വേർഡ്സ്‌വർത്തിന്റെ നാട്ടിലേക്ക് ഒരു അക്ഷര തീർത്ഥാടനം 

വേർഡ്സ്‌വർത്തിന്റെ നാട്ടിലേക്ക് ഒരു അക്ഷര തീർത്ഥാടനം 

വില്യം വേർഡ്‌സ്‌വർത്തിന്റെ ബാല്യകാലഭവനം സ്ഥിതി ചെയ്യുന്ന പട്ടണമാണ്  കൊക്കർമൗത്ത്‌. വേർഡ്‌സ്‌വർത്ത് ഹൗസിന്റെ  പിന്നിൽ വിശാലമായ പൂന്തോട്ടമുണ്ട്. അതിനും പിന്നിലായി ഡെർവെൻറ് നദി ഒഴുകുന്നു

മനുഷ്യകുലത്തിൽപ്പെട്ട നാമോരോരുത്തർക്കും വ്യക്തി എന്ന നിലയിൽ സ്വാഭാവികമായി ലഭിച്ചിട്ടുള്ള മൂല്യങ്ങളെ ആഘോഷിക്കുക എന്നത് വലിയ കാര്യമാണ്. സാഹിത്യത്തിലും കലയിലും കാല്പനികത്വം കൈവരുന്നത് വൈയക്തികമായ ചോദനകൾക്ക് പ്രാധാന്യം നൽകുമ്പോഴാണ്. പഴമയേയും പ്രകൃതിയെയും വാഴ്ത്തുകയെന്നത് കാല്പനികത്വത്തിന്റെ ലക്ഷണങ്ങളാണ്. വ്യക്തികൾക്ക് പ്രാമുഖ്യം നല്കുന്നതിലൂടെയും ആത്മനിഷ്ഠമായ ചോദനകളെ മഹത്വവൽക്കരിക്കുന്നതിലൂടെയും അയുക്തികതയെ  ആഘോഷിക്കുന്നതിലൂടെയും ഭാവനയെ വാരിപ്പുണരുകയും ചെയ്യുന്നതുവഴി സാഹിത്യത്തിലും കലയിലും കാല്പനികത്വം നിറഞ്ഞാടിയതിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദം മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെയാണ്. സ്വതശ്ചലനവും ഭാവാത്മകതയും സ്വപ്നദർശിത്വവും അതീന്ദ്രിയതയും എല്ലാം കാല്പനികത്വത്തിന്റെ സൃഷ്ടികൾക്ക് ചാരുത പാകി.

വില്യം വേർഡ്‌സ്‌വർത്ത്
വില്യം വേർഡ്‌സ്‌വർത്ത്

ആംഗലേയ സാഹിത്യലോകത്ത് കാല്പനികത്വത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനാണ് വില്യം വേർഡ്‌സ്‌വർത്ത് എന്ന മഹാനായ കവി. ആത്മീയതയുടെയും വൈജ്ഞാനികതയുടെയും ഘടകങ്ങൾ സമ്മേളിപ്പിച്ചുകൊണ്ട് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ പ്രമേയമാക്കി വേർഡ്‌സ്‌വർത്ത് കവിതകൾ എഴുതി. സാധാരണക്കാരായ മനുഷ്യരുപയോഗിക്കുന്ന വാക്കുകളാണ് തന്റെ കവിതകളിൽ വേർഡ്‌സ്‌വർത്ത് കൂടുതലായും ഉപയോഗിച്ചത്.

ഇംഗ്ലണ്ടിലെ ലെയ്ക് ഡിസ്‌ട്രിക്റ്റിൽപ്പെടുന്ന കൊക്കർമൗത്ത്‌ എന്ന സ്ഥലത്താണ് 1770 ഏപ്രിൽ 7 ന് വില്യം വേർഡ്‌സ്‌വർത്ത്  ജനിച്ചത്. പ്രകൃതിയുടെ മനോഹാരിതയോടുള്ള അടുപ്പം വേർഡ്‌സ്‌വർത്തിന് വളരെ ചെറിയ പ്രായത്തിൽ തന്നെ കൈവന്നിരുന്നു. കൊക്കെർമൗത്തിലെ ഡെർവെൻറ് നദിയോട് ചേർന്നുള്ള മനോഹരമായ ഗൃഹത്തിലാണ്  കവി തന്റെ ബാല്യകാലം ചെലവഴിച്ചത്.

