7000 രൂപയ്ക്ക് വാങ്ങി, 60 വർഷത്തിന് ശേഷം റോളക്സ് വാച്ച് ലേലത്തിൽ വിറ്റത് 41 ലക്ഷം രൂപയ്ക്ക്

7000 രൂപയ്ക്ക് വാങ്ങി, 60 വർഷത്തിന് ശേഷം റോളക്സ് വാച്ച് ലേലത്തിൽ വിറ്റത് 41 ലക്ഷം രൂപയ്ക്ക്

നിരവധി രക്ഷാദൗത്യങ്ങളിൽ സൈമൺ ബാർനെറ്റ് ഈ വാച്ച് ഉപയോഗിച്ചിട്ടുണ്ട്

60 വർഷങ്ങൾക്ക് മുൻപ് വെറും 7000 രൂപയ്ക്ക് വാങ്ങിയ റോളക്സ് വാച്ച് 41ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. യുകെയിൽ നടന്ന ലേലത്തിലാണ് ഭീമമായ തുകയ്ക്ക് ആഡംബര വാച്ച് വിറ്റഴിച്ചത്. 1964-ൽ വാങ്ങിയ റോളക്സ് വാച്ച് യുകെയിൽ നടന്ന ലേലത്തിൽ 41,11,692 രൂപയ്ക്കാണ് വിറ്റത്. റോയൽ നേവിയിലെ റെസ്ക്യൂ ഹെലികോപ്റ്ററിൽ ജോലി ചെയ്തിരുന്ന സൈമൺ ബാർനെറ്റ് എന്ന മുങ്ങൽ വിദഗ്ധന്റേതായിരുന്നു വാച്ച്. 1953ൽ പുറത്തിറങ്ങിയ സബ്‌മറൈനർ മോഡൽ റോളക്‌സ് വാച്ച് 'ദി ഡൈവേഴ്‌സ് വാച്ച്' എന്നാണ് അറിയപ്പെടുന്നത്.

സൈമൺ ബാർനെറ്റ്
സൈമൺ ബാർനെറ്റ്

മുങ്ങൽ വിദഗ്ധനായ സൈമൺ വെള്ളത്തിനടിയിൽ എത്രനേരം ചെലവഴിച്ചുവെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് റോളക്സ് വാച്ച് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് വെള്ളത്തിലിറങ്ങിയാൽ കേടുപാട് സംഭവിക്കാത്ത വാട്ടർ പ്രൂഫ് സംവിധാനമുള്ള ഒരേയൊരു ഉപകരണം റോളക്സ് വാച്ചായിരുന്നു. നിരവധി രക്ഷാദൗത്യങ്ങളിൽ സൈമൺ ബാർനെറ്റ് ഈ വാച്ച് ഉപയോഗിച്ചിട്ടുണ്ട്.

2019-ൽ സൈമൺ മരിച്ചതോടെ വാച്ച് മകൻ പിറ്റിന് ലഭിച്ചു. പഴക്കമേറിയ ഏറെ ഡിമാന്റുള്ള ഈ വാച്ച് ബിബിസിയുടെ ആന്റിക്‌ റോഡ്‌ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ലേല കമ്പനികൾ പിറ്റിനെ സമീപിക്കുകയായിരുന്നു. 30,000 മുതൽ 45,000 പൗണ്ട് വരെയാണ് ലേല സ്ഥാപനമായ ടിഡബ്ല്യു ഗേസ് റോളക്‌സിന് മൂല്യമിട്ടത്. തുടർന്ന് നോർഫോക്കിൽ നടന്ന ലേലത്തിൽ വാച്ച് വിൽക്കുകയായിരുന്നു.

''ഞാൻ ഈ വാച്ച് പതിവായി ധരിക്കാറുണ്ട്. അപ്പോഴെല്ലാം അച്ഛനെ ഓർക്കുകയും അദ്ദേഹം എന്റെ ഒപ്പമുണ്ടെന്ന് തോന്നുകയും ചെയ്യും. എന്നാൽ വാച്ചിന്റെ മൂല്യം ഏകദേശം 60 ലക്ഷമാണെന്ന് അറിഞ്ഞ ശേഷം എനിക്ക് ഇത് കയ്യിൽ കെട്ടി നടക്കാൻ കഴിയുന്നില്ല''- പിറ്റ് ദി മെട്രോയോട് പറഞ്ഞു. നോർഫോക്കിലെ റിട്ടയേർഡ് പോലീസ് ഓഫീസറാണ് പിറ്റ്.

logo
The Fourth
www.thefourthnews.in