റെക്കോഡിട്ട് യശസ്വി ജയ്‌സ്വാള്‍; ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 17-ാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാൻ

റെക്കോഡിട്ട് യശസ്വി ജയ്‌സ്വാള്‍; ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 17-ാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാൻ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമായിരുന്നു ജയ്‌സ്വാളിന്റെ ഓപ്പണിംഗ് ബാറ്റിംഗ്, ഇരുവരുടെയും കൂട്ടുകെട്ട് 229 റണ്ണുകളാണ് നേടിയത്

ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറും 17-ാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമായി യശസ്വി ജയ്‌സ്വാള്‍. തന്റെ സെഞ്ചുറി ഒരു തുടക്കം മാത്രമാണെന്ന് പറഞ്ഞ ജയ്‌സ്വാള്‍, ഭാവിയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് എന്റെ കരിയറിലെ ഒരു തുടക്കം മാത്രമാണ്. ഇവിടെ നിന്ന് എത്രദൂരം ഇത് കൊണ്ടുപോകാന്‍ സാധിക്കും എന്നതാണ് ഇനിയുള്ള എന്റെ പ്രയത്‌നം' എന്നായിരുന്നു ജയ്‌സ്വാളിന്റെ വാക്കുകള്‍.

ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിവസം തന്റെ ആദ്യ സെഞ്ചുറി നേടുകയും ദിനം അവസാനിക്കുമ്പോള്‍ 141 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയുമാണ് യശ്വസി. ഈ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 143 റണ്‍സിന്റെ ശക്തമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമായിരുന്നു ജയ്‌സ്വാളിന്റെ ഓപ്പണിംഗ് ബാറ്റിംഗ്. ഇരുവരുടെയും കൂട്ടുകെട്ട് 229 റണ്ണുകളാണ് മാച്ചില്‍ നേടിയത്.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടികെട്ടെന്ന റെക്കോഡാണ് ഇതിലൂടെ രോഹിതും ജയസ്വാളും സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തില്‍ 215 ബോളില്‍ നിന്നാണ് ജയ്‌സ്വാള്‍ സെഞ്ചുറി നേടിയത്. 2006ലെ ഗ്രോസാ ഐസ്ലെറ്റ് ടെസ്റ്റില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ വീരേന്ദര്‍ സെവാഗിന്റെയും വസിം ജാഫറിന്റെയും 159 റണ്ണിന്റെ റെക്കോഡാണ് ഇതിലൂടെ ഇരുവരും മറികടന്നിരിക്കുന്നത്.

അണ്ടര്‍ 19 ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവച്ച ജയസ്വാള്‍ 2023 സീസണില്‍ കന്നി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ബാറ്റ്‌സ്മാനായി മാറിയിരിക്കുകയാണ്. കെ എല്‍ രാഹുലിന് പരിക്കേറ്റതോടെ, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ജയസ്വാളിനെ തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ജയ്‌സ്വാളിന് ഇന്നിംഗ്‌സ് ഓപ്പണ് ചെയ്യാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് തനിക്ക് ലഭിച്ച അവസരം തെല്ലും തന്നെ നഷ്ടപ്പെടുത്താതെ റണ്ണുകള്‍ അടിച്ച് കൂട്ടുകയായിരുന്നു. 143 റണ്ണെടുത്ത് പുറത്താകാതെ നിന്ന ജയ്‌സ്വാള്‍ സൗരവ് ഗാംഗുലിയെ മറികടന്ന് ഏഷ്യയ്ക്ക് പുറമെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറി.

തന്റെ പ്രകടനത്തിനു മികച്ച പിന്തുണ നല്‍കിയ നായകന്‍ രോഹിത് ശര്‍മയ്ക്ക് താരം നന്ദി പറയുകയും ചെയ്തു. 'ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലായ്‌പ്പോഴും എവിടെ നിന്നാണ് എനിക്ക് റണ്‍സ് ലഭിക്കുക എന്നും, ബോളേഴ്‌സിനെ എങ്ങനെ പിന്തുടരമാമെന്നും എല്ലാം അദ്ദേഹം എന്നോട് പറഞ്ഞ് കൊണ്ടേയിരുന്നു. മാച്ചുകള്‍ക്ക് മുമ്പായും ഞങ്ങള്‍ ചര്‍ച്ചകള്‍ ചെയ്യുമായിരുന്നു. 'നീ അത് ചെയ്‌തേ തീരൂ, നിനക്ക് മാത്രമെ ചെയ്യാന്‍ സാധിക്കുക' എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നുവെന്നും ജയ്‌സ്വാള്‍ പറയുന്നു. ഈ മാച്ചില്‍ നിന്ന് താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്നും, ഇനിയും അത് തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുതായും അ്‌ദ്ദേഹം കൂട്ടിചേര്‍ത്തു.

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ശ്രദ്ധേയമായ റെക്കോഡാണ് ജയ്‌സ്വാളിനുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില് 80.21 ശരാശരിയില് 1845 റണ്‍സാണ് താരം നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 32 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്.

163.61 സ്‌ട്രെക്ക് റേറ്റില്‍ 625 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ 2023 ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ താരമായി മാറി. തന്റെ മാനസിക തയ്യാറെടുപ്പും ശാരീരികക്ഷമതയുമാണ് ഇതിന് കാരണമെന്നാണ് ജയസ്വാള്‍ പറയുന്നത്. തന്റെ നേട്ടങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് നന്ദി പറയാനും ജയസ്വാള്‍ മറന്നില്ല.

logo
The Fourth
www.thefourthnews.in