K-fon project, Kerala
K-fon project, Kerala

'ഇന്റർനെറ്റ് എല്ലാവർക്കും' - കെ ഫോൺ യാഥാർഥ്യമാകുമ്പോൾ

സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ്, അഞ്ചുവർഷം കൊണ്ട് 5000 വൈഫൈ ഹോട്സ്പോട്ടുകൾ

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളിലൊന്നാണ് കെ ഫോണ്‍ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്). സംസ്ഥാനത്തെ ഇന്‍റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതി തുടക്കം മുതൽ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അതിവേഗം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പല വിമർശനങ്ങളിലും പെട്ട് പദ്ധതി ഇഴഞ്ഞു. പിണറായി സർക്കാരിന്റെ രണ്ടാം വരവിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ചാണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കിയത്. പദ്ധതിയുടെ ഇന്റര്‍നെറ്റ് സേവന ദാതാവിന്റെ ലൈസന്‍സ് ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയും അറിയിച്ചു. കെ ഫോൺ എന്താണെന്നും സാധാരണക്കാർക്ക് ഇത് എങ്ങനെയാണ് ഉപകാരപ്പെടുക എന്നതും സംബന്ധിച്ചും ചര്‍ച്ച തുടരുകയാണ്.

CM Pinarayi Vijayan
CM Pinarayi Vijayan

എന്താണ് കെ ഫോൺ?

സംസ്ഥാനത്തുടനീളം നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ ഫോൺ. ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനത്തോടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക് രൂപം നല്‍കിയത്. കേരളത്തിൽ അത്രകണ്ട് വികസിക്കാത്ത ഫൈബർ ഒപ്റ്റിക് ശൃംഖല സുശക്തമായി സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി.

കെ ഫോണ്‍ നെറ്റ്‌വർക്ക് സംസ്ഥാനത്തെ 14 ജില്ലകളെയും കോര്‍ റിംഗ് വഴി ബന്ധിപ്പിക്കുന്നു. കേരളത്തിൽ എല്ലായിടത്തും സബ്സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും കേന്ദ്രീകൃത സേവനം സാധ്യമാക്കുന്നതിന് വലിയ സൗകര്യങ്ങളോടെ ഒരു സബ്‌സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ർ ശക്തവും കാര്യക്ഷമവും ആക്കുകയാണ് പ്രധാന ഉദ്ദേശം.

ആരാണ് പദ്ധതി നടപ്പാക്കുന്നത്?

കെഎസ്ഇബിയും കെഎസ്‌ഐറ്റിഐഎല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭം, കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. കെഫോണ്‍ നെറ്റ്വര്‍ക്ക് സംസ്ഥാനത്തെ 14 ജില്ലകളെയും കോര്‍ റിംഗ് വഴി ബന്ധിപ്പിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനെ ടെന്‍ഡര്‍ നടപടിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്.

ഗുണഭോക്താക്കൾ ആരൊക്കെ

സംസ്ഥാനത്ത് 20 ലക്ഷത്തോളം വരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്‍റർനെറ്റ് ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ അഞ്ചുവർഷം കൊണ്ട് 5000 വൈഫൈ ഹോട്സ്പോട്ടുകളും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഇന്റർനെറ്റ് ദാതാക്കൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഗവണ്മെന്റ് ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും ഇന്‍റർനെറ്റ് കണക്ഷൻ ലഭ്യമാകും.

പദ്ധതിയുടെ ആകെ ചെലവ്

പദ്ധതിക്ക് 1532 കോടി രൂപയാണ് സർക്കാർ ചെലവ് കണക്കാക്കിയിട്ടുള്ളത്. കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചിട്ടുണ്ട്.

