ആപ്പിളിന് തുണയായി ഇന്ത്യന്‍ വിപണി; 394 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധന

ആപ്പിളിന് തുണയായി ഇന്ത്യന്‍ വിപണി; 394 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധന

സെപ്റ്റംബറില്‍ മാത്രം കമ്പനിയുടെ വരുമാനത്തില്‍ 90 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധന

സമീപകാലത്ത് ആപ്പിള്‍ കമ്പനിയുടെ വരുമാനത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധനയ്ക്ക് കാരണം ഇന്ത്യന്‍ വിപണിയാണെന്ന് സിഇഒ ടിം കുക്ക്. ഇന്ത്യയിൽ ഐഫോൺ നിർമാണം സജീവമാക്കിയതിന് ശേഷമാണ് ആപ്പിള്‍ വലിയ നേട്ടം സ്വന്തമാക്കിയത്. സെപ്റ്റംബറില്‍ മാത്രം കമ്പനിയുടെ വരുമാനത്തില്‍ 90 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി. ഇന്ത്യയ്ക്ക് പുറമെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വടക്ക്-കിഴക്കന്‍ ഏഷ്യന്‍ വിപണികളിലും ഇരട്ടി വളര്‍ച്ചയാണ് കമ്പനിയുണ്ടാക്കിയതെന്നും ടിം കുക്ക് വ്യക്തമാക്കി.

ആപ്പിളിന്റെ നാലാംപാദ വരുമാനമായ 90.1 ബില്യണ്‍ ഡോളര്‍ വര്‍ഷാവര്‍ഷം 8 ശതമാനമായി വര്‍ധിച്ചു, അതേസമയം 394.3 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അത്ര തന്നെ ഉയര്‍ന്നു. ഇന്ത്യ എക്കാലത്തെയും ഉയര്‍ന്ന വരുമാന റെക്കോര്‍ഡ് സ്ഥാപിച്ചെന്ന് ആപ്പിള്‍ സിഎഫ്ഒ ലൂക്കാ മേസ്ട്രി പറഞ്ഞു. തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലും വാര്‍ഷികാടിസ്ഥാനത്തില്‍ ആപ്പിളിന്റെ വരുമാനം ഇരട്ടിയിലേറെ വര്‍ധിച്ചു. പ്രാദേശിക കറന്‍സിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വളര്‍ച്ചാ നിരക്ക് ഇതിലും കൂടുതലാണ്. ലോകമെമ്പാടുമുള്ള പല വിപണികളിലും മികച്ച നേട്ടമുണ്ടാക്കാനായെന്നും കമ്പനി അവകാശപ്പെട്ടു.

മൂന്നാം പാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയിലെ ദുര്‍ബലമായ ഡിമാന്‍ഡ് പ്രതിവര്‍ഷം 9 ശതമാനം ഇടിവിന് കാരണമായതായി ഗവേഷണ സ്ഥാപനമായ കനാലിസ് പറയുന്നു. എന്നാല്‍ 8 ശതമാനം വളര്‍ച്ച നേടിയ ഒരേയൊരു മുന്‍നിര സ്ഥാപനം ആപ്പിള്‍ മാത്രമായിരുന്നു. പക്ഷെ കണക്കുകള്‍ പ്രകാരം സാംസങ് മൊത്തത്തിലുള്ള വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി കനാലിസ് റിസര്‍ച്ച് അനലിസ്റ്റ് പറഞ്ഞു.ഐഫോണ്‍ 13 ഉം പുതുതായി ആരംഭിച്ച ഐഫോണ്‍ 14 സീരീസിനും ലഭിച്ച സ്വീകാര്യത ആപ്പിളിന്റെ മൂന്നാം പാദത്തിലെ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതത്തിലെത്തിക്കാന്‍ കാരണമായി. ഐഫോണ്‍ 14 പ്രോയുടെയും പ്രോ മാക്സിന്റെയും ജനപ്രീതി ആപ്പിളിന് ഉയര്‍ന്ന എഎസ്പിക്കും (ശരാശരി വില്‍പ്പന വില) സ്ഥിരമായ വരുമാനത്തിനും കാരണമാകും.

logo
The Fourth
www.thefourthnews.in