5 ജി കാലത്തും കോളുകളുടെ 
ഗുണനിലവാരം നഷ്ടമാകരുത്; ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രായ്

5 ജി കാലത്തും കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്; ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രായ്

സേവനങ്ങളുടെ ഗുണനിലവാരത്തില്‍ വീഴ്ച സംഭവിക്കരുത്

രാജ്യത്തെ ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ് ) കര്‍ശന നിര്‍ദേശം. ഉപയോക്താക്കള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണം, സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.

5 ജി സേവനങ്ങള്‍ ആരംഭിക്കുമ്പോള്‍ കോളുകളുടെ ഗുണനിലവാരം നഷ്ടപ്പെടരുത്

രാജ്യത്ത് 5 ജി സേവനങ്ങള്‍ വ്യാപകമാകുമ്പോള്‍ വോയ്സ് കോളുകളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ, സേവനങ്ങളില്‍ വീഴ്ച സംഭവിക്കരുത്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഓണ്‍ലൈന്‍ വിവരശേഖരണ സംവിധാനം ആസൂത്രണം ചെയ്യണമെന്നും ട്രായ് ആവശ്യപ്പെട്ടു.

സംഭാഷണം വ്യക്തമാണെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണമെന്നും ട്രായ്

കോള്‍ മ്യൂട്ടിംഗ്, വണ്‍വേ സംഭാഷണങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സംഭാഷണം വ്യക്തമാണെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണമെന്നും ട്രായ് നിര്‍ദേശം നല്‍കി. കോള്‍ ഡ്രോപ്പുകളെക്കുറിച്ചുള്ള സംസ്ഥാനതല വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രധാന പരാതികള്‍ക്ക് പ്രധാന്യം നല്‍കി പെട്ടന്ന് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു.

ടെലികോം കമ്പനികളുടെ സേവനങ്ങളെ കുറിച്ച് ഉപയോക്താക്കളുടെ പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് രാജ്യത്തെ ടെലികോം കമ്പനികളുമായി ട്രായ് കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമായിരുന്നു ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. റെഗുലേറ്റര്‍ സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് യോഗത്തില്‍ അധ്യക്ഷനായ ട്രായ് മേധാവി പി ഡി വഗേല മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in