പാനി പൂരി വിറ്റു നടന്ന യശ്വസി ജയ്‌സ്വാള്‍ : ഇന്ന് ഐപിഎല്ലിലെ വിലയേറിയ താരം

പാനി പൂരി വിറ്റു നടന്ന യശ്വസി ജയ്‌സ്വാള്‍ : ഇന്ന് ഐപിഎല്ലിലെ വിലയേറിയ താരം

തെരുവിൽ ഭക്ഷണം വിറ്റും, ടെന്റുകളിൽ താമസിച്ചും നടന്ന ഒരു കാലമുണ്ട് ഈ താരത്തിന്

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ബാറ്റിങിൽ വെടിക്കെട്ട് തീർത്ത രാജസ്ഥാന്‍ റോയല്‍സിന്റെ യശ്വസി ജയ്‌സ്വാള്‍ എന്ന യുവതാരത്തെ എല്ലാവർക്കും ഓർമ്മ കാണും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലായിരുന്നു രാജസ്ഥാൻ വമ്പൻ വിജയം കൊയ്തത്. സെഞ്ചുറിയിലൂടെ സ്‌കോർ മഴ തീർത്ത ജയ്‌സ്വാളായിരുന്നു രാജസ്ഥാന്‍ റോയൽസിന്റെ നട്ടെല്ലായത്. ഐപിഎല്ലിലെ കന്നി സെഞ്ചുറി കൂടിയായിരുന്നു ജയ്‌സ്വാളിന്റേത്. ഇടം കയ്യനായ ഈ യുവതാരത്തിന്റെ കന്നി ഐപിഎൽ സെഞ്ചുറി നിലവിലെ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ മാത്രമല്ല. എന്നാൽ പ്രീമിയർ ലീഗിന്റെ 2023 ബാറ്റിംഗ് റാങ്കിംഗിൽ അത് അദ്ദേഹത്തെ ഒന്നാമതെത്തിക്കുകയും ചെയ്തു.

എന്നാൽ ക്രിക്കറ്റിന്റെ വഴിയിലേക്കെത്തുന്നതിന് മുൻപ് ജയ്‌സ്വാൾ കടന്നു വന്ന വഴികൾ ആർക്കും പരിചിതമായിരിക്കില്ല. തെരുവിൽ ഭക്ഷണം വിറ്റും, ടെന്റുകളിൽ താമസിച്ചും നടന്ന ഒരു കാലമുണ്ട് ഈ താരത്തിന്. നിശ്ചയ ദാർഢ്യം കൊണ്ടും, കഠിന പരിശ്രമം കൊണ്ടും ക്രിക്കറ്റ് എന്ന സ്വപ്നം സഫലമാക്കാനായി നടന്ന ജയ്‌സ്വാളിലൂടെ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ യശസ്സ് ഉയർത്തപ്പെട്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ജയ്‌സ്വാൾ ചെറിയ കുട്ടി ആയിരിക്കെ തന്നെ മുംബൈ നഗരത്തിലേയ്ക്ക് കുടിയേറി. തന്റെ പതിനൊന്നാം വയസിൽ മാതാപിതാക്കൾ ഒപ്പമില്ലാതെയാണ് ആ ബാലൻ മുംബൈ നഗരത്തിൽ എത്തിപ്പെടുന്നത്.

അമ്മാവന്റെ സ്ഥലത്തുള്ള കാലിത്തൊഴുത്തിലായിരുന്നു ആ കാലങ്ങളിൽ ഉറങ്ങിയതെന്നും എന്നാൽ അവിടെ സ്ഥലമില്ലാതിരുന്നതിനാൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറി താമസിക്കാൻ അമ്മാവൻ ആവശ്യപ്പെട്ടതായും ഒരിക്കൽ താരം വ്യക്തമാക്കിയിരുന്നു. അതിനു ശേഷം ആസാദ് മൈതാനത്തിനടുത്തുള്ള ഒരു ടെന്റിലായിരുന്നു യശ്വസിയുടെ താമസം. പകൽ സമയത്ത് മുംബൈയിലെ സ്പോർട്സ് ഗ്രൗണ്ടിൽ ആയിരുന്നു ആ യുവാവ് ക്രിക്കറ്റ് കളിച്ചിരുന്നത്. ഭക്ഷണത്തിനുള്ള പണം കണ്ടെത്താനായി രാത്രിയിൽ പാനി പൂരി വിറ്റും നടന്നു.

മുംബൈയുടെ സംസ്ഥാന ടീമിൽ 2019-ലാണ് ജയ്‌സ്വാൾ ഇടം നേടുന്നത്. 17 വയസും 292 ദിവസവുമായി ആഭ്യന്തര ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനായി ജയ്‌സ്വാൾ മാറി. ടി20 ടൂർണമെന്റിന്റെ 2019 വർഷം നടന്ന ലേലത്തിൽ 338,000 ഡോളറിന് രാജസ്ഥാൻ റോയൽസ് ഈ യുവതാരത്തെ സ്വന്തമാക്കിയതാണ് ജയ്‌സ്വാളിന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവിന് കാരണമായത്. 2020 ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ മുൻനിര സ്‌കോററും 2020ലെ അണ്ടർ 19 ലോകകപ്പിലെ ടൂർണമെന്റിലെ കളിക്കാരനുമായിരുന്നു ജയ്‌സ്വാൾ. ജയ്‌സ്വാളിന്റെ ആദ്യ മൂന്ന് ഐപിഎല്ലും സാധാരണമായിട്ടാണ് കടന്നു പോയത്. എന്നാൽ ഈ വർഷം ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റനായ ജോസ് ബട്ലറുമായുള്ള കൂട്ടുകെട്ടിൽ മിന്നുന്ന പ്രകടനമായിരുന്നു ജയ്‌സ്വാൾ കാഴ്ച വച്ചത്.

'യശസ്വിയിൽ എന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെയാണ് ഞാൻ കണ്ടത്. എന്റെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ നന്നായി കളിക്കാനായി ദൈവം എനിക്ക് മറ്റൊരു അവസരം നൽകിയതായിട്ടാണ് എനിക്ക് അപ്പോൾ തോന്നിയത്',പരിശീലകൻ ജ്വാല സിങ്ങ് മാധ്യമങ്ങളോട് വ്യക്തമാക്കി. 'വലിയ കാര്യങ്ങൾ ചെയ്യാനായി വിധിക്കപ്പെട്ടയാളാണ് ജയ്‌സ്വാൾ എന്ന് തോന്നുന്നു', മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് അയാസ് മേമൻ ട്വീറ്റ് ചെയ്തു. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച സെഞ്ചുറിയെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ഈ ഇന്നിംഗ്‌സിനെ വിശേഷിപ്പിച്ചത്.

logo
The Fourth
www.thefourthnews.in