അലക്സയ്ക്ക് 5 വയസ്; ഇന്ത്യയിൽ  ഇനി മുതൽ പുരുഷ ശബ്ദത്തിലും

അലക്സയ്ക്ക് 5 വയസ്; ഇന്ത്യയിൽ ഇനി മുതൽ പുരുഷ ശബ്ദത്തിലും

സ്ത്രീ ശബ്ദവും പുരുഷ ശബ്ദവും ഇഷ്ടാനുസരണം മാറ്റി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ മാറ്റം

ആമസോണിന്റെ ശബ്ദ സഹായി അലക്‌സ ഇന്ത്യയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. അഞ്ചാം വാര്‍ഷികത്തില്‍ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇതാദ്യമായി അലക്‌സയുടെ ഒറിജിനൽ ശബ്ദത്തിനൊപ്പം തന്നെ പുരുഷ ശബ്ദവും കൂടെ ലഭ്യമാകും എന്ന് അറിയിച്ചിരിക്കുകയാണ് ആമസോൺ. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇതുവരെ ആമസോണിന്റെ ഈ ശബ്ദ സഹായിയെ സ്വന്തമാക്കിയതെന്നും ആമസോണ്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഇത് ആദ്യമായയാണ് അലക്‌സയുടെ പുരുഷ ശബ്ദത്തിലുള്ള വേര്‍ഷര്‍ പുറത്തിറക്കുന്നത്. സ്ത്രീ ശബ്ദവും പുരുഷ ശബ്ദവും ഇഷ്ടാനുസരണം മാറ്റി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ മാറ്റം. പുതിയ ശബ്ദത്തിന് ഇംഗ്ലീഷിലും ഹിന്ദിയിലും പ്രതികരിക്കാനാകും. ഉപയോക്താക്കൾക്ക് "Alexa, change your voice" എന്ന് പറഞ്ഞുകൊണ്ടോ, അല്ലെങ്കിൽ Alexa ആപ്പിൽ നിന്ന് വ്യക്തിഗത ഉപകരണ ക്രമീകരണത്തിലേക്ക് പോയി അലക്‌സയുടെ ശബ്ദം തിരഞ്ഞെടുത്തും ശബ്ദം മാറ്റാനാകും.

ഇന്ത്യയിൽ എട്ട് ബ്രാൻഡുകൾ 13 ഉപകരണങ്ങളിൽ അലക്സയെ ഉപയോഗിക്കുന്നുണ്ട്. 2022-ൽ, ആമസോൺ പ്രൈം മ്യൂസിക്, സ്‌പോട്ടിഫൈ, ജിയോ സാവൻ, ആപ്പിൾ മ്യൂസിക് എന്നിവയിൽ സംഗീതത്തിനായി അലക്‌സയോട് അഭ്യർഥിക്കുന്ന ഉപഭോക്താക്കൾ ഏകദേശം 53 ശതമാനം വർധിച്ചു. എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍, ആമസോണ്‍ ഷോപ്പിങ് ആപ്പ്, ഫയര്‍ ടിവി, എന്നീ ബ്രാന്‍ഡുകളില്‍ അലക്‌സ എനേബിള്‍ ചെയ്തതിലൂടെ അലക്സയുടെ ഉപയോഗം 2021നെ അപേക്ഷിച്ച് 37 ശതമാനം വര്‍ധിച്ചതായും ആമസോണ്‍ വ്യക്തമാക്കി. രാജ്യത്തുടനീളം അലക്‌സ എന്നത് ഒരു വീട്ടുപകരണമായി മാറി കഴിഞ്ഞെന്നാണ് വിലയിരുത്തൽ.

ഗൂഗിൾ അസിസ്റ്റന്റ്, ആപ്പിൾ സിരി ഡിജിറ്റൽ അസിസ്റ്റന്റ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, ആമസോൺ ഉപഭോക്താക്കൾക്ക് ഉത്പ്പാദനപരവും വിനോദ കേന്ദ്രീകൃതവുമായ വിശാലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ആമസോണിന്റെ അലക്‌സയ്ക്ക് ഇപ്പോൾ ഇംഗ്ലീഷ് (ഇന്ത്യൻ ഉച്ചാരണത്തോടെ), ഹിന്ദിയും ഹിംഗ്ലീഷും (ഇംഗ്ലീഷും ഹിന്ദിയും കല‍ർന്ന) മനസിലാക്കാൻ കഴിയും. 80 രാജ്യങ്ങളിൽ ലഭ്യമായ അലക്സ നിലവിൽ 14 ഭാഷകൾ സംസാരിക്കും. ഇന്ത്യയെ വളരുന്ന വിപണിയായാണ് ആമസോൺ കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in