80കളിലും 90കളിലും മലയാളത്തിൻ്റെ ട്രെൻഡ് സെറ്ററുകളായ നായികമാർ

80കളിലും 90കളിലും മലയാളത്തിൻ്റെ ട്രെൻഡ് സെറ്ററുകളായ നായികമാർ

കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകരെ അവരിലേയ്ക്ക് ആകര്‍ഷിച്ചത് താരങ്ങളുടെ വസ്ത്രധാരണം കൂടിയായിരുന്നു

1980കളിലും 90കളിലും കേരളത്തിലെ പെണ്‍കുട്ടികളുടെ ഫാഷന്‍ ലോകം മനോഹരമാക്കിയത് ഒരുപിടി നായികമാരായിരുന്നു. മനോഹരമായ കഥാപാത്രങ്ങളിലൂടെ നമ്മുടെ മനസ്സില്‍ ഇടം പിടിച്ച നായികമാര്‍. കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകരെ അവരിലേയ്ക്ക് ആകര്‍ഷിച്ചത് താരങ്ങളുടെ വസ്ത്രധാരണം കൂടിയായിരുന്നു. കൗമാരക്കാര്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് സെറ്ററാകാന്‍ അവര്‍ക്ക് സാധിച്ചു.

80കളുടെ മലയാള സിനിമയ്ക്കും മലയാളി പെണ്‍കുട്ടികള്‍ക്കും പുത്തന്‍ ഫാഷനുകള്‍ സൃഷ്ടിച്ച നായികമാർ ഇതാ:

1. അമല- എന്റെ സൂര്യ പുത്രിയ്ക്ക്

വളരെ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളൂ എങ്കില്‍ പോലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അമല. 1991ലാണ് അമല നായികയായ ഫാസില്‍ ചിത്രം 'എന്റെ സൂര്യ പുത്രിക്ക്' തിയേറ്ററില്‍ എത്തുന്നത്. അന്ന് വരെ മലയാള സിനിമ കണ്ടുപഴകിയ നായികമാരില്‍ നിന്ന് വ്യത്യസ്തമായിരുന്നു അമലയുടെ സ്റ്റൈലും വേഷവും.

'എന്റെ സൂര്യ പുത്രിയ്ക്ക്'
'എന്റെ സൂര്യ പുത്രിയ്ക്ക്'

അത്രയും നാളും പാറി പറന്ന, നീണ്ട, പരുക്കമുള്ളതെന്ന് തോന്നുന്ന നായികമാരുടെ മുടിയിഴകൾ കണ്ട മലയാള സിനിമയില്‍ നീണ്ട മിനുസ്സമാര്‍ന്ന ഒതുങ്ങിയ മുടിയിഴകളുമായാണ് അമല എത്തിയത്. സ്‌ട്രെയിറ്റ്‌നിങ്, സ്മൂത്ത്‌നിങ് തുടങ്ങിയ ഹെയര്‍ ട്രീറ്റ്‌മെന്റുകളൊന്നും ഇല്ലാതിരുന്ന കാലത്ത്, പാരമ്പര്യമായി മാത്രം കിട്ടാനിടയുള്ള സ്‌ട്രെയിറ്റ് ചെയ്തതു പോലെ തോന്നിപ്പിക്കുന്ന അമലയുടെ മുടിയിഴകള്‍ എല്ലാവരെയും ഒരുപോലെ ആകര്‍ഷിച്ചു.

സിനിമയിലെ അമലയുടെ വസ്ത്രങ്ങളും പെണ്‍കുട്ടികളുടെ ഷെല്‍ഫിനുള്ളില്‍ ഇടം പിടിച്ചു. ദേഹത്ത് ഒഴുകി കിടക്കുന്ന ബോഡി കോണ്‍ വസ്ത്രങ്ങളും, സ്‌നഗ് ജീന്‍സും, ക്രിസ്പ് ഷര്‍ട്ടും, ഫ്‌ളോറല്‍ ഡിസൈന്‍ വസ്ത്രങ്ങളും, വിന്റേജ് പമ്പ് ഷൂസുകളും എല്ലാം മലയാളീ പെൺകുട്ടികൾക്ക് പരിചയപ്പെടുത്തിയത് അമലയിലൂടെയാണെന്ന് പറയാം.

