ഭീഷണിയും ആക്രമണവും; യുവതിയെ പിന്തുടർന്ന് ലഹരി മാഫിയ, പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ലഹരി സംഘത്തിലേക്ക് മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ടുള്ള കാപ്പ കേസ് പ്രതിയുടെ ഭീഷണിയില്‍ പൊറുതിമുട്ടി കോഴിക്കോട് സ്വദേശിയായ യുവതി. നിരന്തരമായി ഭീഷണിപ്പെടുത്തുകയും , പൊതുസ്ഥലത്തുവച്ചും വീടുകയറിയും ആക്രമിക്കുകയും ചെയ്തെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കൃത്യമായി ഇടപെടാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.

കാപ്പാ പ്രതിയായ വെബ്ലി സലിം എന്നയാളാണ് യുവതിയെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. നല്ലളം പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയതായി യുവതി പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു.

തന്റെ സുഹൃത്തിനെ നഗ്നനാക്കി പീഡിപ്പിക്കുന്ന വീഡിയോ പകര്‍ത്തി പ്രതി തനിക്ക് അയച്ചുനൽകിയതായും യുവതി പരാതി നൽകിയിരുന്നു. താന്‍ നിരപരാധിയാണെന്നും ലഹരിക്കടത്ത് സംഘത്തില്‍ അകപ്പെടുത്തിയതാണെന്നും യുവതി പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in