മരുന്നുകളിലും ഇനി മുതല്‍
ക്യു ആര്‍ കോഡ്

മരുന്നുകളിലും ഇനി മുതല്‍ ക്യു ആര്‍ കോഡ്

ഡോളോ, കാള്‍പ്പോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളില്‍ ഉടൻ സംവിധാനം ഏര്‍പ്പെടുത്തും

രാജ്യത്ത് മരുന്നുകളിലും ക്യു ആര്‍ കോഡ് വരുന്നു. മരുന്നുകളുടെ പാക്കറ്റുകളില്‍ ബാര്‍ കോഡുകളോ ക്യു ആര്‍ കോഡുകളോ പ്രിന്റ് ചെയ്യാന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വ്യാജ മരുന്നുകളുടെ വില്‍പ്പന തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.

ഡോളോ, കാള്‍പ്പോള്‍, തൈറോനോം,അലെഗ്രാ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 ബ്രാന്‍ഡുകളുടെ മരുന്നുകളിലാണ് ആദ്യഘട്ടത്തില്‍ QR അല്ലെങ്കില്‍ ബാര്‍കോഡ് പതിക്കുക. തുടര്‍ന്ന് എല്ലാ മരുന്നുകളിലും സംവിധാനം കൊണ്ടുവരും. ക്രമേണ ഒറ്റ ഡേറ്റാബേസിനു കീഴില്‍ ഇന്ത്യയിലെ മുഴുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഏജന്‍സികളെയും കൊണ്ടുവരും. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സംവിധാനം രാജ്യത്ത് നടപ്പിലാക്കുമെന്നാണ് വിവരം.

സോഫ്റ്റ് വെയറുകള്‍ക്ക് വായിച്ചെടുക്കാനാകുന്ന തരത്തില്‍ പാക്കിങ്ങ് സമയത്ത് ബാര്‍ കോഡുകളോ ക്യു ആര്‍ കോഡുകളോ മരുന്ന് പാക്കറ്റിലും മരുന്ന് സ്ട്രിപ്പുകളിലും നല്‍കണമെന്ന് ജൂണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മരുന്നുകളുടെ ഐഡന്റിഫിക്കേഷന്‍ കോഡ്, നിര്‍മ്മാണ കമ്പനിയുടെ പേരും വിലാസവും, ബ്രാന്‍ഡ്, മരുന്നിന്റെ യഥാര്‍ത്ഥ പേര്, ബാച്ച് നമ്പര്‍, നിര്‍മ്മാണ തീയതി, കാലാവധി, നിര്‍മ്മാണ ലൈസന്‍സ് നമ്പര്‍ എന്നിവ കോഡ് സ്‌കാന്‍ ചെയ്ത് അറിയാന്‍ സാധിക്കും.

മരുന്നുകളില്‍ ക്യുആര്‍ കോഡ് പതിപ്പിക്കാന്‍ 2016ല്‍ കേന്ദ്രം പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പിലാക്കാനായില്ല. 2019ല്‍ ഇന്ത്യയില്‍ നിന്നെത്തുന്ന വ്യാജ മരുന്നുകളെപ്പറ്റി അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളില്‍ 20 ശതമാനവും വ്യാജമാണെന്നായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ (USTR) കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്ക് പ്രകാരം ആഗോളതലത്തില്‍ വില്‍ക്കുന്ന 35 ശതമാനം വ്യാജ മരുന്നുകളും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്.

logo
The Fourth
www.thefourthnews.in