k-fon- Internet, A Basic Right
k-fon- Internet, A Basic Right

പദ്ധതിയുടെ പ്രാധാന്യം

കേരളത്തിൽ നിലവിലുള്ള മറ്റ്‌ ഫൈബർ ഒപ്റ്റിക്കൽസ് ശൃംഖലകൾ ഉറപ്പുവരുത്തുന്ന സേവനത്തിൽ നിന്നും പതിന്മടങ്ങ് സുശക്തമായ സേവനമാണ് കെ ഫോൺ ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ ഇരുപതിനായിരം കിലോമീറ്റർ നീളത്തിൽ ഫൈബർ ഉള്ള ബിഎസ്എൻഎൽ ആണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളതെങ്കിലും സാങ്കേതിക വിദ്യയുടെ കുതിപ്പ് കാര്യമായി കൈകാര്യം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ആറായിരം കിലോമീറ്റർ ഫൈബർ ഒപ്റ്റിക് ഉള്ള ജിയോ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ടാം സ്ഥാനത്താണ്. വൊഡാഫോൺ ഐഡിയ എയർടെൽ കമ്പനികൾക്ക് രണ്ടായിരം കിലോമീറ്ററോളമാണ് ഒപ്റ്റിക് ഫൈബറുള്ളത്. ഈ സാഹചര്യത്തിൽ മുപ്പതിനായിരം കിലോമീറ്റർ ശേഷിയുള്ള കെ ഫോണിന്റെ ഫൈബർ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണ്.

കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് തൊഴിൽ മേഖലയെയും വിദ്യാഭ്യാസ മേഖലയെയും ഉയർത്തിയെടുത്തതിൽ ഡിജിറ്റൽ മേഖലയുടെ സ്വാധീനം ചെറുതല്ല. ഗ്രാമ പ്രദേശങ്ങളിൽ വൈഫൈ സംവിധാനം എത്തിക്കുന്നതിൽ സർക്കാരും മറ്റ്‌ സംഘടനകളും നടത്തിയ ശ്രമങ്ങൾ ഒരു പരിധി വരെ ഫലം കണ്ടെങ്കിലും ഉൾനാടൻ പ്രദേശങ്ങളിലും ആദിവാസി ഊരുകളിലും അതിനു പരിമിതികൾ ഏറെയായിരുന്നു. ഇതിനെ മറികടക്കാൻ കെ ഫോണിന് സാധിക്കുമെന്നാണ് സർക്കാർ അവകാശവാദം.

എന്തുകൊണ്ട് വിവാദങ്ങൾ?

സ്വർണ കടത്തുകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍, ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെന്‍റ് തേടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. വൻമുതൽമുടക്കിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെഫോൺ, ഇ - മൊബിലിറ്റി, ഡൗൺടൗൺ, സ്മാര്‍ട്സിറ്റി പദ്ധതികളെപ്പറ്റിയുള്ള അന്വേഷണമായിരുന്നു ഇത്. ഇത് കെ ഫോണിനെ അവസാന നിമിഷം വിവാദത്തില്‍ മുക്കിയിരുന്നു.

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ, 2021ഓടെ പദ്ധതിയുടെ പൂർത്തീകരണം എന്നിങ്ങനെ 2019ൽ കരാർ ഒപ്പിട്ടപ്പോൾ നൽകിയ ഉറപ്പുകൾക്ക് എന്തുപറ്റിയെന്ന ചോദ്യങ്ങളും വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉള്‍പ്പെടെ ചര്‍ച്ചയായി.

കേന്ദ്രാനുമതി ലഭിച്ചതോടെ, വിവാദങ്ങളിൽ പെട്ട് ഇഴഞ്ഞ പദ്ധതി വേഗത്തിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഒപ്റ്റിക് ഫൈബര്‍ ലൈനുകള്‍, ടവറുകള്‍, നെറ്റ് വര്‍ക്ക് തുടങ്ങിയവ സ്വന്തമാക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇപ്പോള്‍ അനുവദിച്ച ലൈസന്‍സ് അനിവാര്യമാണ്. ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതി സഹായകമാകും. ബി.എസ്.എന്‍.എല്‍ ആണ് കെ ഫോണിന് ബാന്റ് വിഡ്ത് നല്‍കുന്നത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് കൂടി ലഭിച്ചാല്‍ മാത്രമേ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുകയുള്ളൂ. അത് അടുത്താഴ്ചയോടെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇതോടെ, സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in