തേടാത്തതില്‍ നിരാശയുണ്ടെന്നും സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.

കായികമന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ തിങ്കളാഴ്ച്ചയാണ് അംഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചത്. ഗുസ്തി ഫെഡറേഷന്‍ മേധാവിയായിരുന്ന ബ്രിജ് ഭൂഷന്‍ ശരണ്‍സിങിനെതിരായ ലൈഗികാരോപണ പരാതി അന്വേഷിക്കാനും, ഗുസ്തി ഫെഡറേഷനെതിരെ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ പരാതികള്‍ വിലയിരുത്തി പരിഹാരം കണ്ടെത്താനുമാണ് സമിതിയെ നിയോഗിച്ചത്. അടുത്ത ഒരു മാസത്തിനുള്ളില്‍ പരാതിക്കാരുമായി സംസാരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെഡറേഷന്‍ മേധാവിക്കെതിരെ വിനേഷ് ഫോഗാട്ട് ലൈംഗികാരോപണ പരാതി ഉയര്‍ത്തിയതിന് പിന്നാലെ രാജ്യതലസ്ഥാനമായ ജന്തര്‍മന്തറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. വിജേന്ദര്‍ സിംഗ്, ബംജ്‌രംഗ് പുനിയ, സാക്ഷി മാലിക്,രവി ദാഹിയ, ദീപക് പൂനിയ എന്നിവരും പ്രകടനത്തിന്റെ ഭാഗമായിരുന്നു, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അതിനു പിന്നാലെ ഗുസ്തി സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in