വില്യം വേർഡ്‌സ്‌വർത്തിന്റെ ബാല്യകാലഭവനം
വില്യം വേർഡ്‌സ്‌വർത്തിന്റെ ബാല്യകാലഭവനം

വില്യം വേർഡ്‌സ്‌വർത്തിന്റെ ബാല്യകാലഭവനം സ്ഥിതി ചെയ്യുന്ന കൊക്കെർമൗത്തിൽ സന്ദർശിക്കാൻ എനിക്ക് അവസരം ഉണ്ടായി. ലോകമെങ്ങുമുള്ള  സാഹിത്യ പ്രേമികൾക്ക് തീർത്ഥാടന സമാനമാണ് ഈ യാത്ര. ഡെർവെൻറ്, കോക്കർ നദികൾ സംഗമിക്കുന്ന പട്ടണമാണ് ജോർജിയൻ രീതിയിലുള്ള നിർമാണങ്ങൾ ചേരുന്ന കൊക്കർമൗത്ത്‌ പട്ടണം. വേർഡ്‌സ്‌വർത്ത് ഹൗസിന്റെ  പിന്നിൽ വിശാലമായ പൂന്തോട്ടമുണ്ട്. അതിനും പിന്നിലായി ഡെർവെൻറ് നദി ഒഴുകുന്നു.

കൊക്കെർമൗത്തിലെ ഡെർവെൻറ് നദി
കൊക്കെർമൗത്തിലെ ഡെർവെൻറ് നദി

വേർഡ്‌സ്‌വർത്ത് ഹൗസിനോട് ചേർന്ന് ഒരു മനോഹരമായ ഉദ്യാനവും സംരക്ഷിച്ചുവരുന്നുണ്ട്. ബ്രിട്ടനിൽ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും സ്മാരകങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും സംരക്ഷിക്കുന്ന സ്ഥാപനമായ നാഷണൽ ട്രസ്റ്റിനാണ് വേർഡ്‌സ്‌വർത്ത് ഹൗസിന്റെ മേൽനോട്ട ചുമതല. ജോർജിയൻ വാസ്തുശില്പശൈലിയിലുള്ള ഈ നഗരഭവനം യാതൊരു കേടുപാടും ഇല്ലാതെയാണ് നാഷണൽ ട്രസ്റ്റ് സംരക്ഷിച്ചുവരുന്നത്. വേർഡ്‌സ്‌വർത്ത് സഹോദരിയായ ഡൊറോത്തിക്കൊപ്പമാണ് കൊക്കർമൗത്തിലെ ഈ വീട്ടിൽ താമസിച്ചിരുന്നത്. 1770 കളിൽ കവിയും സഹോദരിയും താമസിച്ച കാലത്തുള്ള ഭവനം അതേ രീതിയിൽ തന്നെ ഇപ്പോഴും നിലനിർത്തിപ്പോരുന്നു. അടുക്കളയും ഓഫീസ് മുറിയും സ്വീകരണമുറിയുമെല്ലാം ലൈവ് ആണിവിടെ. അടുക്കളയിൽ ഭക്ഷണവും പാത്രങ്ങളുമെല്ലാമുണ്ട്. ഓഫീസ് മുറിയിൽ മേശയും കസേരയും ഒപ്പം മേശമേൽ പഴയകാലത്തെ തൂവൽ പേനയും മഷിക്കുപ്പിയുമെല്ലാം കവിയെ ഓർമിപ്പിക്കുന്നു. സ്വീകരണമുറിയിൽ ഇരിക്കുന്ന കിന്നാരപ്പെട്ടിയും മറ്റു സംഗീതോപകരണങ്ങളും സന്ദർശകർക്ക് ശ്രദ്ധാപൂർവം ഉപയോഗിക്കാനും അനുവാദമുണ്ട്.

വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ജനന-മരണ തീയതികള്‍ രേഖപ്പെടുത്തിയ ശിലാഫലകം
വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ജനന-മരണ തീയതികള്‍ രേഖപ്പെടുത്തിയ ശിലാഫലകം

കുഞ്ഞു വേർഡ്‌സ്‌വർത്തിന്റെ വീട്ടിലെ ഉദ്യാനാമായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലത്തെ കളിസ്ഥലം. ഈ ഉദ്യാനത്തിൽ വെച്ചാണ് വേർഡ്‌സ്‌വർത്തിന് പ്രകൃതിയോടുള്ള സ്നേഹം ഉടലെടുക്കുന്നത്. പ്രകൃതിയോടുള്ള കവിയുടെ അടങ്ങാത്ത സ്നേഹമാണ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കവികളിൽ ഒരാളായി മാറ്റിയത്.

ഉദ്യാനത്തിൽ നിറയെ ശരത്കാലത്തിന്റെ നിറങ്ങളും പരിമണവും ശബ്ദവുമാണ്. ഉദ്യാനത്തിലെ പൂക്കൾക്കും വിവിധയിനം പഴങ്ങൾക്കുമിടയിൽ നിൽക്കുമ്പോൾ നമ്മളും പ്രകൃതിയിൽ ഏകാകിയായ മേഘത്തെ പോലെ ഒഴുകിനടക്കുന്നതായി (Wandered lonely as a cloud) തോന്നും. ഏതാണ്ട് 250 വർഷങ്ങൾക്ക് മുൻപ് ഇവിടെ ജനിച്ചുവളർന്ന വേർഡ്‌സ്‌വർത്തതിന് ഈ ഗൃഹവും ഉദ്യാനവും മാധുര്യമുള്ള  ജന്മഗേഹമായി മാറിയതിൽ അത്ഭുതമില്ല എന്ന് മനസ്സിലാകും. ഈ ഗൃഹവും ഉദ്യാനവും തന്നെയാവും അദ്ദേഹത്തിൽ ഒരു ജീവിതകാലം മുഴുവൻ സർഗാത്മകത വിരിഞ്ഞു നില്ക്കാൻ ഇടയാക്കിയത്. വർണാഭമായ ഇലകളാൽ മൂടിയ വീട്ടിലെ മട്ടുപ്പാവിന് ചുവട്ടിൽ കവിയുടെ സഹോദരി ഡൊറോത്തി കളിച്ചുനടന്നിരുന്നു. മട്ടുപ്പാവിന് ചുവട്ടിലൂടെ സുന്ദരിയായ ഡെർവെൻറ് നദി, വേർഡ്‌സ്‌വർത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ "fairest of all rivers", കളകളെമുഴുകിപ്പോകുന്നു.

വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ബാല്യകാല ഭവനത്തിനു മുന്നില്‍ ലേഖകന്‍.
വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ബാല്യകാല ഭവനത്തിനു മുന്നില്‍ ലേഖകന്‍.

കുംബ്രിയ എന്ന അതിമനോഹരമായ പ്രദേശത്ത് ജനിച്ചുവളർന്നതിനാലാകാം വേർഡ്‌സ്‌വർത്ത് കവിതകളിൽ പ്രകൃതിഭംഗിക്ക് വലിയ സ്ഥാനം ലഭിച്ചത്. പ്രകൃതിയുടെ വർണങ്ങൾ  രൂപഭാവങ്ങൾ എല്ലാം അദ്ദഹത്തിന്റെ കവിതകൾ നിറഞ്ഞാടി.

തന്റെ ജീവിതത്തിലെ ഭൂരിഭാഗവും വേർഡ്‌സ്‌വർത്ത്, കൊക്കെർമൗത്ത്‌ ഉൾപ്പെടുന്ന മനോഹരമായ കുംബ്രിയയിൽ തന്നെയാണ് ചെലവഴിച്ചത്. ഇവിടെ ജീവിച്ചുകൊണ്ട് കവി തന്റെ സ്കൂൾ ജീവിതം പൂർത്തിയാക്കി, കുടുംബത്തെ വളർത്തി, ഭൂരിഭാഗം കാവ്യരചന നിർവഹിച്ചു. തടാകങ്ങളുടെയും മലകളുടെയും നാടായ കുംബ്രിയയിൽ നിന്ന് മാറി ജീവിച്ചപ്പോഴും കവിയുടെ മനസ്സ് ഈ തടാകങ്ങളിൽ നിന്ന് അകലെയല്ലായിരുന്നു. കവി തന്നെ തന്നെ വിശേഷിപ്പിക്കുന്നത് പർവതങ്ങളുടെ സ്വന്തം മുലകുടി മാറാത്ത കുട്ടി (nursling of the mountains), കാടുകളിലും മേച്ചിൽസ്ഥലങ്ങളിലും അലഞ്ഞുനടക്കുന്നവൻ, പർവതങ്ങളുടെ സ്വന്തം യുവാവ്, ഒരു വടക്കൻ ഗ്രാമീണൻ എന്നൊക്കെയാണ്. വടക്കൻ ഇംഗ്ലണ്ടിൽ സ്കോട്ലാൻഡ് അതിർത്തിയോട് ചേർന്നാണ് കുംബ്രിയ സ്ഥിതിചെയ്യുന്നത്. ലെയ്ക് ഡിസ്ട്രിക്ട് എന്ന മനോഹരഭൂപ്രദേശം തന്നെയാണ് കവിയുടെ വ്യക്തിത്വം രൂപപ്പെടുത്തിയത്.

