മനുഷ്യചിന്തകള്‍ റെക്കോഡ് ചെയ്യാം; മസ്‌കിന്റെ 'ടെലിപതി'യിലൂടെ

തലമുടിയേക്കാള്‍ നേര്‍ത്ത ചിപ്പാണ് മനുഷ്യ മസ്തിഷ്‌കത്തില്‍ ഘടിപ്പിച്ചത്.

കഴിഞ്ഞദിവസമാണ് ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ സ്ഥാപിച്ചെന്നും അയാള്‍ സുഖം പ്രാപിക്കുന്നെന്നും ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. ആദ്യത്തെ ശ്രമം വിജയിച്ചതായും ന്യൂറോണ്‍ സ്‌പൈക്ക് കണ്ടെത്തിയതായും മസ്‌ക് അവകാശപ്പെട്ടു. എന്നാല്‍ ആര്‍ക്കാണ് ചിപ്പ് ഇംപ്ലാന്റ് ചെയ്തതെന്ന് മസ്‌കോ ന്യൂറാലിങ്കോ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. എത്ര പേര്‍ ട്രയലുകളുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടുമില്ല.

2016ലാണ് മെഡിക്കല്‍ റിസര്‍ച്ച് കമ്പനിയായി ന്യൂറാലിങ്ക് രജിസ്റ്റര്‍ ചെയ്തത്. മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറിനുമിടയില്‍ നേരിട്ട് ആശയവിനിമയം നടത്താനുള്ള മാര്‍ഗമായാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് കമ്പനി ആരംഭിക്കുന്നത്. ചിന്തകള്‍ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടര്‍ കഴ്‌സറോ കീബോര്‍ഡോ നിയന്ത്രിക്കാന്‍ ആളുകളെ പ്രാപ്തരാക്കുകയെന്നതാണ് ന്യൂറാലിങ്കിന്റെ പ്രാരംഭ ലക്ഷ്യമെന്നാണ് അവരുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്.

മനുഷ്യരില്‍ ചിപ്പ് ഘടിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്. ആറ് വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലായിരുന്നു ഇത്. നിരവധി വിവാദങ്ങള്‍ക്കൊടുവില്‍ മസ്‌ക് തന്റെ ലക്ഷ്യത്തിന്റെ ആദ്യ പടി താണ്ടി.

മനുഷ്യചിന്തകള്‍ റെക്കോഡ് ചെയ്യാം; മസ്‌കിന്റെ 'ടെലിപതി'യിലൂടെ
മസ്‌കിന് ടെസ്‌ല നല്‍കുന്നത് 5600 കോടി ഡോളറിന്റെ 'ഭീമമായ ശമ്പളം'; അസാധുവാക്കി അമേരിക്കന്‍ കോടതി

മസ്തിഷ്‌കത്തിലെ ചിപ്പ്

തലച്ചോറിന്റെ ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗത്ത് റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയാണ് ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ഇംപ്ലാന്റ് ചെയ്യുന്നത് എന്ന് ന്യൂറാലിങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. മസ്തിഷ്‌ക സിഗ്നലുകള്‍ മനസിലാക്കുകയും അവയെ ബാഹ്യ സാങ്കേതിക വിദ്യകള്‍ക്കുള്ള കമാന്‍ഡുകളായി മാറ്റുന്നതുമാണ് ബിസിഐ.

തലമുടിയേക്കാള്‍ നേര്‍ത്ത ചിപ്പാണ് മനുഷ്യ മസ്തിഷ്‌കത്തില്‍ ഘടിപ്പിച്ചത്. 64 നൂലിഴകള്‍ ചേര്‍ത്ത് നിര്‍മിച്ച ചിപ്പ് ഘടിപ്പിച്ചയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞശേഷം തലച്ചോറില്‍നിന്നുള്ള സിഗ്നലുകളെ ആപ്പിലേക്ക് കൈമാറുകയാണ് ചിപ്പിന്റെ ജോലി. മസ്തിഷ്‌കത്തെ ചിപ്പുവഴി കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളടക്കമുള്ള സകലകാര്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത്രയും വലിയ ഓപ്പറേഷന് ആകെ 30 മിനുറ്റാണ് സമയമെടുക്കുന്നത്. ജനറല്‍ അനസ്‌തേഷ്യ ആവശ്യമില്ലെന്ന ശ്രദ്ധേയമായ കാര്യവും ഇതിലുണ്ട്.

