പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉപയോക്തൃ വിവര കൈമാറ്റം; മെറ്റയ്ക്ക് 130 കോടി ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

2021-ൽ ആമസോണിന് 746 ദശലക്ഷം യൂറോ യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയിരുന്നു

ഉപയോക്തൃ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴ ചുമത്തി അയര്‍ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണർ. യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും ഉപയോക്തൃ ഡാറ്റ അമേരിക്കയിലേക്ക് കൈമാറിയതിനുമാണ് നടപടി. ഫേസ്ബുക്ക് ഡാറ്റാ കൈമാറ്റം നിർത്തിവയ്ക്കാൻ മെറ്റയ്ക്ക് അഞ്ച് മാസത്തെ സമയം നൽകിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു.

ഫേസ്ബുക്ക് ഉപയോക്തൃ വിവരങ്ങള്‍ കൈമാറുന്നതിന്റെ അപകട സാധ്യതകള്‍ ചൂണ്ടികാട്ടി ഓസ്ട്രിയന്‍ പൗരനായ മാക്‌സ് ഷ്രെംസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി. ഡാറ്റാ കൈമാറ്റം വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ പറഞ്ഞു. അതേസമയം, മെറ്റയുടെ മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് എന്നിവയിലെ ഡാറ്റാ കൈമാറ്റത്തെ വിധി ബാധിക്കില്ല. യൂറോപ്യൻ യൂണിയൻ യൂസർ ഡാറ്റ അമേരിക്കയിലേക്ക് കൈമാറുന്നത് തുടരുന്നതിലൂടെ 2018 ല്‍ നിലവില്‍ വന്ന ജിഡിപിആര്‍ നിയമങ്ങള്‍ മെറ്റ ലംഘിച്ചുവെന്ന് ഡിപിസി പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി അമേരിക്കയിലേക്ക് കൈമാറാന്‍ സഹായിക്കുന്ന ഒരു പുതിയ ഉടമ്പടി പ്രതീക്ഷിക്കുന്നതായി മെറ്റ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2013-ൽ, മുൻ അമേരിക്കൻ നാഷണൽ സെക്യൂരിറ്റി ഏജൻസി കോൺട്രാക്ടർ എഡ്വേർഡ് സ്നോഡൻ, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ സാങ്കേതിക കമ്പനികൾ വഴി അമേരിക്കൻ അധികാരികൾ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ചോ‍ർത്തുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതേതുട‍ർന്നാണ് യൂറോപ്യൻ യൂണിയൻ ഡാറ്റ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യുന്നതിന്റെ നിയമസാധുതയെച്ചൊല്ലി മാക്‌സ് ഷ്രെംസ് ഒരു പതിറ്റാണ്ട് നീണ്ട പോരാട്ടത്തിന് തുടക്കമിട്ടത്. തുടർന്ന് യൂറോപിലെ പരമോന്നത കോടതി യൂറോപ്യൻ യൂണിയൻ- യുഎസ് ഡാറ്റ കൈമാറ്റ കരാർ അവസാനിപ്പിക്കണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നായിരുന്നു മെറ്റയുടെ ഡാറ്റാ കൈമാറ്റം.

സ്വകാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്പ് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. 2021-ൽ ആമസോണിന് 746 ദശലക്ഷം യൂറോ യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയിരുന്നു.

logo
The Fourth
www.thefourthnews.in