2. ലിസി

പലപ്പോഴും നായികമാര്‍ നാടന്‍ വസ്ത്രങ്ങളിലായി ഒതുങ്ങി നിന്നപ്പോള്‍ മോഡേണ്‍ വസ്ത്രങ്ങളിലും നാടന്‍ വസ്ത്രങ്ങളിലും ഒരേ പോലേ തിളങ്ങിയ താരമാണ് ലിസി. വലിയ പൊട്ടും, ഇരുണ്ട ലിപ്സ്റ്റിക്കുമെല്ലാം ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന കാലത്ത് ന്യൂഡ് മേക്കപ്പുമായാണ് ലിസി എത്തിയത്. ചിത്രം, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രങ്ങളിലൂടെ മലയാളി പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ മിഡിയുടെ ഒരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചത് ലിസിയായിരിക്കും.

ലിസ്സി
ലിസ്സി

3. നദിയാ മൊയ്തു

സിനിമയിലായാലും ജീവിതത്തിലായാലും വളരെ സ്റ്റൈലിഷായ അഭിനേത്രിയാണ് നദിയാ മൊയ്തു. 80കളില്‍ മലയാള സിനിമയില്‍ ഒരു ഫാഷന്‍ ലോകം തന്നെ നദിയ സൃഷ്ടിച്ചു. നദിയ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ മിക്കതും അര്‍ബന്‍ പെണ്‍കുട്ടിയുടേതായിരുന്നു. ആ കഥാപാത്രങ്ങള്‍ക്കായി നദിയ ധരിച്ചിരുന്ന വസ്ത്രങ്ങളാകട്ടെ പെണ്‍കുട്ടികള്‍ക്കിടയിലെ ട്രെന്‍ഡായി മാറി.

'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' ആണ് എടുത്ത് പറയേണ്ട ചിത്രം. സിനിമയിലെ ഗേളി എന്ന കഥാപാത്രം പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു. വിവിധ ഡിസൈനുകളിലുള്ള, വൈവിധ്യമാര്‍ന്ന, തിളക്കമുള്ള സല്‍വാറുകളും സ്റ്റൈലിഷ് പാശ്ചാത്യ വസ്ത്രങ്ങളുമായിരുന്നു നദിയയുടെ വേഷം. ഇവയെല്ലാം വളരെ പുതുമയുളളതും സുഖമായി ധരിക്കാവുന്നവയുമായിരുന്നു.

നദിയയുടെ സ്റ്റൈൽ വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സിനിമകളിലെ നദിയയുടെ 'ഹൈ ബണ്‍' പിന്നീട് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പലരും കോപ്പി ചെയ്ത ഹെയര്‍ സ്റ്റൈലായിരുന്നു.

4. ശോഭന

മലയാളത്തിന് എന്നെന്നും പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരുപക്ഷേ സാരി എന്ന വേഷത്തിന് ഇത്രയും ഭംഗിയുണ്ടെന്ന് തോന്നിയത് ശോഭന ഉടുത്തപ്പോഴായിരിക്കണം. ശോഭനയും കോട്ടണ്‍ സാരികളും തമ്മിലുള്ള ബന്ധം അത്രയും വലുതാണ്. 'മണിച്ചിത്രത്താഴ്' എന്ന സിനിമയിലെ ശോഭനയുടെ കോട്ടണ്‍ സാരിയും ത്രീ ഫോര്‍ത്ത് സ്ലീവും അന്നത്തെ തലുമറയുടെ ഐക്കോണിക്ക് വസ്ത്രമായിരുന്നു. സാരികളിലേയ്ക്ക് മലയാളിയെ ആകര്‍ഷിക്കാന്‍ ശോഭന ധാരാളമായിരുന്നു.

ശോഭന
ശോഭന

5. ശാലിനി

അഭിനയരംഗത്ത് ബാലതാരമായി എത്തിയ ശാലിനി പിന്നീട് 'അനിയത്തി പ്രാവ്' എന്ന സിനിമയിലൂടെ പിന്നീട് നായികയുമായി മാറി. ശാലിനിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'നിറ'ത്തിലൂടെ ശാലിനി മലയാള സിനിമയിലെ ഒരു ഫാഷന്‍ ഐക്കണ്‍ ആയി മാറുകയായിരുന്നു. അന്നത്തെ കോളേജ് കുമാരികളുടെ പ്രിയ വസ്ത്രങ്ങളില്‍ നിറത്തിലെ ശാലിനിയുടെ കോസ്റ്റ്യൂമുകളും ഇടം പിടിച്ചു. സല്‍വാര്‍ കമീസും, പാന്റിനും ടോപ്പിനുമൊപ്പം അരക്കെട്ടില്‍ കെട്ടിയ ഷര്‍ട്ടും എല്ലാം ശാലിനി സൃഷ്ടിച്ച ട്രെന്റുകളായിരുന്നു.

ശാലിനി
ശാലിനി
logo
The Fourth
www.thefourthnews.in