മുകേഷ് അംബാനി
മുകേഷ് അംബാനി

5 ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ഒന്നര ലക്ഷം കോടി കടന്നു

എറ്റവും കൂടുതല്‍ സ്പെക്ട്രം വാങ്ങിയത് റിലയന്‍സ് ജിയോ

5 ജി സ്പെക്ട്രം ലേലം അവസാനിച്ചു. 7 ദിവസം നീണ്ടു നിന്ന ലേലത്തില്‍ 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ലേലത്തില്‍ വിറ്റഴിച്ച എയര്‍വേവുകളുടെ പകുതിയോളമാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയത്. 88,078 കോടി രൂപയാണ് ജിയോ ചെലവഴിച്ചത്.

ലേലത്തില്‍ മൊത്തം 72 ജിഗാഹെര്‍ട്സ് സ്പെക്ട്രത്തിന്റെ 71% കമ്പനികള്‍ വാങ്ങിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭാരതി എയര്‍ടെല്‍ , വോഡഫോണ്‍ ഐഡിയ എന്നിവരും ലേലത്തില്‍ കൂടിയ തുക ചെലവഴിച്ചു. പുതിയതായി പ്രവേശിച്ച അദാനി ഏകദേശം 27 മില്യണ്‍ ഡോളറിന്റെ സ്പെക്ട്രം മാത്രമാണ് വാങ്ങിയത്.

അഞ്ചാം തലമുറയ്ക്ക് മികച്ച അടിത്തറ സൃഷ്ടിക്കാനും കഴിയുന്ന 700 മെഗാഹെര്‍ട്സ് ബാന്‍ഡാണ് ജിയോ സ്വന്തമാക്കിയത്. 26 ജിഗാഹെര്‍ട്സ് ബാന്‍ഡിലുള്ള സ്പെക്ട്രമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.

2016 ലാണ് ജിയോ ടെലികോം രംഗത്തേക്ക് കടന്നു വരുന്നത്. ഈ വരവ് എയര്‍ടെല്ലിനേയും വോഡഫോണിനേയും സമ്മര്‍ദ്ദത്തിലാക്കി. അടുത്ത കാലത്തായി ഇവ നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മുന്‍ ലേലങ്ങളിലെ സ്പെക്ട്രം കുടിശ്ശികയും ഇവയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അദാനി ഗ്രൂപ്പും ഈ തവണ ലേലത്തില്‍ പങ്കെടുത്തിരുന്നു. .

ഈ വര്‍ഷം ഒക്ടോബറോടെ 4ജിയേക്കാള്‍ 10 മടങ്ങ് വേഗത കൂടിയ 5ജിയുടെ റോള്‍ഔട്ട് ആരംഭിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍, സ്വയം-ഡ്രൈവിംഗ് കാറുകളും , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് 5ജി അത്യാവശ്യമാണ്.

logo
The Fourth
www.thefourthnews.in