റിയല്‍മി C55; മിനി ക്യാപ്സ്യൂൾ ഫീച്ചറുമായി ഇന്ത്യൻ വിപണിയിൽ, വില 10,999രൂപ മുതൽ

റിയല്‍മി C55; മിനി ക്യാപ്സ്യൂൾ ഫീച്ചറുമായി ഇന്ത്യൻ വിപണിയിൽ, വില 10,999രൂപ മുതൽ

സൺ ഷവർ, റെയ്നി നൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി C55 ലഭ്യമാകുക

കിടിലന്‍ ഫീച്ചറുകളുമായി റിയല്‍മി സീരീസിലെ എന്‍ട്രി ലെവല്‍ ഫോണായ റിയല്‍മി സി55 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐഫോണ്‍ 14 പ്രോയിലെ ഡൈനാമിക് ഐലന്റ് ഫീച്ചറിന് സമാനമായ മിനി ക്യാപ്‌സ്യൂള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ലോകത്ത് ആദ്യമായാണ് ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഡൈനാമിക് ഐലന്‍ഡ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

ബാറ്ററി ലോ മുന്നറിയിപ്പ്, ചാര്‍ജിങ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ഉപയോഗം, വിവിധ ബാക്ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ നോട്ടിഫിക്കേഷനുകള്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഫീച്ചറാണ് ഡൈനാമിക് ഐലന്‍ഡ്. ആപ്പിള്‍ 14 പ്രോ സീരിസില്‍ ഇത് അവതരിപ്പിച്ചപ്പോള്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് അവതരിപ്പിക്കുമെന്ന് സംസാരമുണ്ടായിരുന്നെങ്കിലും റിയല്‍മി ആണ് ആദ്യമായി ഒരു ബഡ്ജറ്റ് ഫോണില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

മൂന്ന് കോൺഫിഗറേഷനുകളിലാണ് റിയൽമി C55 അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപയും ടോപ്പ് എൻഡ് മോഡലായ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയുമാണ് വില. സൺ ഷവർ, റെയ്നി നൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി C55 ലഭ്യമാകുക.

റിയല്‍മി ആണ് ആദ്യമായി ഒരു ബഡ്ജറ്റ് ഫോണില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്

മെലിഞ്ഞ ഡിസൈനുമായിട്ടാണ് റിയൽമി സി55 സ്മാർട്ട്ഫോണെത്തുന്നത്. 7.89 എംഎം കനവും 189.5ഗ്രാം ഭാരണവുമാണുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഹാന്‍ഡ്‌സെറ്റിലുള്ളത്. ഡിസ്പ്ലേയ്ക്ക് 180Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും റിയല്‍മി സി55 നല്‍കുന്നുണ്ട്. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും പിന്നില്‍ എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

8ജിബി വരെ LPDDR4X റാമുമായി ചേർത്ത മീഡിയടെക് ഹീലിയോ ആണ് പ്രോസസർ. 33W സൂപ്പർവൂക് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്. കൂടാതെ സൈഡ് മൗണ്ടട് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

മാർച്ച് 28ന് ഉച്ചയ്ക്ക് 12മണി മുതൽ സ്മാർട്ട്ഫോണിന്റെ വിൽപന ആരംഭിക്കും.

logo
The Fourth
www.thefourthnews.in