Tintern Abbey എന്ന കവിതയിൽ വേർഡ്‌സ്‌വർത്ത് ഇങ്ങനെ എഴുതി:

“ഇരുണ്ട സികമോർ മരച്ചോലയിൽ ഞാൻ വിശ്രമിക്കുമ്പോൾ

ദൂരെ പുരയിടങ്ങളും ഫലോദ്യാനങ്ങളും കാണുകയായി

ഈ ഋതുവിലെ പാകമെത്താത്ത പഴങ്ങൾക്കെല്ലാം ഹരിതവർണമാണ്

ചെറുവനങ്ങൾക്കും കാടുകൾക്കും ഇടയിൽ അവ അലിഞ്ഞുചേരുന്നു.”

പ്രകൃതിയിൽ നിന്ന് ശാന്തിയും നിർവൃതിയും തേടിയ കവിയാണ് വേർഡ്‌സ്‌വർത്ത് എന്ന് അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് മനസിലാക്കാം. പ്രകൃതിയെ നിരീക്ഷിക്കുന്നതിലൂടെയാണ് കവി ശാന്തി നേടിയത്. തന്റെ പ്രസിദ്ധമായ കവിതയായ ഡാഫൊഡിൽസിൽ  (Daffodils) കവി എങ്ങനെ പറയുന്നു:

“ഡാഫൊഡിൽസ് പൂക്കൾക്കരികെ ഓളങ്ങൾ നൃത്തം ചെയ്തു

ഉന്മാദത്താൽ മിന്നിത്തിളങ്ങുന്ന ഓളങ്ങളെ പൂക്കൾ നിഷ്പ്രഭമാക്കി

ലീലാസക്തമായ ഇക്കൂട്ടരാൽ ഏതു കവിയും പുളകിതമാകും

ഈ കാഴ്ചകൾ ഞാൻ കണ്ടുകൊണ്ടേയിരുന്നു

അവ നൽകുന്ന നേട്ടമെന്തെന്ന് ചിന്തിക്കാതെ

ഒന്നും ചിന്തിക്കാതെയും ചിലപ്പോൾ ചിന്താഗ്രസ്തമായും

പലപ്പോഴും ഞാൻ എന്റെ ചെറുകട്ടിലിൽ കിടക്കുമ്പോൾ

ഡാഫൊഡിൽ പൂക്കൾ എന്റെ ഉൾക്കണ്ണിൽ തെളിയും

അത് നൽകുന്നത് നിർവൃതി അല്ലെങ്കിൽ മറ്റെന്താണത്‌?

അപ്പോഴെൻ ഹൃദയത്തിൽ ആനന്ദം നിറയും,

ഹൃദയം ഡാഫൊഡിൽ പൂക്കൾക്കൊപ്പം നൃത്തം ചെയ്യും.”

പുരാതന ഗ്രീക് തത്വചിന്തകരായ സോക്രറ്റീസ്, അരിസ്റ്റോട്ടിൽ എന്നിവരെപ്പോലെ പ്രകൃതി തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുരു എന്ന ചിന്താധാര വച്ചുപുലർത്തിയ കവിയാണ് വേർഡ്‌സ്‌വർത്ത്. കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാനും പ്രകൃതിയെ സ്വയം ഗുരുവായി സ്വീകരിക്കാനും The Table Turned എന്ന തന്റെ കവിതയിൽ വേർഡ്‌സ്‌വർത്ത് പറഞ്ഞുവെക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in