ശുചീകരണ തൊഴിലാളികളായ മാതാപിതാക്കൾക്ക് ആദരം; മാലിന്യത്തിൽ നിന്നുള്ള വസ്ത്രവുമായി സൗന്ദര്യ മത്സര വേദിയിൽ മിസ് തായ്‌ലന്‍ഡ്

ശുചീകരണ തൊഴിലാളികളായ മാതാപിതാക്കൾക്ക് ആദരം; മാലിന്യത്തിൽ നിന്നുള്ള വസ്ത്രവുമായി സൗന്ദര്യ മത്സര വേദിയിൽ മിസ് തായ്‌ലന്‍ഡ്

ജനുവരി 14 നാണ് 71-ാമത് മിസ്സ് യൂണിവേഴ്സ് ജേതാവിനെ കണ്ടെത്താനുള്ള മത്സരം

ഈ വർഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ തായ്ലന്‍ഡിനെ പ്രതിനിധീകരിക്കുന്ന അന്ന സുയാംഗമിന്റെത് ലോകത്തിന് മുഴുവന്‍ പ്രചോദനമാകുന്ന ജീവിത കഥയാണ്. ബാഹ്യസൗന്ദര്യം കൊണ്ടു മാത്രമല്ല, പ്രതിസന്ധികളെ അതിജീവിച്ച മനോധൈര്യം കൊണ്ടുകൂടിയാണ് അന്ന വിജയത്തിന്‍റെ കൊടുമുടി നില്‍ക്കുന്നത്. അപ്പോഴും മാതാപിതാക്കളെയും പിന്നിട്ട വഴികളെയും അവൾ ഓർക്കുകയാണ്, ദുരന്തകാലത്തെ എങ്ങനെ ജീവിത വിജയത്തിന് പ്രചോദനമാക്കാം എന്ന സന്ദേശവുമായി.

മിസ് യൂണിവേഴ്സ് പ്രാഥമിക മത്സരത്തിനിടെ അന്നയെ ശ്രദ്ധേയയാക്കിയത് ക്യാനുകളുടെ പുൾ ടാബുകൾ ഉപയോഗിച്ചുള്ള വസ്ത്രമാണ്. ശുചീകരണതൊഴിലാളികളായ മാതാപിതാക്കളോടുള്ള ആദരസൂചകമായാണ് ഈ അവശിഷ്ട പദാർഥങ്ങളിൽ നിന്നുള്ള വസ്ത്രം മത്സര വേദിയിൽ ഉപയോഗിച്ചതെന്നാണ് അന്ന പറയുന്നത്. രാജ്യ തലസ്ഥാനമായ ബാങ്കോക്കിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ഖരമാലിന്യം ശേഖരിക്കുന്ന ജോലിയായിരുന്നു അന്നയുടെ പിതാവിന്. അമ്മയ്ക്ക് തെരുവ് വൃത്തിയാക്കുന്ന ജോലിയും.

മിസ് യൂണിവേഴ്‌സ് തായ്‌ലന്‍ഡിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് മാലിന്യത്തിൽ നിന്ന് ഉണ്ടാക്കിയ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. അന്നയും ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ വസ്ത്രത്തിന് വലിയൊരു പ്രത്യേകതയുണ്ടെന്ന് പറഞ്ഞ അന്ന തന്റെ കുട്ടിക്കാലവുമായി ഈ ഗൗണിനുള്ള ബന്ധവും വിശദമായി കുറിച്ചു.

മാലിന്യങ്ങൾ ശേഖരിക്കുന്ന മാതാപിതാക്കളോടൊപ്പം വളർന്ന എന്റെ കുട്ടിക്കാലം മാലിന്യക്കൂമ്പാരങ്ങളുടെയും പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെയും ഇടയിലായിരുന്നു

കുട്ടിക്കാലത്ത് തനിക്ക് പരിചിതമായ ചുറ്റുപാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ഗൗണെന്നും അവർ പറയുന്നു. 'മാലിന്യങ്ങൾ ശേഖരിക്കുന്ന മാതാപിതാക്കളോടൊപ്പം വളർന്ന എന്റെ കുട്ടിക്കാലത്തെ ജീവിതം മാലിന്യക്കൂമ്പാരങ്ങളുടെയും പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെയും ഇടയിലായിരുന്നു.' അതു കൊണ്ടാണ് ഈ മനോഹരമായ ഗൗൺ, ഉപേക്ഷിക്കപ്പെട്ടതും റീസൈക്കിള്‍ ചെയ്തതുമായ വസ്തുക്കള്‍ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തത്. ഡ്രിങ്ക് ക്യാനുകളുടെ അലുമിനിയം പുൾ ടാബുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. പലരും വിലയില്ലെന്ന് കരുതുന്ന കാര്യങ്ങള്‍ക്ക് അതിന്റേതായ മൂല്യവും സൗന്ദര്യവും ഉണ്ടെന്ന് ലോകത്തെ ഇതിലൂടെ ഓർമിപ്പിക്കുന്നുവെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ജനിച്ചുവളർന്ന ഇരുണ്ട ചുറ്റുപാടുകളിൽ നിങ്ങൾ കുടുങ്ങിപ്പോകരുത്

 "ജനിച്ചുവളർന്ന ഇരുണ്ട ചുറ്റുപാടുകളിൽ നിങ്ങൾ കുടുങ്ങിപ്പോകരുത്, മറിച്ച് സ്വന്തം ജീവിതം മികച്ച രീതിയിൽ മാറ്റിയെടുക്കാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുക," മിസ് യൂണിവേഴ്സ് തായ്‌ലൻഡ് ആയ അന്ന പറയുന്നു. മാലിന്യം ശേഖരിക്കുന്ന ഒരു പിതാവും തെരുവ് തൂപ്പുകാരിയായ അമ്മയും വളർത്തിയതിന്റെ ഫലമാണ് അവളുടെ വിജയമെന്ന് അന്നയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് മിസ് യൂണിവേഴ്സ് തായ്ലന്‍ഡിന്‍റെ ഔദ്യോഗിക ഹാൻഡിൽ കുറിച്ചു. ചിലർ അവളെ 'ചവറ്റുകുട്ടയിലെ സുന്ദരി' എന്ന് വിളിച്ചിരുന്നെങ്കിലും, അമൂല്യമായ രത്നമായി തിളങ്ങുന്നതിൽ നിന്ന് അവളെ ആർക്കും ഒരിക്കലും തടയാനായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in