പിരിച്ചുവിടല്‍ പാതയില്‍ യാഹൂവും; 20 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

പിരിച്ചുവിടല്‍ പാതയില്‍ യാഹൂവും; 20 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

യാഹൂവിന്റെ പരസ്യ യൂണിറ്റിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം

കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന വന്‍കിട ടെക് കമ്പനികളുടെ പാത പിന്തുടർന്ന് ഇന്റര്‍നെറ്റിലെ പ്രധാന സെര്‍ച്ച് എഞ്ചിനും പോര്‍ട്ടലുമായിരുന്ന യാഹൂവും. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിലധികം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി യാഹൂ പ്രസ്താവനയില്‍ അറിയിച്ചു. യാഹൂവിന്റെ പരസ്യ യൂണിറ്റിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം. 50ശതമാനം ആഡ് ടെക് ജീവനക്കാരെ (1,600ലധികം പേർ) പിരിച്ചുവിടൽ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ഒരു അമേരിക്കൻ പബ്ലിക് കോർപ്പറേഷനാണ് യാഹൂ. വെബ് പോർട്ടൽ, സെർച്ച് എഞ്ചിൻ, ഇ-മെയിൽ‍, വാർത്തകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ധാരാളം സേവങ്ങൾ യാഹൂ നൽകി വരുന്നുണ്ട്.

2021 മുതൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലാണ് യാഹൂ. പിച്ച്ബുക്ക് ഡാറ്റ പ്രകാരം കമ്പനിക്ക് അക്കാലത്ത് ഏകദേശം 10,000 ജീവനക്കാരുണ്ടായിരുന്നു. കമ്പനിയുടെ നിലവിലെ ജീവനക്കാരുടെ എണ്ണം 8,000ന് അടുത്താണ്. ഈ ആഴ്ച ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിടും.

യാഹൂവിന്റെ പരസ്യ യൂണിറ്റായ യാഹൂ ഫോർ ബിസിനസ് വിഭാഗത്തിന്റെ നയങ്ങൾ കമ്പനിയുടെ വളർച്ചയ്ക്ക് ഉതകുന്നതായിരുന്നില്ല. പുതിയ പരസ്യ വിഭാ​ഗം മുൻപോട്ട് വച്ച നയങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് പ്രധാനമാണെന്നും ഇത് പ്രകാരം, വർഷാവസാനത്തോടെ മുൻ ബിസിനസ് വിഭാ​ഗത്തിലെ 50 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്നും യാഹൂ വക്താവ് വ്യക്തമാക്കി.

സേവനങ്ങൾ തൃപ്തികരമാക്കാനായി അടുത്ത 30 വർഷം ഡിജിറ്റൽ പരസ്യ കമ്പനിയായ റ്റബൂളയുമായി ചേർന്ന് പ്രവർത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇത്തരം മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പരസ്യ വിപണി ശക്തിപ്പെടുത്തുകയും തങ്ങളുടെ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും മികച്ച മൂല്യം നൽകാൻ യാഹൂവിനെ പ്രാപ്തമാക്കുകയും ചെയ്യുമെന്നും യാഹൂ വക്താവ് പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് കമ്പനി പിരിച്ചുവിടൽ പാക്കേജുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിരിച്ചുവിടല്‍ പാതയില്‍ യാഹൂവും; 20 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും
ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; ആല്‍ഫബെറ്റിലെ 12,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

കോവിഡിന് ശേഷം വൻകിട കമ്പനികളിലടക്കം പിരിച്ചുവിടൽ തുടരുകയാണ്. ഗൂ​ഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റില്‍ നിന്ന് 12,000 തൊഴിലാളികളെ വെട്ടികുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. മുൻ വർഷങ്ങളിൽ സാമ്പത്തിക നഷ്ടം നേരിട്ടത് മൂലം ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗി തീരുമാനിച്ചത് ജനുവരിയിലാണ്. ആമസോണിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി വെട്ടിക്കുറയ്ക്കൽ തുടരുകയാണ്. ഈ വർഷം ജനുവരിയിൽ മാത്രം 25,000ത്തോളം പേരെയാണ് 91 ടെക് സ്ഥാപനങ്ങൾ പിരിച്ചുവിട്ടത്. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ഏറ്റവുമധികം ബാധിച്ചത് ടെക് കമ്പനികളെ ആയതിനാല്‍ തുടരെയുള്ള പിരിച്ചുവിടലുകള്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണമാകുമോയെന്നതാണ് പ്രധാന ആശങ്ക.

logo
The Fourth
www.thefourthnews.in