അടിമുടി പിങ്ക് തീം; ചാടിക്കയറി ഇൻസ്റ്റാൾ ചെയ്യേണ്ട, 'പിങ്ക് വാട്സ് ആപ്പ്' പണിതരും

അടിമുടി പിങ്ക് തീം; ചാടിക്കയറി ഇൻസ്റ്റാൾ ചെയ്യേണ്ട, 'പിങ്ക് വാട്സ് ആപ്പ്' പണിതരും

മുംബൈ, കേരളം, കർണാടക തുടങ്ങി നിരവധി സംസ്ഥാന സർക്കാരുകളും പോലീസും ഈ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഡിജിറ്റല്‍ ലോകത്തെ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്നവരും നിരവധിയാണ്. ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ വാട്സ് ആപ്പിന്റെ പേരിലാണ് ഇപ്പോള്‍ പുതിയ തട്ടിപ്പ് നടക്കുന്നത്. 'പിങ്ക് വാട്സ് ആപ്പ്’ എന്ന പേരില്‍ ഒരു ലിങ്ക് പ്രചരിപ്പിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്. ഒറിജിനല്‍ വാട്സ് ആപ്പിനേക്കാള്‍ നിരവധി ഫീച്ചറുകളുള്ള വാട്സ് ആപ്പ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഇത് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. മുംബൈ, കേരളം, കർണാടക തുടങ്ങി നിരവധി സംസ്ഥാന സർക്കാരുകളും പോലീസും ഈ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് 'പിങ്ക് വാട്സ് ആപ്പ്' തട്ടിപ്പ് ?

നിരവധി ഫീച്ചറുകളുള്ള 'ന്യൂ പിങ്ക് ലുക്ക് ആപ്പ്' ഔദ്യോഗികമായി പുറത്തിറക്കി, പിങ്ക് വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാം, പിങ്ക് ലുക്കില്‍ കൂടുതല്‍ ഫീച്ചറുകളുകള്‍ ആസ്വദിക്കാന്‍ നിങ്ങളുടെ വാട്സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യൂ തുടങ്ങിയ മെസേജുകളാണ് വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ ആപ്പ് യഥാർത്ഥത്തിൽ അപകടകരമായ ഒരു മാൽവെയർ ആണെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

തട്ടിപ്പ് നടക്കുന്നതെങ്ങനെ ?

പിങ്ക് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിലപ്പോള്‍ നിങ്ങളുടെ ഒരു സുഹൃത്തില്‍ നിന്നും മെസേജ് വന്നേക്കാം. അല്ലെങ്കില്‍ ഒരു ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ നിന്നും മെസേജ് ലഭിക്കാം. ആപ്പ് ഡൗൺലോഡ് ചെയ്‌താൽ, പിങ്ക് വാട്സ് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശം നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ പേരിൽ നിന്നും നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളിലേക്കും പോകും.

പിങ്ക് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ എന്ത് സംഭവിക്കും ?

മാൽവെയർ സോഫ്റ്റ്‌വെയർ വഴി മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വ്യാജ ആപ്പാണ് പിങ്ക് വാട്സ് ആപ്പ്. ഒടിപി, കോൺടാക്റ്റുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെ ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ നിന്ന് വിവരങ്ങൾ മോഷ്ടിക്കാൻ ഹാക്കർമാർ ഇത് ഉപയോഗിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരു മാൽവെയർ സോഫ്റ്റ്‌വെയർ ഉപയോക്താക്കളുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. പിങ്ക് വാട്സ് ആപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈലിന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെടാം.

ഇത്തരത്തില്‍ മൊബൈല്‍ ഹാക്ക് ചെയ്താല്‍ നിങ്ങളുടെ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്തേക്കാമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. നിങ്ങളുടെ ഫോണ്‍ ഗാലറിയിലെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് നിങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷ ഏജന്‍സികളും പോലീസും മുന്നറിയിപ്പ് നല്‍കുന്നു.

പിങ്ക് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെങ്കില്‍ ഇനിയെന്ത് ചെയ്യും ?

നിങ്ങൾ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ അത് അൺഇൻസ്റ്റാൾ ചെയ്യുക. ശേഷം, നിങ്ങളുടെ ഫോണിന്റെ ബാക്കപ്പ് എടുത്ത് ഫോർമാറ്റ് ചെയ്യുകയോ അല്ലെങ്കിൽ ഫോണ്‍ റീസെറ്റ് ചെയ്യുക. പിങ്ക് വാട്സ് ആപ്പ് തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, നിങ്ങൾ വാട്സ് ആപ്പ് അല്ലെങ്കിൽ ഏതെങ്കിലും അപ്‌ഡേറ്റ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്‌തെന്ന് ഉറപ്പാക്കുക. ഒരു മൂന്നാം കക്ഷി ആപ്പ് സ്റ്റോറിൽ നിന്നോ ഒരു APK ഫയലിൽ നിന്നോ വാട്സ് ആപ്പിന്റെ ഒരു പതിപ്പും ഡൗൺലോഡ് ചെയ്യരുത്. ആപ്പിള്‍ ഉപയോക്താക്കൾക്ക് മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഈ മുന്നറിയിപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്.

logo
The Fourth
www.thefourthnews.in