ഹബീബ് റഹ്മാൻ: മന്ത്രി വൈറലാക്കിയ ഓട്ടക്കാരൻ ഇവിടെയുണ്ട്

ഹബീബ് റഹ്മാൻ: മന്ത്രി വൈറലാക്കിയ ഓട്ടക്കാരൻ ഇവിടെയുണ്ട്

ഒന്നാം ക്ലാസുകാരൻ അതിവേഗതയിൽ എല്ലാവരെയും പിന്നിലാക്കി ഓടുന്ന ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പങ്കുവച്ചിരുന്നു

മലപ്പുറം എഎംയുപി വടക്കാങ്ങര സ്കൂളിൽ നടന്ന കായിക മേളയിലെ ഓട്ടമത്സരത്തിൽ ഒന്നാം ക്ലാസുകാരൻ അതിവേഗതയിൽ എല്ലാവരെയും പിന്നിലാക്കി ഓടുന്ന ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പങ്കുവച്ചിരുന്നു. നിരവധി ആളുകൾ ഇതിനോടകം വീഡിയോ കണ്ടു. ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാനാണ് സ്കൂളിലെ ഈ കുട്ടിതാരം.

ഹബീബിന് ഓട്ടമത്സരത്തിന് പുറമെ ഫുട്ബോളും, മറ്റു കായിക മത്സരങ്ങളുമെല്ലാം ഇഷ്ടമാണ്. ഉസൈൻ ബോൾട്ടിനെയും പിടി ഉഷയെയുമെല്ലാം അറിയുമോ എന്ന ചോദ്യത്തിന് ഓടുന്ന ആൾക്കാരല്ലേ എന്ന നിഷ്ങ്കളകമായ മറുപടിയാണ് ഹബീബിന്റേത്. വലുതാവുമ്പോൾ ആരാവണമെന്ന ചോദ്യത്തിന് പോലീസെന്നായിരുന്നു കൊച്ചുമിടുക്കന്റെ മറുപടി. പ്രോത്സാഹനമായി ഹബീബ് റഹ്മാന് കൂട്ടുകാരും അധ്യാപകരുമെല്ലാം സമ്മാനങ്ങൾ നൽകി.

അവർക്ക് കഴിയുന്ന പോലെയെല്ലാം അവർ ചെയ്യട്ടെ, നമുക്ക് ആവാൻ പറ്റാത്തത് അവർക്കാവട്ടെയെന്ന് ഹബീബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. സ്കൂളിൽ കായിക മത്സരങ്ങൾക്ക് കൂടുതൽ പിന്തുണ കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അൽത്താഫ് പറഞ്ഞു.

logo
The Fourth
www.thefourthnews.in