'ഇപ്പോൾ മരിച്ചത് ആരാണെന്ന് നോക്കൂ'; ഫേസ്ബുക്കിൽ പുത്തൻ തട്ടിപ്പ്, ശ്രദ്ധിച്ചില്ലെങ്കിൽ വിവരങ്ങൾ മുഴുവൻ നഷ്ടമാകും

'ഇപ്പോൾ മരിച്ചത് ആരാണെന്ന് നോക്കൂ'; ഫേസ്ബുക്കിൽ പുത്തൻ തട്ടിപ്പ്, ശ്രദ്ധിച്ചില്ലെങ്കിൽ വിവരങ്ങൾ മുഴുവൻ നഷ്ടമാകും

ഫേസ്ബുക് മെസഞ്ചറിലൂടെ സന്ദേശമയച്ച് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതാണ് പുതിയ തട്ടിപ്പിന്റെ രീതി

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഓരോ തരം തട്ടിപ്പുകളും ദിനേന പുതിയ രൂപവും ഭാവവും കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മണിക്കൂറിലും വിവിധങ്ങളായ തട്ടിപ്പുകൾക്ക് ഇരയായി കൊണ്ടിരിക്കയാണ് നാം. പണം തട്ടിപ്പും ബാങ്ക് അക്കൗണ്ട് അടക്കമുള്ള നമ്മുടെ രഹസ്യ വിവരങ്ങൾ ചോർത്തലും ഉൾപ്പെടെ ആ നിര നീണ്ടങ്ങനെ കിടക്കുന്നു.

ഇപ്പോഴിതാ പുതിയൊരു തട്ടിപ്പാണ് പ്രചാരം നേടുന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രധാനമായും ഈ തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. 'ദേ ഇപ്പോൾ മരിച്ചത് ആരാണെന്ന് നോക്കൂ' (look who just died) എന്ന പേരിലാണ് തട്ടിപ്പ് അറിയപ്പെടുന്നത്. ഇതിനെ പറ്റി വിദഗ്ധർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുകളും നൽകിക്കഴിഞ്ഞു. മേൽപറഞ്ഞ വാചകങ്ങളുള്ള മെസ്സേജുകൾ ഫേസ്ബുക് മെസഞ്ചറിലൂടെ അയക്കുകയും അതിലൂടെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതുമാണ് പ്രവർത്തന രീതി.

ഹാക്കർക്ക് അക്കൗണ്ടിന്റെ നിയന്ത്രണം ലഭിച്ചുകഴിഞ്ഞാൽ, നമ്മുടെ അക്കൗണ്ടിൽ നിന്ന് നമ്മളുടെ ലോഗ് ഇൻ വിവരങ്ങൾ മാറ്റാനും തുടർന്ന് അക്കൗണ്ടിൽ നിന്ന് സുഹൃത്തുക്കൾക്ക് സമാനമായ സന്ദേശങ്ങൾ അയയ്ക്കാനും കഴിയും

'ദേ ഇപ്പോൾ മരിച്ചത് ആരാണെന്ന് നോക്കു' എന്ന സന്ദേശത്തിൽ വ്യക്തിയുടെ മരണവാർത്തയിലേക്കുള്ള ലിങ്ക് ഉണ്ടാകും. മരിച്ചയാൾ പ്രശസ്തനോ അല്ലെങ്കിൽ വ്യക്തിപരമായി നമുക്ക് അടുപ്പമുള്ളയാളോ ആണെന്ന് തോന്നിപ്പിക്കും വിധത്തിൽ 'വളരെ സങ്കടകരം'(So sad), എനിക്കറിയാം നിങ്ങൾക്ക് അവനെ/ അവളെ അറിയാമെന്ന് (I know you know him/her)' എന്നിങ്ങനെ വാചകങ്ങളും ഉണ്ടാകും. അത്തരത്തിൽ ആകാംക്ഷ ഉണർത്തി ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കും. ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങൾ അപകടത്തിലാക്കുകയും മാൽവെയറുകൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

തട്ടിപ്പുകാർ ഫേസ്ബുക്ക് ലോഗിൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടേക്കാം, അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിനും സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കുന്നതിനും ഇത് ഇടയാക്കും. നമുക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും അപകടമുണ്ടാക്കാവുന്നതാണ് ഈ തട്ടിപ്പ്. ഹാക്കർക്ക് അക്കൗണ്ടിന്റെ നിയന്ത്രണം ലഭിച്ചുകഴിഞ്ഞാൽ, നമ്മുടെ അക്കൗണ്ടിൽ നിന്ന് നമ്മളുടെ ലോഗ് ഇൻ വിവരങ്ങൾ മാറ്റാനും തുടർന്ന് അക്കൗണ്ടിൽ നിന്ന് സുഹൃത്തുക്കൾക്ക് സമാനമായ സന്ദേശങ്ങൾ അയയ്ക്കാനും കഴിയും. തട്ടിപ്പ് സാധാരണയായി ഫേസ്ബുക് മെസഞ്ചറിലാണ് നടക്കുന്നതെങ്കിലും ടെക്‌സ്‌റ്റോ ഇമെയിലോ വഴിയും ഇത്തരം ലിങ്കുകൾ ലഭിച്ചേക്കാം. അതുകൊണ്ട് തന്നെ അറിയാത്ത സംശയാസ്പദമായ തരത്തിലുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. മാല്‍വെയറുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതും നന്നാവും.

logo
The Fourth
www.thefourthnews.in