വ്യാജ വീഡിയോ കോള്‍ വഴിയുള്ള തട്ടിപ്പിനെ അതിജീവിക്കാം, ഇക്കാര്യങ്ങള്‍ പിന്തുടരൂ

വ്യാജ വീഡിയോ കോള്‍ വഴിയുള്ള തട്ടിപ്പിനെ അതിജീവിക്കാം, ഇക്കാര്യങ്ങള്‍ പിന്തുടരൂ

എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തിയാല്‍ തിരിച്ചറിയാനാകും

സാങ്കേതികവിദ്യ വളര്‍ന്നു, കൂടെ തട്ടിപ്പും. ഇതാണ് ഇന്നത്തെ സ്ഥിതി. കഴിഞ്ഞ ജൂലൈയിലായിരുന്നു കോഴിക്കോട് സ്വദേശിയായ രാധകൃഷ്ണന്റെ പക്കല്‍ നിന്ന് വീഡിയോ കോള്‍ വഴി 40,000 രൂപ ഒരാള്‍ തട്ടിയെടുത്തത്. അജ്ഞാത നമ്പറില്‍ നിന്ന് രാധകൃഷ്ണന് ലഭിച്ച കോളില്‍ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനുമായി രൂപസാദൃശ്യമുള്ള വ്യക്തിയായിരുന്നു ഉണ്ടായിരുന്നത്. അടിയന്തര ആവശ്യം ചൂണ്ടിക്കാണിച്ചതിനാലായിരുന്നു രാധാകൃഷ്ണന്‍ പണം കൈമാറിയതും. എന്നാല്‍ പിന്നീടാണ് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് - എഐ) തട്ടിപ്പിന് ഇരയായ കാര്യം രാധാകൃഷ്ണന്‍ മനസിലാക്കിയത്.

ഇത്തരത്തിലുള്ള വ്യാജ വീഡിയോ കോളുകള്‍ സാധാരണമല്ല. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തട്ടിപ്പുകളും വ്യാപകമാകുകയാണ്. ഒരാളുടെ ചിത്രവും ശബ്ദവും മാത്രമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ആവശ്യം. സമൂഹമാധ്യമങ്ങളിലൂടെ ഇവയെല്ലാം എളുപ്പത്തില്‍ ഒരാള്‍ക്ക് കൈക്കലാക്കാനും കഴിയും. എന്നാല്‍ അല്‍പ്പം ജാഗ്രതയുണ്ടെങ്കില്‍ ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടാനാകും. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ.

വ്യാജ വീഡിയോ കോള്‍ വഴിയുള്ള തട്ടിപ്പിനെ അതിജീവിക്കാം, ഇക്കാര്യങ്ങള്‍ പിന്തുടരൂ
അനധികൃത ലോണ്‍ ആപ്പുകള്‍; കര്‍ശന നടപടിയുമായി കേരള പോലീസ്, 72 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ നോട്ടീസ്‌

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകളോട് ജാഗ്രത

അജ്ഞാത നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന കോളുകളാണെങ്കില്‍ തീര്‍ച്ചയായും ഒരു ചെറിയ അന്വേഷണം നടത്തുക. നിങ്ങള്‍ ആ നമ്പര്‍ സേവ് ചെയ്തിട്ടില്ലങ്കിലോ വിളിച്ച വ്യക്തിയെ തിരിച്ചറിയാനായില്ലെങ്കിലോ പിന്നീടുള്ള തീരുമാനങ്ങള്‍ ജാഗ്രതയോടെ മാത്രമായിരിക്കണം.

വീഡിയോയുടെ നിലവാരം

വീഡിയോ കോളുകളുടെ നിലവാരം (ക്വാളിറ്റി) പ്രധാനപ്പെട്ടതാണ്. വ്യാജ കോളാണെങ്കില്‍ വീഡിയോയുടെ നിലവാരം കുറവായിരിക്കും.

സംസാരരീതി പരിശോധിക്കുക

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ശബ്ദമാണെങ്കില്‍ സംസാരശൈലിക്ക് സ്വാഭാവികത ഉണ്ടായിരിക്കില്ല. ഒരു റോബോട്ട് സംസാരിക്കുന്ന രീതിക്ക് സമാനമായിരിക്കും ശബ്ദം.

പിന്നണിയിലെ ശബ്ദങ്ങള്‍

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ശബ്ദമാണെങ്കില്‍ പിന്നണിയില്‍ ശബ്ദങ്ങള്‍ ഉണ്ടായിരിക്കില്ല. അതിനാല്‍ വ്യാജ കോളാണെന്ന് മനസിലാക്കാനാകും.

ഐഡെന്റിറ്റി സ്ഥിരീകരിക്കുക

വിളിച്ച വ്യക്തിയുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയങ്ങള്‍ തോന്നിയാല്‍ ചില ചോദ്യങ്ങള്‍ ചോദിക്കുക. ഇരുവര്‍ക്കും പരിചയമുള്ള സംഭവങ്ങളാണെങ്കില്‍ കൂടുതല്‍ നല്ലത്. ഉത്തരങ്ങള്‍ പൊരുത്തപ്പെടുകയാണെങ്കില്‍ മാത്രം സംഭാഷണം തുടരുക.

ചിന്തിച്ച് മാത്രം മുന്നോട്ട്

നിങ്ങള്‍ക്ക് പരിചതമായ മുഖമാണ് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ പ്രതികരണം അല്‍പ്പം വൈകിപ്പിക്കുക. പ്രത്യേകിച്ചും പണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍. ആരാണെന്നത് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കണം തുടര്‍ന്നുള്ള സമീപനം.

നിങ്ങള്‍ ഇനി തട്ടിപ്പിന് ഇരയാകുകയാണെങ്കില്‍ തന്നെ ഉടന്‍ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക.

logo
The Fourth
www.thefourthnews.in