ലോഞ്ചിങ്ങിനൊരുങ്ങി സാംസങ് ഗാലക്‌സി എസ് 23 സീരീസ്

ലോഞ്ചിങ്ങിനൊരുങ്ങി സാംസങ് ഗാലക്‌സി എസ് 23 സീരീസ്

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന കമ്പനിയുടെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ചായിരിക്കും ഫോണുകൾ ലോഞ്ച് ചെയ്യുന്നത്

സ്മാർട്ട്ഫോൺ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ് 23 സീരീസ് ഇന്ന് രാത്രി ഇന്ത്യയിലും ആഗോള വിപണിയിലും ഒന്നിച്ച് അവതരിപ്പിക്കും. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന കമ്പനിയുടെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ചായിരിക്കും ഫോണുകൾ ലോഞ്ച് ചെയ്യുന്നത്. ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 അൾട്രാ എന്നീ ഫോണുകളാണ് ഗാലക്‌സി എസ് സീരീസിൽ ഉൾപ്പെടുന്നത്. സാംസങ്ങിന്റെ പുതിയ ഗാലക്‌സി ബുക്ക് ലാപ്‌ടോപ്പുകളും ഇന്ന് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഗ്യാലക്സി എസ്23 സീരിസ് ഫാന്റം ബ്ലാക്ക്, ബൊട്ടാണിക് ഗ്രീൻ, കോട്ടൺ ഫ്ലവർ, മിസ്റ്റി ലിലാക്ക് നിറങ്ങളിൽ ലഭിക്കുമെന്നാണ് വിവരം.

സാംസങ് ഗ്യാലക്‌സി എസ് 23യിൽ പ്രതീക്ഷിക്കുന്ന പ്രത്യേകതകള്‍

അടിസ്ഥാന വേരിയന്റിൽ കുറഞ്ഞത് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് ഗാലക്‌സി എസ് 23 സീരീസ് നൽകുന്നത്. ഗ്യാലക്‌സി എസ് 23 ന്റെ മൂന്ന് വേര്‍ഷനുകളിലും മികച്ച മികച്ച നൈറ്റ് ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്ന ക്യാമറകളായിരിക്കും ഉണ്ടാവുക. ഐഫോൺ 14 പ്രോ മാക്സിനെ വെല്ലുന്ന ക്യാമറകളായിരിക്കും സാംസങ് ഗാലക്‌സി എസ് 23 അൾട്രയിൽ പ്രതീക്ഷിക്കുന്നത്. 200 എംപി ക്യാമറ ആയിരിക്കും അൾട്ര മോഡലിൽ ഉണ്ടാവുക. കഴിഞ്ഞ വർഷത്തെ എസ് 22 അൾട്രയിൽ 108 എംപി ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. S22 അൾട്രയുടെ ഫ്ലോട്ടിംഗ് ക്യാമറ ഡിസൈൻ S23+, S23 വേരിയന്റുകളിലും പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ് എന്നിവ ഒരേ ക്യാമറ സെൻസറുകളോടെയാണ് വരാൻ സാധ്യത. സീരീസിലെ എല്ലാ ഫോണുകളിലും നാല് ക്യാമറകൾ ഉണ്ടായിരിക്കും.

ഗാലക്‌സി എസ് 23ക്ക് രണ്ട് കോണ്‍ഫിഗ്രേഷനുകളാണ് ഉള്ളത്. 8GB/128GB, 8GB/256GB എന്നീ പതിപ്പുകളാണിവ. എസ് 23 പ്ലസിന് 8GB/256GB,8GB/512GB പതിപ്പുകളും എസ് 23 അള്‍ട്രയ്ക്ക് 8GB/256GB,12GB/512GB കോണ്‍ഫിഗ്രേഷന്‍ പതിപ്പുകളാണ് ഉണ്ടാകുക.

പുതിയ പ്രോസസറിന് പുറമേ, സാംസങ് ഗാലക്‌സി എസ് 23 അൾട്രായുടെ അടിസ്ഥാന വേരിയന്റിൽ റാമും സ്റ്റോറേജും വർദ്ധിപ്പിച്ചേക്കാം. കഴിഞ്ഞ വർഷം, ഗാലക്‌സി എസ് 23 അൾട്രായുടെ അടിസ്ഥാന വേരിയന്റ് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് വന്നത്. എന്നാൽ ഈ വർഷം, ഏറ്റവും വിലകുറഞ്ഞ എസ് 23 അൾട്രാ മോഡലിൽ സ്റ്റോറേജും റാമും യഥാക്രമം 256 ജിബിയിലേക്കും 12 ജിബിയിലേക്കും ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എസ് 23 അൾട്രാ എസ് പെൻ പിന്തുണയോടെ തന്നെ തുടരും.

സാംസങ്ങ് ഗ്യാലക്സി എസ് 23 വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 79,999 രൂപയ്ക്കാണെന്നാണ് മൈ സ്മാര്‍ട്ട് പ്രൈസ് പുറത്തുവിടുന്ന വിവരം. എസ് 23 പ്ലസിലേക്ക് വന്നാല്‍ ഈ ഫോണിന്‍റെ വില ആരംഭിക്കുന്നത് 89,999 രൂപ മുതലാണ്. എസ് 23 അള്‍ട്രയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,14,999 രൂപ മുതലാണ്. ഗ്യാലക്സി എസ് 23 പ്ലസ്, എസ് 23 അള്‍ട്ര എന്നിവയുടെ സ്റ്റാര്‍ട്ടിംഗ് വില മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in