ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണ്‍;
ഐഫോണ്‍ 14 എത്തുന്നു

ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണ്‍; ഐഫോണ്‍ 14 എത്തുന്നു

സെപ്തംബറില്‍ ആഗോളവിപണിയിലെത്തുന്ന ഫോണ്‍ ഒക്ടോബറോടെ ഇന്ത്യയിലെത്തും

ആപ്പിള്‍ ആരാധകര്‍ക്ക് പ്രതീക്ഷയുടെ മാസമാണ് സെപ്തംബര്‍. പതിവ് തെറ്റിക്കാതെ ഇത്തവണയും സെപ്തംബര്‍ മാസത്തില്‍ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ആപ്പിള്‍. പുതിയ ഐഫോണുകളായ iPhone 14, iPhone 14 Max, iPhone 14 Pro, iPhone 14 Pro Max എന്നിവ സെപ്റ്റംബര്‍ 10-ന് മുന്‍പായി വിപണിയിലേക്കെത്തുമെന്നാണ് സൂചന.

സെപ്റ്റംബറിലെ ലോഞ്ച് ഇവന്റിന് മുന്നോടിയായി, 14 സീരീസിനു പുറമേ വാച്ച് സീരീസ് 8, പത്താം തലമുറ ഐപാഡ് എന്നിവയും സെപ്തംബര്‍ ആദ്യവാരത്തോടെ ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും.

ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്സ് എന്നിവ നീല, ചുവപ്പ് എന്നീ നിറങ്ങളിലും ലഭ്യമാകും

ആപ്പിളിന്റെ മറ്റ് മോഡലുകള്‍ക്ക് സമാനമായിരിക്കും ഐഫോണ്‍ 14 ലൈനപ്പിന്റെയും കളര്‍ ഓപ്ഷനുകള്‍. എന്നാല്‍ ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 എന്നിവ ലഭ്യമായ കളര്‍ ഓപ്ഷനുകളെക്കാള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്സ് എന്നിവ നീല, ചുവപ്പ് എന്നീ നിറങ്ങളിലും ലഭ്യമാകും. iPhone 14, iPhone 14 Pro മോഡലുകള്‍ പുതിയ പര്‍പ്പിള്‍ നിറം ഉള്‍പ്പെടെ പുത്തന്‍ നിറങ്ങളിലും‍ ലഭ്യമായേക്കും.

ഐഫോണ്‍ 14 പ്രോയ്ക്കും പ്രോ മാക്സിനും മിനുസമാര്‍ന്ന പുതിയ ഡിസൈന്‍, വേഗതയേറിയ A16 ബയോണിക് ചിപ്പ്, 48MP ക്യാമറ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നു. വലിയ സ്‌ക്രീനുകളുടെ അഭാവം ഐ ഫോണ്‍ 12 മിനി, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് വിപണിയില്‍ തിരിച്ചടിയുണ്ടാക്കിയിരുന്നു. എന്നാല്‍ ആ പരാജയത്തെ മറികടക്കാന്‍ 6.1 ഇഞ്ച് ഡിസ്‌പ്ലേ കൊണ്ട് ഐഫോണ്‍ 14 മാക്‌സിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

മുന്‍വശത്ത് 12 MP + SL 3D ക്യാമറയും പിന്നില്‍ 12mp യുടെ ഇരട്ട ക്യാമറകളുമാണ് നല്‍കിയിട്ടുള്ളത്.

1170 x 2532 പിക്‌സല്‍ റെസല്യൂഷനുള്ള 6.1 ഇഞ്ച് (15.49 സെന്റീമീറ്റര്‍) ഡിസ്‌പ്ലേ ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കാം. മികച്ച വീഡിയോ പ്ലേബാക്കും ഗെയിമിങ് അനുഭവവും ഈ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജിന്റെ കാര്യത്തിലും ആശങ്ക വേണ്ട. 4 ജിബി റാം + 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുന്‍വശത്ത് 12 MP + SL 3D ക്യാമറയും പിന്നില്‍ 12mp യുടെ ഇരട്ട ക്യാമറകളുമാണ് നല്‍കിയിട്ടുള്ളത്. ഐ ഫോണ്‍ ക്യാമറയുടെ നിലവാരം എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

സ്മാര്‍ട്ട്ഫോണില്‍ ഹെക്സാ-കോര്‍ പ്രോസസര്‍ സജ്ജീകരിച്ചിരിക്കുന്നുവെന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. അതുകൊണ്ട് ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും ഗെയിമുകള്‍ കളിക്കുമ്പോഴും സുഗമവും കൃത്യതയേറിയതുമായ പ്രകടനം ആസ്വദിക്കാനാകും. കൂടാതെ, മൊബൈല്‍ iOS v15 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഫോണില്‍ 3115 mAh ആണ് ബാറ്ററി കപ്പാസിറ്റി.

Apple iPhone 14-ലെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ WiFi - , മൊബൈല്‍ ഹോട്ട്സ്പോട്ട്, ബ്ലൂടൂത്ത്- v5.0, എന്നിവ ഉള്‍പ്പെടുന്നു. ഫോണില്‍ 5ജി കണക്ടിവിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, കോമ്പസ്, ബാരോമീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, തുടങ്ങിയ സെന്‍സറുകളും ഫോണിലുണ്ട് .

146.7 എംഎം നീളം x 71.5 എംഎം വീതി x 7.4 എംഎം കനം എന്നിങ്ങനെയാണ് സ്മാര്‍ട്ട്ഫോണിന്റെ അളവുകള്‍. Apple iPhone 14 2022 ഒക്ടോബര്‍ 31-ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട് .79,900 രൂപയാകും ആപ്പിള്‍ ഐഫോണ്‍ 14ന്റെ ഇന്ത്യയിലെ പ്രാരംഭ വില. 64ജിബി, 128ജിബി ,256 ജിബി എന്നിങ്ങനെ ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.

logo
The Fourth
www.thefourthnews.in