ആപ്പ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായി ബിജിഎംഐ; വീണ്ടും നിരോധനം?
പബ്ജിയുടെ റീബ്രാന്‍ഡഡ് പതിപ്പായ ബാറ്റില്‍ഗൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഗെയിം ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പത്ത് കോടിയോളം സ്ബ്സ്‌ക്രൈബേഴ്‌സുള്ള ഗെയിമാണ് ബാറ്റില്‍ഗ്രൌണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന ബിജിഎംഐ. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020ല്‍ കേന്ദ്രസര്‍ക്കാര്‍ പബ്ജി നിരോധിച്ചതിന് ശേഷം അതിന്റെ രൂപമാറ്റം വരുത്തിയ പതിപ്പായിരുന്നു ബിജിഎംഐ.
ബിജിഎംഐ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്ന ആരോപണം രാജ്യസഭയിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടികള്‍. ഗെയിമിന്റെ സ്വാധീനത്തില്‍ ലഖ്‌നൗവിൽ ഒരു കുട്ടി അമ്മയെ കൊലപ്പെടുത്തി എന്ന വാർത്തകള്‍ക്ക് പിന്നാലെയായിരുന്നു രാജ്യസഭയിൽ ചർച്ച നടന്നത്. ഗെയിമുകൾ അമിതമായി സ്വാധീനിക്കപ്പെട്ട കുട്ടികളെ കുറിച്ചും ഗെയിമിന് അടിമയായി കുറ്റകൃത്യം ചെയ്ത സംഭവങ്ങളെ കുറിച്ചും അന്വേഷണം നടത്തി വരികയാണ് എന്നും ജൂലൈ 22ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. 2020ൽ പബ്ജി ഇന്ത്യയിൽ നിരോധിച്ചത് സമാനമായ പശ്ചാത്തലത്തില്‍ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ബിജിഎംഐയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസർക്കാര്‍ തലത്തില്‍ നിന്നും തന്നെ ഇത്തരം പ്രതികരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നിരോധനം ആയിരിക്കും ഇപ്പോൾ നടന്നത് എന്ന നിഗമനത്തിലാണ് ഗെയിമിങ് ലോകം.
ഐടി ആക്ട് സെക്ഷൻ 69 എ പ്രകാരം ബിജിഎംഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും നേരത്തെ പരാതി ലഭിച്ചിരുന്നു. ബിജിഎംഐയുടെ ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ബിജിഎംഐയുടെ ഉടമസ്ഥരായ ക്രാഫ്റ്റൺ ചൈനയിലെ പ്രമുഖ ഇന്റർനെറ്റ് കമ്പനിയായ ടെൻസെന്റ് ഹോൾഡിംഗ്സിന്റെ കമ്പനി തന്നെയാണ് എന്നും ക്രാഫ്റ്റണിന്റെ 15.5% ഓഹരികൾ സ്വന്തമാക്കിയിട്ടുള്ള രണ്ടാമത്തെ വലിയ ഓഹരി ഉടമയാണ് ടെൻസെന്റ് എന്നുമായിരുന്നു ആക്ഷേപം.
ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ബിജിഎംഐ ഗെയിം നിരോധിച്ചതിന്റെ യഥാർത്ഥ കാരണം ഐടി മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ വളരെ ജനപ്രിയമായ ഗെയിമായിരുന്ന ബിജിഎംഐ രാജ്യത്തെ മികച്ച 10 ഗെയിമിങ് ആപ്പുകളിൽ ഒന്നുമായിരുന്നു.
രാജ്യത്ത് ബിജിഎംഐ ഗെയിമിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം പത്ത് കോടി കടന്നതായി ഈ മാസമാണ് ക്രാഫ്റ്റൺ അറിയിച്ചത്. പബ്ജിയെ കൂടാത നിരവധി ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ പലപ്പോഴായി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ ആപ്പുകളെല്ലാം മറ്റ് പേരുകളിൽ മൊബൈലിലെ പ്ലേ സ്റ്റോറുകളിൽ പ്രത്യക്ഷപ്പെടുന്നതായി വ്യാപകമായി പരാതിയും ഉയർന്നിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് ചുമതല നൽകിയിട്ടുണ്ട് എന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും എന്തുകൊണ്ടാണ് ബിജിഎംഐ നീക്കം ചെയ്യപ്പെട്ടതെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് ഗെയിമിങ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇന്റർനെറ്റ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടപ്പോഴും സ്മാർട്ട്ഫോണുകളിൽ നേരത്തെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഗെയിം കളിക്കുന്നതിൽ നിലവിൽ തടസങ്ങളൊന്നും ഇല്ലെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. എന്നാൽ അൺഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ ഗെയിം വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല.
ബിജിഎംഐ എന്ന പേരിൽ ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ചൈന ആസ്ഥാനമായുള്ള ടെൻസെന്റുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നാണ് ഗെയിം നിർമ്മാതാവായ ക്രാഫ്റ്റൺ പറഞ്ഞിരുന്നത്. മാത്രമല്ല ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാക്കുമെന്നും ക്രാഫ്റ്റൺ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജിഎംഐ ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാക്കാൻ ക്രാഫ്റ്റൺ മൈക്രോസോഫ്റ്റ് അസൂറുമായി കരാറിലെത്തുകയും ചെയ്തിരുന്നു.