WhatsApp
WhatsApp

സുരക്ഷയാണ് മെയിൻ; പുതിയ മൂന്ന് ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

'സ്റ്റേ സേഫ് വിത്ത് വാട്ട്‌സ്ആപ്പ്' എന്ന ക്യാമ്പയിന് പിന്നാലെയാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നായ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ സന്ദേശങ്ങൾ സുരക്ഷിതമാക്കാൻ പുതിയ മൂന്ന് ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. ഉപഭോക്തൃ സുരക്ഷാ ക്യാമ്പയിന് തുടക്കം കുറിച്ചത്തിന് പിന്നാലെയാണ് വാട്ട്‌സ്ആപ്പിന്റെ പ്രഖ്യാപനം. 'സ്റ്റേ സേഫ് വിത്ത് വാട്ട്‌സ്ആപ്പ് എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിനിലൂടെ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും, അതിന് വേണ്ടി അവരെ സ്വയം പര്യാപ്തരാകുകയുമാണ് ലക്ഷ്യം.

ദിനംപ്രതി വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രാപ്തരാക്കുന്ന വാട്ട്‌സ്ആപ്പിന്റെ തന്നെ ഇൻ-ബിൽറ്റ് ഫീച്ചറുകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിലാണ് ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുരക്ഷ മുൻനിർത്തി ഇത്തവണ മൂന്ന് ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഒരു വ്യക്തിയുടെ അക്കൗണ്ടിന് അധിക സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുകയാണ് വാട്സ്ആപ്പ്. ഇതോടെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് റീസെറ്റ് ചെയ്യുമ്പോഴോ അല്ലെങ്കിൽ മറ്റൊരു ഫോണിലേക്ക് മാറ്റുമ്പോഴോ ഒരു ആറക്ക പിൻ ആവശ്യമായി വരും. ഈ പിൻ കോഡ് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്റ്റീവ് ആകുമ്പോൾ ഉപയോക്താവ് സെറ്റ് ചെയ്യുന്നതാണ്. നമ്മുടെ സിം കാർഡ് മോഷ്ടിക്കപ്പെടുകയോ ഫോൺ അപഹരിക്കപ്പെടുകയോ ചെയ്താൽ ഈ സുരക്ഷാ ക്രമീകരണം സഹായകരമാണ്.

ഡിവൈസ് വെരിഫിക്കേഷൻ

മൊബൈൽ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് മാൽവെയറുകൾ സൃഷ്ടിക്കുന്നത്. വ്യക്തികളുടെ അനുമതിയില്ലാതെ ഫോണിൽ പ്രവേശിക്കാനും അനാവശ്യ സന്ദേശങ്ങൾ അയയ്‌ക്കാനായി വാട്സ്ആപ്പ് ഉപയോഗിക്കാനും മാൽവെയറുകൾക്ക് സാധിക്കും. അതിനാൽ അക്രമകാരികളായ മാൽവെയറുകളിൽ നിന്നുള്ള സുരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടിയാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ സജ്ജീകരിച്ചിട്ടുള്ളത്. അത് പ്രകാരം മൊബൈൽ ഫോണിലേക്ക് മാൽവെയറുകൾ പ്രവേശിച്ചാൽ യൂസർമാർ സുരക്ഷക്കായി ഒന്നും ചെയ്യേണ്ടതില്ല. പുതിയ ഫീച്ചറനുസരിച്ച് ആപ്പ് ഓട്ടോമാറ്റിക്കായി അക്കൗണ്ട് സുരക്ഷിതമാക്കും.

ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ

വാട്സ്ആപ്പിലെ സെക്യൂരിറ്റി കോഡ് വെരിഫിക്കേഷൻ സന്ദേശങ്ങൾ പരസ്പരം കൈമാറുമ്പോൾ കൂടുതൽ സുരക്ഷിതത്വം നൽകുന്ന ഫീച്ചറാണ്.ദൈർഘ്യമേറിയ കോഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായ കണക്ഷനാണോ എന്ന് പരിശോധിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ഇപ്പോൾ പുതിയ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം കോൺടാക്റ്റുകളുടെ സുരക്ഷാ കോഡുകൾ വാട്സ്ആപ്പ് സ്വമേധയാ പരിശോധിച്ച് അവ ഉറപ്പുവരുത്തുന്നു. കോൺടാക്ട് ഇൻഫോയിലെ എൻക്രിപ്ഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് അത് പരിശോധിക്കാം.

നേരത്തെ വാട്സ്ആപ്പ് കോൺടാക്ടിലുള്ള ഏതെങ്കിലും വ്യക്തിയുടെ ചാറ്റ് ബോക്സ് എടുത്ത് അവരുടെ കോൺടാക്ട് ഇൻഫോ പേജിൽ പോയി എൻക്രിപ്ഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ, അതിൽ ഒരു ക്യൂ ആർ കോഡും 60 നമ്പറുകളും കാണാൻ സാധിക്കും. സ്വീകർത്താവിന്റെ ഫോൺ ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ 60-ഡിജിറ്റ് കോഡ് അയച്ചുകൊടുത്തോ യൂസർമാർക്ക് എൻക്രിപ്ഷൻ പരിശോധിക്കാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് ഇതുവരെ നൽകിയിരുന്നത്.

logo
The Fourth
www.thefourthnews.in