നിര്‍മിത ബുദ്ധിയുടെ അപകടമുന്നറിയിപ്പ്  1984ല്‍ 'ടെര്‍മിനേറ്ററിലൂടെ' നല്‍കി, നിങ്ങള്‍ കേട്ടില്ല: ജെയിംസ് കാമറൂണ്‍

നിര്‍മിത ബുദ്ധിയുടെ അപകടമുന്നറിയിപ്പ് 1984ല്‍ 'ടെര്‍മിനേറ്ററിലൂടെ' നല്‍കി, നിങ്ങള്‍ കേട്ടില്ല: ജെയിംസ് കാമറൂണ്‍

മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുന്ന നിര്‍മിത ബുദ്ധിയുടെ സാധ്യതയുമായി ബന്ധപ്പെട്ട് ചില വ്യവസായ പ്രമുഖര്‍ പങ്കിടുന്ന ഭയത്തേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാമറൂണിന്റെ പ്രതികരണം

നിര്‍മിത ബുദ്ധിയുടെ 'ആയുധവത്ക്കരണം' വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. 1984 ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ 'ദ ടെര്‍മിനേറ്റര്‍' നിര്‍മിത ബുദ്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായി കണക്കാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മിത ബുദ്ധി മനുഷ്യരാശിയുടെ നാശത്തിന് കാരണമാണമായേക്കുമെന്ന ഭയത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാമറൂണിന്റെ പ്രതികരണം. ''1984-ല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, നിങ്ങള്‍ കേട്ടില്ല,'' അദ്ദേഹം പറഞ്ഞു. സ്‌കൈനെറ്റ് എന്നറിയപ്പെടുന്ന ഒരു ബുദ്ധിമാനായ സൂപ്പര്‍കമ്പ്യൂട്ടര്‍ സൃഷ്ടിച്ച സൈബര്‍നെറ്റിക് കൊലയാളിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായിരുന്നു ജെയിംസ് കാമറൂണിന്റെ ദ ടെര്‍മിനേറ്റര്‍.

ഏറ്റവും വലിയ അപകടം പുതിയ സാങ്കേതികവിദ്യയുടെ ആയുധവല്‍ക്കരണത്തിലാണെന്നാണ് കാമറൂണ്‍ പറയുന്നത്. 'നിര്‍മിത ബുദ്ധി ഉപയോഗിച്ച് ആണവായുധ മത്സരത്തിന് തുല്യമായ മത്സരത്തിലേക്ക് നമ്മള്‍ എത്തുമെന്ന് കരുതുന്നതായും കാമറൂണ്‍ വ്യക്തമാക്കി. അത് ഇന്ന് നടന്നില്ലെങ്കില്‍ പിന്നീട് തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടറുകള്‍ വളരെ വേഗത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. മനുഷ്യര്‍ക്ക് അതില്‍ ഇടപെടാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത് സമാധാന ചര്‍ച്ചകളുടെ സാധ്യത ഇല്ലാതാക്കും. യുദ്ധങ്ങള്‍ക്ക് വിരാമമില്ലാതാകും

ജയിംസ് കാമറൂണ്‍

കമ്പ്യൂട്ടറുകള്‍ വളരെ വേഗത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. മനുഷ്യര്‍ക്ക് അതില്‍ ഇടപെടാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത് സമാധാന ചര്‍ച്ചകളുടെ സാധ്യത ഇല്ലാതാക്കും. യുദ്ധങ്ങള്‍ക്ക് വിരാമമില്ലാതാകും. ഇത്തരം സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുന്നതിന് ഡീ-എസ്‌കലേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, എന്നാല്‍ നിര്‍മിത ബുദ്ധി അത്തരം തത്വങ്ങള്‍ പാലിക്കുമോ എന്ന് സംശയമുണ്ടെന്നും കാമറൂണ്‍ പറഞ്ഞു.

നിര്‍മിത ബുദ്ധിക്ക് ഏറെ ഗുണങ്ങളുണ്ടെങ്കിലും അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ലോകാവസാനത്തിലേക്ക് വരെ നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ അറിവില്ലാതെ, എല്ലാ മാധ്യമങ്ങളുടെയും വിവരങ്ങളുടെയും പൂര്‍ണ്ണ നിയന്ത്രണത്തോടെ' കമ്പ്യൂട്ടറുകള്‍ ഇതിനകം ലോകത്തെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ രംഗത്തെ പ്രമുഖ വിദഗ്ധരും കാമറൂണിന് സമാനമായ ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. ഓപ്പണ്‍ എഐ, ഗൂഗിളിന്റെ ഡീപ് മൈന്‍ഡ് തുടങ്ങിയ ടെക് ഭീമന്മാരും അക്കാദമിക് വിദഗ്ധരും നിയമനിര്‍മ്മാതാക്കളും സംരംഭകരും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പകര്‍ച്ച വ്യാധികളും ആണവയുദ്ധ അപകടസാധ്യതകളും മുന്നില്‍ കാണുന്നതിന് സമാനമായി ഈ വിഷയത്തേയും ആഗോള തലത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് അവര്‍ പറയുന്നത്.

നിര്‍മിത ബുദ്ധിയുടെ നല്ല ഫലങ്ങള്‍ ഉറപ്പാക്കുകയും അപകടസാധ്യതകള്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് വരെ നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ഇലോണ്‍ മസ്‌ക്, സ്റ്റീവ് വോസ്നിയാക് എന്നിവരുള്‍പ്പെടെ 1,000-ലധികം വിദഗ്ധരും എക്സിക്യൂട്ടീവുകളും വ്യക്തമാക്കുന്നത്. നിര്‍മിത ബുദ്ധിയിലധിഷ്ടിതമായ പരിശീലനങ്ങള്‍ ആറ് മാസം താത്ക്കാലികമായി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in