വീഡിയോ, ഓഡിയോ കോൾ ഫീച്ചറുകൾ ഇനി എക്സിലും ലഭ്യമാക്കും;  ഇലോണ്‍ മസ്‌ക്

വീഡിയോ, ഓഡിയോ കോൾ ഫീച്ചറുകൾ ഇനി എക്സിലും ലഭ്യമാക്കും; ഇലോണ്‍ മസ്‌ക്

പുതിയ ഫീച്ചര്‍ ബ്ലൂ വരിക്കാര്‍ക്ക് മാത്രമാണോ ലഭ്യമാകുക, അതോ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാനുള്ള പുതിയ ഫീച്ചറുമായി എക്‌സ്. ഇലോണ്‍ മസ്‌കാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. പുതിയ ഫീച്ചര്‍ ആഡ്രോയിഡ്, ഐഫോണ്‍, മാക്, പേഴ്‌സണല്‍ കംമ്പ്യൂട്ടറുകളിലെല്ലാം ലഭ്യമാവുന്നതാണ്. ഒരാള്‍ക്ക് മറ്റൊരാളുടെ ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ അവരെ വിളിക്കാന്‍ സാധിക്കും. ഏറ്റവും കാര്യക്ഷമമായ ഗ്ലോബല്‍ അഡ്രസ് ബുക്കാണെന്നും മസ്‌ക് പോസ്റ്റില്‍ പറയുന്നു.

മസ്‌കിന് പിന്നാലെ ട്വിറ്റര്‍ ഡിസൈനറായ ആന്‍ഡ്രിയ കോണ്‍വേ യുഐ ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകളുടെ സ്‌നിപ്പറ്റുകള്‍ പങ്കുവച്ചിരുന്നു. ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് ആപ്ലിക്കേഷനുകളുമായി വളരെ സാമ്യമുള്ളതാണ് എക്‌സിന്റെ ഇന്റര്‍ഫേസ്.

ഡിഎം വിഭാഗത്തില്‍ നിന്ന് ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോള്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താവിന് ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ പുതിയ ഫീച്ചര്‍ ബ്ലൂ വരിക്കാര്‍ക്ക് മാത്രമാണോ ലഭ്യമാകുക, അതോ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക്, കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനായി വലിയ മാറ്റങ്ങളാണ് പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നിരിക്കുന്നത്. പ്രസാധകർക്ക് ലേഖനങ്ങളിൽ നിന്ന് പണം ലഭിക്കുന്നതിലുൾപ്പെടെ ഉള്ളടക്കങ്ങളിൽ വരുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഉള്ളടക്ക സൃഷ്‌ടാക്കളുമായി പങ്ക് വെക്കുന്നതുൾപ്പെടെയുള്ള പുതിയ നീക്കങ്ങളും എക്സ് മുന്നോട്ട് വച്ചിരുന്നു.

logo
The Fourth
www.thefourthnews.in