ധാരാവി ചേരിയിൽനിന്നൊരു സ്വപ്നയാത്ര; ലക്ഷ്വറി ബ്യൂട്ടി ബ്രാൻഡിന്റെ മുഖമായി പതിനാലുകാരി

ധാരാവി ചേരിയിൽനിന്നൊരു സ്വപ്നയാത്ര; ലക്ഷ്വറി ബ്യൂട്ടി ബ്രാൻഡിന്റെ മുഖമായി പതിനാലുകാരി

മുംബൈയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ നിന്നുള്ള മലീഷ ഖർവ ലോക പ്രശസ്ത ആഡംബര ബ്രാൻഡായ ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ 'ദ യുവതി കളക്ഷൻ' എന്ന പുതിയ ക്യാംപയിന്റെ മോഡലാണ്.

കഴിഞ്ഞ രണ്ട് വർഷം മലീഷ ഖർവ എന്ന 14 കാരിയുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതകരമായ മാറ്റം. ചേരിയിലെ ജീവിതത്തിൽ നിന്ന് ലോകപ്രശസ്ത ലക്ഷ്വറി ബ്യൂട്ടി ബ്രാൻഡിന്റെ മുഖമായുള്ള ആ യാത്ര അവിശ്വസനീയം മാത്രമല്ല, മറ്റ് പലർക്കും പ്രചോദനം കൂടിയാണ്.

മുംബൈയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ നിന്നുള്ള മലീഷ ലോക പ്രശസ്ത ആഡംബര ബ്രാൻഡായ ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ 'ദ യുവതി കളക്ഷൻ' എന്ന പുതിയ ക്യാംപയിന്റെ മോഡലാണ്. 'യുവമനസുകളെ ശാക്തീകരിക്കുക' എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയാണിത്.

ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഹോഫ്മാനാണ് 2020-ല്‍ മുബൈയില്‍ നിന്ന് മലീഷയെ കണ്ടെത്തുന്നത്. പിന്നീട് 'ഗോ ഫണ്ട് മീ പേജ്' എന്ന പേരില്‍ മലീഷയ്ക്കായി ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങി. ഇന്നിപ്പോള്‍ ഇൻസ്റ്റഗ്രാമിൽ 2,27,000ത്തിലധികം ഫോളോവേഴ്സുണ്ട് ഈ കൊച്ചുമിടുക്കിക്ക്. മോഡലാകാനാണ് ആഗ്രഹമെങ്കിലും പഠനത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്ന് മലീഷ പറയുന്നു.

ഫോറസ്റ്റ് എസൻഷ്യൽ ഏപ്രിലില്‍ മലീഷയുടെ ഒരു മുഴുനീള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. സ്വന്തം ചിത്രങ്ങൾ പതിച്ച സ്റ്റോറിൽ സന്തോഷവതിയായി കടന്നു വരുന്ന മലീഷയുടെ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കഥയെന്ന നിലയിലാണ് വീഡിയോ ആളുകൾ ഏറ്റെടുത്തത്. നിങ്ങളുടെ സ്വപ്‌നമാണ് പ്രധാനമെന്ന് ഫോറസ്റ്റ് എസന്‍ഷ്യല്‍ അതിന് അടിക്കുറിപ്പും നല്‍കി. അഞ്ച് ദശലക്ഷം ആളുകള്‍ കണ്ട വീഡിയോ 406,000 ലൈക്കുകളും നേടി.

ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഹോഫ്മാനാണ് 2020-ല്‍ മുബൈയില്‍ നിന്ന് മലീഷയെ കണ്ടെത്തുന്നത്.

ഈ ക്യാംപയിനിലൂടെ ഞങ്ങള്‍ മലീഷയുടെ സ്വപ്‌നങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല യുവ മനസുകളെ ശാക്തീകരിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ സ്ഥാപകയും ചീഫ് മാനേജിങ് ഡയറക്ടറുമായ മീര കുല്‍ക്കര്‍ണി വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in