മനുഷ്യചിന്തകള്‍ റെക്കോഡ് ചെയ്യാം; മസ്‌കിന്റെ 'ടെലിപതി'യിലൂടെ
മനുഷ്യനിൽ 'ബ്രെയിന്‍ ചിപ്പ്' പ്രവര്‍ത്തിച്ചു തുടങ്ങി; മസ്‌കിൻ്റെ ന്യൂറാലിങ്ക് ഇംപ്ലാൻ്റിൻ്റെ പ്രാരംഭ ഫലം വിജയകരം

ടെലിപ്പതി

ന്യൂറാലിങ്കിന്റെ ആദ്യ ഉപകരണത്തിന് ടെലിപ്പതിയെന്നാണ് മസ്‌ക് പേരിട്ടിരിക്കുന്നത്. ഒരൊറ്റ ചിന്തയിലൂടെ ഫോണിനെയോ കമ്പ്യൂട്ടറിനെയോ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. അതിന് സ്റ്റീഫന്‍ ഹോക്കിങ്ങിനെയാണ് അദ്ദേഹം ഉദാഹരണമായും എടുത്തിരിക്കുന്നത്.

അമിതഭാരം, ഓട്ടിസം, വിഷാദം, ചിത്തഭ്രമം (സ്‌കിസോഫ്രീനിയ) തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ഈ ചിപ്പ് മൂലം സാധിക്കുമെന്നാണ് മസ്‌ക് നല്‍കുന്ന വിശദീകരണം. ഭിന്നശേഷിക്കാരെ സംബന്ധിച്ച് ചിപ്പ് നല്‍കുന്നത് ജീവിതത്തിലേക്കുള്ള പ്രതീക്ഷയാണ്. പക്ഷാഘാതമുള്ളവര്‍ക്ക് പോലും തന്റെ ചിന്തകളെ പ്രവര്‍ത്തികളാക്കാന്‍ സാധിക്കുമെന്നുള്ള പോസിറ്റീവ് ഘടകങ്ങളും ഇതിലുണ്ട്. തളര്‍വാതരോഗികളെ ചിന്തകള്‍ ഉപയോഗിച്ച് നടത്താനും നാഡീസംബന്ധമായ അസുഖങ്ങള്‍ സുഖപ്പെടുത്താനും ഇത് സഹായിക്കും.

എന്നാല്‍ ന്യൂറാലിങ്ക് മാത്രമാണോ ഈ ഒരു ആശയം മുന്നോട്ടുകൊണ്ടുവന്നത്? ഒരിക്കലുമല്ല. സിന്‍ക്രോണ്‍, പ്രിസിഷന്‍ ന്യൂറോസയന്‍സ്, പാരാഡ്രോമിക്‌സ്, ബ്ലാക്‌റോക്ക് ന്യൂറോടെക് തുടങ്ങി നിരവധി കമ്പനികള്‍ ഇത്തരം ആശയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ വര്‍ഷം പകുതിയാകുമ്പോള്‍ തന്നെ പാരാഡ്രോമിക്‌സ് ആദ്യ മനുഷ്യപരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒഴിയാത്ത വിവാദങ്ങള്‍

മസ്‌കിന്റെ ന്യൂറാലിങ്കിനൊപ്പം വിവാദങ്ങളും എപ്പോഴും കൂടെയുണ്ട്. ആടുകള്‍, കുരങ്ങന്‍മാര്‍, പന്നികള്‍ ഉള്‍പ്പെടെയള്ള 1500 മൃഗങ്ങള്‍ ഈ ടെസ്റ്റിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞദിവസം അമേരിക്കയിലെ കൃഷി വകുപ്പ് കമ്പനി മൃഗസംരക്ഷ നിയമങ്ങളൊന്നും തന്നെ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ല. മസ്‌കും ഈ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തുവന്നിരുന്നു.

മസ്‌ക് പറഞ്ഞതുപോലെ മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിച്ചുകൊണ്ടുള്ള യാത്ര മുന്നോട്ടുകൊണ്ടുപോകുകയാണ്. ചിന്തകളെ പ്രയോഗത്തില്‍ കൊണ്ടുവരുന്ന സംവിധാനങ്ങള്‍ ഇനിയും കൂടിക്കൊണ്ടേയിരിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in