ഇനി പുതിയ തിരച്ചിലുകളുടെ കാലം;ഗൂഗിളിന് പകരക്കാരനാകുമോ ബിങ്?

ഇനി പുതിയ തിരച്ചിലുകളുടെ കാലം;ഗൂഗിളിന് പകരക്കാരനാകുമോ ബിങ്?

ഭാഷാധിഷ്ഠിത നിർമിത ബുദ്ധിയുടെ കഴിവുകളെ ബിങില്‍ സമന്വയിപ്പിക്കും

ഗൂഗിളിന് വെല്ലുവിളി ഉയർത്തി കൊണ്ട് സ്വന്തം സെർച്ച് എഞ്ചിനായ ബിങിനെ പുത്തൻ രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങി മുൻനിര ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റ്. ഭാഷാധിഷ്ഠിത നിർമിത ബുദ്ധിയുടെ കഴിവുകളെ ബിങില്‍ സമന്വയിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ചൊവ്വാഴ്ച അറിയിച്ചു. ഇനി തിരച്ചിലിൻ്റെ പുതിയ യുഗമാണെന്നും മത്സരം ആരംഭിക്കുകയാണെന്നും നദെല്ല ഒരു ലോഞ്ചിങ് പരിപാടിക്കിടെ പറഞ്ഞു. രണ്ട് പതിറ്റാണ്ടോളമായി എതിരാളികളില്ലാതെ മുന്നേറിയ ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ചാറ്റ് ജിപിടിയുടേയും നിര്‍മാതാക്കളായ കമ്പനിയുടെയും ലക്ഷ്യം.

ചാറ്റ് ജിപിടിയിൽ കോടികൾ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് നിർമിതബുദ്ധിയുടെ രംഗത്ത് ടെക് ഭീമനായ ഗൂഗിളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഒരുങ്ങുന്നത്. നിമിഷങ്ങൾകൊണ്ട് ലേഖനങ്ങളും കവിതകളും മുതൽ കംപ്യൂട്ടർ പ്രോഗ്രാം കോഡുകൾ വരെ എഴുതുമെന്നതാണ് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പ‍ൺ എഐ എന്ന കമ്പനി വികസിപ്പിച്ച ചാറ്റ് ജിപിടിയുടെ പ്രത്യേകത. ബിങിനെ ചാറ്റ് ജിപിടിയുമായി ബന്ധിപ്പിക്കുന്നതോടെ ഉപയോക്താക്കള്‍ സെര്‍ച്ച് ചെയ്യുന്നത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കാനും ലഭ്യമാക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇനി പുതിയ തിരച്ചിലുകളുടെ കാലം;ഗൂഗിളിന് പകരക്കാരനാകുമോ ബിങ്?
ചാറ്റ് ജിപിടി പണി കളയുമോ; ഗൂഗിളിന് അടി പതറുമോ?

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു വെബ് സെർച്ച്‌ എഞ്ചിൻ ആണ് ബിങ് (Bing). 2009 ജൂൺ 3നാണ് സെർച്ച് എഞ്ചിൻ ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങിയത്. പ്രവർത്തനം തുടങ്ങി ഒരാഴ്ചക്കകം തന്നെ ആഗോളതലത്തില്‍ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനുകളിൽ രണ്ടാം സ്ഥാനം ബിങ് കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തുള്ള ഗൂഗിളിന്റെ ഉപയോഗം 87.62 ശതമാനവും ബിങിന്റേത് 5.62% വുമാണ്. മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ്‌ സെർച്ചിന്റെയും (Live Search) എം‌എസ്‌എൻ സെർച്ചിന്റെയും പുതിയ രൂപമാണ് ബിങ്. ഒരു "ഡിസിഷൻ എഞ്ചിൻ" എന്നാണ്‌ മൈക്രോസോഫ്റ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന സ്റ്റീവ് ബാൾമെർ 2008 മേയ് 28 ന് സാൻ ഡീഗോയിൽ വച്ചാണ് ബിങിന്റെ പ്രഖ്യാപനം നടത്തിയത്.

ഇനി പുതിയ തിരച്ചിലുകളുടെ കാലം;ഗൂഗിളിന് പകരക്കാരനാകുമോ ബിങ്?
ചാറ്റ് ജിപിടിക്ക് എതിരാളിയുമായി ഗൂഗിള്‍; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചൈ

അമേരിക്ക ആസ്ഥാനമായുള്ള ഓപ്പണ്‍ എഐ എന്ന സ്ഥാപനം ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയില്‍ പുതിയ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നത്. മനുഷ്യനെ പോലെ സംവദിക്കാന്‍ ശേഷിയുള്ള ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. 2022ൻ്റെ അവസാനത്തോടെ അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടിക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. സേര്‍ച്ച് എഞ്ചിന്‍ റിസള്‍ട്ട് പേജില്‍ കാണിക്കുന്ന പരസ്യങ്ങളിലൂടെയും സ്പോണ്‍സേഡ് ലിങ്കുകളിലൂടെയുമാണ് ഗൂഗിള്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്. ഗൂഗിള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാലും ഏറ്റവും അധികം വരുമാനം നല്‍കുന്ന അവരുടെ സേര്‍ച്ച് പേജിനെ പൂര്‍ണമായി ഇല്ലാതാക്കി കൊണ്ടല്ലാതെ ചാറ്റ് ബോട്ടിനെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ജിമെയില്‍ ഡവലപ്പർ പോള്‍ ബുഹെ അഭിപ്രായപ്പെട്ടിരുന്നു. പല തൊഴിലുകളെയും ചാറ്റ് ജിപിടി ഇല്ലാതാക്കുമെന്ന ആശങ്കയും വ്യാപകമാണ്.

logo
The Fourth
www.thefourthnews.in