ഇരുപത്തിയൊന്നാം വയസില്‍ എച്ച്‌ഐവി ബാധിത, ഇന്ന് അനേകം പേരുടെ തണല്‍; ഒരു 'പോസിറ്റീവ്' ജീവിത കഥ

ഇരുപത്തിയൊന്നാം വയസില്‍ എച്ച്‌ഐവി ബാധിത, ഇന്ന് അനേകം പേരുടെ തണല്‍; ഒരു 'പോസിറ്റീവ്' ജീവിത കഥ

തുടക്കകാലം ഒട്ടുംതന്നെ സമാധാനത്തിലായിരുന്നില്ല ഗിരിജ. നാട്ടുകാരില്‍ നിന്നായിരുന്നു കൂടുതലും പ്രശ്നങ്ങള്‍. പിന്നീട് ജീവിതം തിരിച്ചു പിടിക്കാന്‍ തീരുമാനിച്ച് മുന്നോട്ടിറങ്ങി

തൊണ്ണൂറുകളിലാണ് എച്ച്‌ഐവി വൈറസിനെക്കുറിച്ച് ആളുകള്‍ കൂടുതല്‍ കേള്‍ക്കാനും സംസാരിക്കാനും തുടങ്ങിയത്. മാറ്റിനിര്‍ത്തലുകള്‍, കല്ലെറിയല്‍, അവഹേളനങ്ങള്‍... അക്കാലം എച്ച്‌ഐവി പോസിറ്റീവ് ആയെന്ന് സംശയമുള്ള കുഞ്ഞുങ്ങളെപ്പോലും സമൂഹം വെറുതെ വിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് 2003ല്‍, ഒന്നിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന അനന്തുവിനേയും അക്ഷരയേയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ്, കനത്ത മഴയത്ത് പ്ലക്കാര്‍ഡും പിടിച്ച് കുഞ്ഞുങ്ങളെ നിരത്തിലിറക്കിയ രക്ഷിതാക്കളേയും നമ്മള്‍ മറന്നിട്ടില്ല. അക്കാലത്ത്, അതായത് 28 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1995ല്‍, എച്ച്‌ഐവി പോസിറ്റീവായ ഒരു 21 കാരി, ഗിരിജ. മരണമോ ജീവിതമോ എന്ന ചോദ്യത്തിന് മുന്നില്‍ ജീവിതംമതിയെന്നു തിരഞ്ഞെടുത്ത ഒരമ്മ.

തുടക്കകാലം ഒട്ടുംതന്നെ സമാധാനത്തിലായിരുന്നില്ല ഗിരിജ. നാട്ടുകാരില്‍ നിന്നായിരുന്നു കൂടുതലും പ്രശ്നങ്ങള്‍. പിന്നീട് ജീവിതം തിരിച്ചു പിടിക്കാന്‍ തീരുമാനിച്ച് മുന്നോട്ടിറങ്ങി. ഇതിനിടയില്‍ വന്നു കയറിയ പലരും പ്രചോദനമായി.

ഒരു ഘട്ടത്തിലും തളരില്ലെന്ന തീരുമാനവുമായി മുന്നോട്ട്. മകനിപ്പോള്‍ 24 വയസ്സ്. അവനൊപ്പം 46 കുഞ്ഞുങ്ങളുടെ അമ്മയുമാണ് ഇന്ന് ഗിരിജ. ഇതില്‍ ചിലര്‍ വിവാഹിതരായി.

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച്ഐവി പോസിറ്റീവ് രോഗികള്‍ക്കായുള്ള കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സെന്ററിലെ കേയര്‍ ടേക്കര്‍ ആണ് ഗിരിജ. എച്ച്ഐവി പോസിറ്റീവ് ആയ 46 കുട്ടികളും നേരിട്ട് ബാധിക്കപ്പെട്ട 250 കുട്ടികളുമാണ് ഗിരിജയുടെ തണലില്‍ സുരക്ഷിതരാവുന്നത്.

13-ാം വയസ്സില്‍ ഓരോ കുട്ടിയേയും അവരുടെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കും. ഒന്നുമറിയാതെ വളര്‍ന്ന കുട്ടികളെ അത് മനസ്സിലാക്കുന്നതിനും ഇവര്‍ക്ക് ഇവരുടേതായ രീതികളുണ്ട്.

ഇപ്പോഴും പല തലത്തില്‍ നിലനില്‍ക്കുന്ന മാറ്റിനിര്‍ത്തലുകളോടുമാണ് ഗിരിജയുടെ പോരാട്ടം. സിംപതിയല്ല, ഒരു നല്ല വാക്ക്, ചേര്‍ത്ത് പിടിക്കല്‍ ഇതെല്ലാമാണ് ആവശ്യം... അത് മാത്രം നല്‍കൂ എന്നാണ് ഇവര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in