ഡൗണ്‍സിന്‍ഡ്രോം കുരുന്നുകള്‍ക്കും കുടുംബത്തിനുമായി ശനിയാഴ്ച അമൃതയില്‍ അമൃതാങ്കണം

ഡൗണ്‍സിന്‍ഡ്രോം കുരുന്നുകള്‍ക്കും കുടുംബത്തിനുമായി ശനിയാഴ്ച അമൃതയില്‍ അമൃതാങ്കണം

ഡൗണ്‍സിന്‍ഡ്രോം സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി നിരവധി വിഷയങ്ങള്‍ പരിപാടി ചര്‍ച്ച ചെയ്യും

ഡൗണ്‍സിന്‍ഡ്രോം ഉള്ള ബഹുമുഖ പ്രതിഭകളായ കുരുന്നുകളുടെ ക്ഷേമം ലക്ഷ്യമിട്ട് അവര്‍ക്കും കുടുംബത്തിനുമായി കൊച്ചി അമൃത ആശുപത്രി അമൃതാങ്കണം എന്ന പേരില്‍ ആഘോഷദിനം ഒരുക്കുന്നു. ജനുവരി 20 ന്ആശുപത്രിയിലെ അമൃതേശ്വരി ഹാളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 6 വരെ നടക്കുന്ന അമൃതാങ്കണം ഡൗണ്‍സിന്‍ഡ്രോം കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും കുടുംബാംഗങ്ങള്‍, ആരോഗ്യപരിപാലകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും സംബോധന ചെയ്യും.

അമൃത ആശുപത്രിയിലെ ഡോ. ഷീല നമ്പൂതിരിയും മറ്റ് പ്രമുഖ ഡോക്ടര്‍മാരും ആതിഥ്യം വഹിക്കുന്ന പരിപാടിയില്‍ ഡൗണ്‍ സിന്‍ഡ്രോം ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യയുടെ സ്ഥാപക ഡോ. സുരേഖ രാമചന്ദ്രന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. ഷാജി തോമസ് ജോണ്‍, ഡോ. രമേഷ് കുമാര്‍, ഡോ. എം.എസ് നൗഷാദ്, ഹാര്‍ട്ട്‌സ് ഒഫ് ജോയ് സ്ഥാപക ലോറന്‍ കോസ്റ്റബൈല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമൃതയിലെ ഡോ. ആര്‍. കൃഷ്ണകുമാര്‍ (എംഡി, ഡിഎം, എഫ് എഎച്ച്എ) സംഘാടകനും ഡോ. എംകെസി നായര്‍ അധ്യക്ഷനുമാകും. സിനിമാതാരം സണ്ണിവെയ്ന്‍ മുഖ്യാതിഥിയാകും. നാടക, അഭിനയ പരിശീലകനും ഗവേഷകനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍ നേതൃത്വം നല്‍കുന്ന തിയറ്റര്‍ ശില്‍പ്പശാലയും ഉണ്ടാകും.

ഡൗണ്‍സിന്‍ഡ്രോം സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി നിരവധി വിഷയങ്ങള്‍ പരിപാടി ചര്‍ച്ച ചെയ്യും. ഡോ. ഷാജി തോമസ് ജോണ്‍, ഡോ. ഷീല നമ്പൂതിരി, ഡോ. ജയകുമാര്‍, ഡോ. ബാലു വിദ്യാനന്ദന്‍ തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമാകും. ഗര്‍ഭധാരണം മുതല്‍ ഇത്തരം കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ നല്‍കേണ്ട പരിപാലനം, നിയമവശങ്ങള്‍, മാതാവിന്റെ ഉയര്‍ന്ന പ്രായം, പാരമ്പര്യം തുടങ്ങിയ വെല്ലുവിളികള്‍ തിരിച്ചറിയുക എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാവും പരിപാടി. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം ഇത്തരം അവസരങ്ങളില്‍ നേരത്തെ ഇടപെടലുകള്‍ നടത്തേണ്ടതിനെ കുറിച്ച് ഡോ. ഷാജി തോമസ് ജോണ്‍, ഡോ. നൗഷാദ്, ഡോ. ജകുമാര്‍, ഡോ.എം കെസി നായര്‍ (സൂം വഴി) തുടങ്ങിയവര്‍ വിശദമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും.

ജനറ്റിക്‌സ്, കാര്‍ഡിയോളജി, എന്‍ഡോക്രൈനോളജി, പീഡിയാട്രിക് സര്‍ജറി, ഡവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, ജനറല്‍പീഡിയാട്രിക്‌സ്, നിയോനാറ്റോളജി തുടങ്ങി ഡൗണ്‍സിന്‍ഡ്രോം കുട്ടികള്‍ക്ക് നല്‍കേണ്ട സമഗ്രമായ പരിപാലനത്തെക്കുറിച്ച് ഈ രംഗങ്ങളിലെ വിദഗ്ധരായ ഡോ. മഹേഷ് കാപ്പനയില്‍, ഡോ. ഷീല നമ്പൂതിരി, ഡോ. ബ്രിജേഷ് പി.കെ, ഡോ. വിനയന്‍, ഡോ. നിഷ, ഡോ.മധുമിത തുടങ്ങിയവര്‍ക്കൊപ്പം അമൃത ഹോസ്പിറ്റല്‍ പീഡിയാട്രിക് വിഭാഗത്തിലെ പ്രഗത്ഭ ഡോക്ടര്‍മാരും സംസാരിക്കും. വിവാഹം, തൊഴില്‍ പരിശീലനം, തുടങ്ങി കുട്ടികളുടെ സാമൂഹികജീവിതത്തെ സംബന്ധിച്ചും പരിപാടി പര്യവേക്ഷണം ചെയ്യും. പൊതുജനത്തിനിടയില്‍ ഇതേക്കുറിച്ച് അവബോധം വളര്‍ത്തേണ്ടതിനെക്കുറിച്ചും സര്‍ക്കാരിന്റെ പിന്തുണയെക്കുറിച്ചും ഡോ. എം.കെ.സി നായര്‍ സംസാരിക്കും.

ഡൗണ്‍ സിന്‍ഡ്രോമിനെ വെല്ലുവിളിച്ച് വളര്‍ന്ന സുധാമയി ശ്രീരാം എന്ന പ്രതിഭയുടെ നൃത്തപ്രകടനവും ശബരീനാഥ് എന്ന കുട്ടിയുടെ ചെണ്ടകൊട്ടും അടക്കം കുരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും കലാഭിരുചികള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയുമാകും അമൃതാങ്കണം. ഡോ. ഷീല നമ്പൂതിരിയുടെ ചികിത്സയിലുള്ള കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ പ്രചോദനകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കും. അമൃതാങ്കണത്തിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക : 9495572145

logo
The Fourth
www.thefourthnews.in