'നോട്ട് എ ബോട്ട്': എക്സ് ഉപയോഗത്തിന്  ഇനി പണം നൽകണം, പ്രതിവർഷ ഫീസ് ആദ്യം രണ്ട് രാജ്യങ്ങളിൽ

'നോട്ട് എ ബോട്ട്': എക്സ് ഉപയോഗത്തിന് ഇനി പണം നൽകണം, പ്രതിവർഷ ഫീസ് ആദ്യം രണ്ട് രാജ്യങ്ങളിൽ

ന്യൂസിലൻഡിലും ഫിലിപ്പീൻസിലും മാത്രമാണ് ആദ്യ പടിയെന്നോണം പുതിയ സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിച്ചത്. പ്രതിവർഷം ഒരു ഡോളറെന്ന കണക്കിലാകും വരിസംഖ്യ ഈടാക്കുക

ഉപയോക്താക്കൾക്ക് പ്രതിവർഷം വരിസംഖ്യ ഏർപ്പെടുത്തുന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിച്ച് ഇലോണ്‍ മസ്കിന്റെ എക്സ് (ട്വിറ്റര്‍). ഒക്ടോബർ 17ഓടെ ഈ രീതിക്ക് തുടക്കം കുറിച്ചതായി എക്സ് പ്രസ്താവനയില്‍ അറിയിച്ചു. പ്രതിവർഷം ഒരു ഡോളറെന്ന (ഏകദേശം 83 ഇന്ത്യന്‍ രൂപ) കണക്കിലാകും വരിസംഖ്യ ഈടാക്കുക. ന്യൂസിലൻഡിലെയും ഫിലിപ്പീൻസിലെയും ഉപയോക്താക്കൾക്കാണ് സബ്സ്ക്രിപ്ഷന്‍ മോഡ് ആദ്യം ലഭ്യമാകുക. 'നോട്ട് എ ബോട്ട്' എന്നാണ് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിന് പേര് നൽകിയിട്ടുള്ളത്. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ എന്നാണ് എക്സിന്റെ ഔദ്യോഗിക വിശദീകരണം.

എക്സിന്റെ പുതിയ പ്രഖ്യാപനമനുസരിച്ച്, പുതിയ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. നിലവിലെ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. ആദ്യ പടിയെന്നോണം രണ്ട് രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളത്, ന്യൂസിലൻഡിലും ഫിലിപ്പീൻസിലും. പുതിയ മാതൃകയിൽ പണമടയ്ക്കാതെ ഉപോയോഗിക്കുന്നവർക്ക് 'റീഡ് ഒൺലി' മോഡിലായിരിക്കും എക്സ് ലഭ്യമാകുക, അതായത്, പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണാനും വായിക്കാനും വീഡിയോകൾ കാണാനും അക്കൗണ്ടുകൾ പിന്തുടരാനും മാത്രമേ കഴിയൂ. പണമടച്ച് ഉപഗോയിക്കുന്നവർക്ക് മാത്രമേ ഇനി മുതൽ എക്‌സിലെ പോസ്റ്റുകൾ ലൈക് ചെയ്യാനും വീണ്ടും ഷെയർ ചെയ്യാനും സാധിക്കുകയുള്ളു.

ന്യൂസിലൻഡിൽ 1.43 ന്യൂസിലൻഡ് ഡോളറും ഫിലിപ്പീൻസിൽ 42.51 ഫിലിപ്പീൻ പെസോയുമാണ് സബ്സ്ക്രിപ്ഷൻ നിരക്ക്.

'നോട്ട് എ ബോട്ട്': എക്സ് ഉപയോഗത്തിന്  ഇനി പണം നൽകണം, പ്രതിവർഷ ഫീസ് ആദ്യം രണ്ട് രാജ്യങ്ങളിൽ
പാസ്‌വേഡ് മറന്നുപോയോ? പേടിക്കേണ്ട പാസ് കീ ഉണ്ടല്ലോ, അറിയാം വാട്‌സ്ആപ്പിലെ പുതിയ സവിശേഷത

കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ എക്സ് എന്ന പേര് സ്വീകരിച്ചത്. പേരുമാറ്റത്തിന്ന് പുറമെ പല സുപ്രധാന മാറ്റങ്ങളും മസ്ക് ട്വിറ്റിറില്‍ പ്രഖ്യാപിച്ചു. ഉപയോക്തൃ അടിത്തറയുടെ 'ആധികാരികത ഉറപ്പാക്കാൻ' എക്‌സിൽ ലഭ്യമാകുന്ന പോസ്റ്റുകൾ കാണുന്നതിന് പരിധിയും മസ്ക് ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ ആയിരുന്നു ഈ പ്രഖ്യാപനം.

പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്ന 'ബ്ലൂ ടിക്ക്' വെരിഫിക്കേഷൻ സംവിധാനവും മസ്ക് എടുത്തുമാറ്റി. ഇപ്പോൾ ഒരു നിശ്ചിത തുകയടച്ച ആർക്കുവേണമെങ്കിലും എക്‌സിൽ ബ്ലൂ ടിക്ക് സ്വന്തമാക്കാം. ഇതിനെതിരെ ചില വിവാദങ്ങളുയർന്നപ്പോൾ, അന്നും എക്‌സിലെ ബോട്ടുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു മസ്ക് നൽകിയ മറുപടി. ഓഗസ്റ്റിൽ എക്സിൽ നിന്ന് ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യുമെന്നും മസ്‌ക് അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ ലോകത്തിൽ ആളുകളെ ബ്ലോക്ക് ചെയ്യുന്ന ഫീച്ചറിന് വലിയ അർത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ തീരുമാനം.

സെപ്റ്റംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള തത്സമയ സംവാദത്തിനിടെ എലോൺ മസ്ക് പ്രതിമാസ ഫീസ് എക്‌സിൽ ഏർപ്പെടുത്തുന്നതിനെപ്പറ്റി സൂചനകൾ നൽകിയിരുന്നു. ഈ മാസം ആദ്യം എക്സിൻറെ പുതിയ സിഇഒ ലിൻഡ യാക്കാരിനോ എക്‌സിന്റെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപയോക്താക്കളിലേക്കെത്തുന്ന പരസ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന്റെ മൂന്ന് തലങ്ങൾ പരീക്ഷിക്കുമെന്ന് ഇതിനുമുൻപ് ലിൻഡ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in