57,000 കോടിയുടെ ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റ്; ഇന്ത്യയില്‍ രണ്ടാമത്തെ നിക്ഷേപത്തിനൊരുങ്ങി ഫോക്സ്കോണ്‍

57,000 കോടിയുടെ ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റ്; ഇന്ത്യയില്‍ രണ്ടാമത്തെ നിക്ഷേപത്തിനൊരുങ്ങി ഫോക്സ്കോണ്‍

രാജ്യത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ഇന്ത്യയിൽ വീണ്ടും ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയും ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കമ്പനിയുമായ ഫോക്സ്കോണ്‍. അദാനി എന്റ‍ർപ്രൈസസുമായി ചേർന്നാണ് തായ്‍വാൻ കമ്പനിയായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, 700 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് പദ്ധതിയിടുന്നത്. ബെം​ഗളൂരു വിമാനത്താവളത്തിനടുത്തുള്ള 300 ഏക്കർ സ്ഥലത്ത് ഫോക്സ്കോണ്‍, ആപ്പിൾ ഐ ഫോൺ നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു. രാജ്യത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതർ പറഞ്ഞു.

രാജ്യത്ത് പ്രാദേശിക ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യമിട്ടുള്ള പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ ഭാ​ഗമായി 40 കോടി മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണ് ലക്ഷ്യം

ആപ്പിൾ ഫോണുകൾ നിർമിക്കുന്നതിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ള ഫോക്സ്കോണിന്, ചൈന, ജപ്പാൻ, വിയറ്റ്നാം, ചെക്ക് റിപ്പബ്ലിക്, യുഎസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 24 രാജ്യങ്ങളിലായി 173 സ്ഥാപനങ്ങളാണ് ഉള്ളത്. ഇന്ത്യയിലെ ഫോക്സ്കോണിന്റെ രണ്ടാമത്തെ പ്രധാന നിക്ഷേപമാണിത്. കഴിഞ്ഞ വർഷം തമിഴ്നാട്ടിലാണ് ഏറ്റവും പുതിയ തലമുറയിലെ ഐഫോണുകൾ നിർമിക്കുന്ന യൂണിറ്റ് ഫോക്സ്കോണ്‍ ആരംഭിച്ചത്.

രാജ്യത്ത് പ്രാദേശിക ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യമിട്ടുള്ള പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ ഭാ​ഗമായി 40 കോടി മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ആപ്പിളിന്റെ ഹാൻഡ്സെറ്റുകൾക്ക് പുറമെ, ഫോക്സ്കോണിന്റെ ഇലക്ട്രിക് വാഹന ബിസിനസിനായും സൈറ്റ് ഉപയോ​ഗിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

ആപ്പിളും മറ്റ് യുഎസ് ബ്രാൻഡുകളും വ്യാപാരത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷണം ആരംഭിക്കുകയും ചെയ്യുന്ന ട്രെൻഡിന്റെ ഭാഗമാണിതെന്നാണ് വിദഗ്ധാഭിപ്രായം

ബെംഗളൂരുവിൽ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉത്പാദകരെന്ന പദവി ചൈനയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ആപ്പിളും മറ്റ് യു എസ് ബ്രാൻഡുകളും വ്യാപാരത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷണം ആരംഭിക്കുകയും ചെയ്യുന്ന ട്രെൻഡ് എല്ലാ മേഖലകളിലുമുണ്ടെന്നും അവർ പറയുന്നു. പകർച്ചവ്യാധിയുടെയും യുക്രെയ്‌നിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ ആഗോള വിതരണ ശൃംഖലയിൽ വന്ന മാറ്റത്തിന്റെ ഭാഗമാണിത്.

ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ഫോക്സ്‌കോണിന്റെ ചൈനയിലെ ഷെങ്ഷൗ പ്ലാന്റില്‍ 2,00,000 പേർ ജോലി ചെയ്യുന്നുണ്ട്. കര്‍ശനമായ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഐഫോണിന്റെ ഉത്പാദനം തടസപ്പെടുകയും ആഗോള വിതരണ ശൃംഖലയെ തന്നെ ബാധിക്കുകയും ചെയ്തിരുന്നു. ചൈനയെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളിലും സുരക്ഷിത നിക്ഷേപത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നതും ഇത് തന്നെയാണ്.

57,000 കോടിയുടെ ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റ്; ഇന്ത്യയില്‍ രണ്ടാമത്തെ നിക്ഷേപത്തിനൊരുങ്ങി ഫോക്സ്കോണ്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് ബെംഗളൂരുവില്‍; ആറായിരം ആദിവാസി സ്ത്രീകള്‍ക്ക് അവസരം

മാത്രമല്ല, സ്വകാര്യമേഖലയ്ക്കെതിരായ ചൈനയുടെ അടിച്ചമർത്തലുകള്‍, പാശ്ചാത്യ നിക്ഷേപകരെയും കോർപ്പറേറ്റുകളെയും സാരമായി ബാധിക്കുന്നുണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ സാങ്കേതിക വിടവ് നികത്താനുള്ള അവസരമായി കാണുന്ന മോദി സർക്കാരിന്, ഫോക്സ്കോണിന്റെ തീരുമാനം ഒരു മുതല്‍ക്കൂട്ടാണ്. കൂടാതെ, ഫോക്സ്കോൺ പോലുള്ള ആപ്പിൾ വിതരണക്കാർക്ക് ഇന്ത്യ സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വിസ്ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവയും ജാബിൽ ഇൻകോർപ്പറേറ്റഡും ഇന്ത്യയിൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in