നാവിലെ നിറവ്യത്യാസം അവഗണിക്കരുത്; ഈ രോഗങ്ങളുടെ സൂചനയാകാം

നാവിലെ നിറവ്യത്യാസം അവഗണിക്കരുത്; ഈ രോഗങ്ങളുടെ സൂചനയാകാം

നാവിലുണ്ടാകുന്ന മാറ്റങ്ങള്‍ താത്കാലികമാണെങ്കിലും സ്ഥിരമായ ചില മാറ്റങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന നല്‍കുന്നുണ്ട്

ആരും അധികം ശ്രദ്ധിക്കാറില്ലെങ്കിലും നമ്മുടെ നാക്ക് പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ മുന്‍കൂട്ടി കാണിച്ചുതരുന്നുണ്ട്. നാവിലുണ്ടാകുന്ന മാറ്റങ്ങള്‍ താത്കാലികമാണെങ്കിലും സ്ഥിരമായ ചില മാറ്റങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന നല്‍കും.

പാപ്പില്ലകള്‍, രുചി മുകുളങ്ങള്‍, മ്യൂക്കസ് മെംബറേന്‍ എന്നിവയാല്‍ പൊതിഞ്ഞ ഒരു അവയവമാണ് നാവ്. നാവിന്‌റെ നിറവ്യത്യാസവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യസൂചനകള്‍ ഏതൊക്കെയെന്ന് നോക്കാം.

നാവിനു മുകളില്‍ വെള്ള കോട്ടിങ്

നാക്കിനു മുകളിലുള്ള വെളുത്ത നിറം ശുചിത്വമില്ലായ്മയുടെ സൂചന നല്‍കും. ബാക്ടീരിയകളുടെ അമിത വളര്‍ച്ച, ഫംഗല്‍ അണുബാധ എന്നിവയുടെ ഫലമായി നാവില്‍ വെളുത്ത നിറം പ്രത്യക്ഷപ്പെടാം. നിര്‍ജലീകരണം മൂലവും ഇങ്ങനെ സംഭവിക്കാറുണ്ട്.

സ്‌ട്രോബറി നിറം

ചുവന്ന സ്‌ട്രോബറി നിറത്തില്‍ നാവ് കാണുകയാണെങ്കില്‍ അത് വിറ്റാമിന്‍ കുറവു കൊണ്ടോ കാവസാക്കി രോഗം കാരണമോ ആകാം. രക്തധമനികളെ ബാധിക്കുന്ന, കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് കാവസാക്കി.

കറുത്ത നിറം

നാവിലെ ഫിലിഫോം പാപ്പില്ലകള്‍ നീളമേറിയതും നിറവ്യത്യാസവുമാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ശുചിത്വമില്ലായ്മ, പുകവലി, അമിതമായ കാപ്പി അല്ലെങ്കില്‍ ചായ ഉപയോഗം, അമിതമായ ആന്റിബയോട്ടിക് ഉപയോഗം എന്നിവ കാരണം ഇങ്ങനെ സംഭവിക്കാം.

നീല അഥവാ പര്‍പ്പിള്‍ നിറം

രക്തത്തില്‍ ഓക്‌സിജന്‌റെ അളവ് കുറയുന്നതിന്‌റെ ലക്ഷണമാണ് നാവില്‍ പ്രത്യക്ഷപ്പെടുന്ന നീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറം. രക്തത്തില്‍ ഓക്‌സിജന്‌റെ അളവ് കുറയുമ്പോള്‍ സയനോസിസ്, കര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടാം.

വിളറിയ നാവ്

വിളറിയ അവസ്ഥയിലുള്ള നാവ് അനീമിയ അല്ലെങ്കില്‍ അയണിന്‌റെ അളവ് കുറയുന്നതിന്‌റെ ലക്ഷണമാണ്. ഇത് രക്തത്തിലെ ഓക്‌സിജന്‌റെ അളവിനെ ബാധിക്കും. ആവശ്യത്തിനുള്ള പോഷകത്തിന്‌റെ ആഗിരണം നടക്കാത്തതുകൊണ്ടാണ് നാവ് വിളറി കാണുന്നത്.

ചുവന്നതും വെളുത്തതുമായ പാടുകള്‍

ക്രമരഹിതമായി ചുവന്ന പാടുകളും വെളുത്ത ബോര്‍ഡറുമായൊക്കെ കാണുന്ന നാവ് അത്ര പ്രശ്‌നമുള്ളതല്ലെങ്കിലും ചിലപ്പോള്‍ സോറിയോസിസ്, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണമായും നാവ് ഈ നിറത്തില്‍ കാണാം.

മഞ്ഞ നിറം

ശുചിത്വമില്ലായ്മ, പുകവലി, ചില പ്രത്യേക ആഹാരങ്ങളുടെ അമിതോപയോഗം എന്നിവയുടെ ഫലമായി നാവ് മഞ്ഞ നിറത്തില്‍ പ്രത്യക്ഷപ്പെടാം. കരള്‍ രോഗങ്ങള്‍, പിത്താശയ പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയുടെ ലക്ഷണമായും മഞ്ഞനിറം നാവില്‍ കാണാം.

നാവിന്‌റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം?

ദന്തശുചിത്വത്തിനൊപ്പം നാവിന്‌റെ ശുചിത്വവും ഉറപ്പാക്കുക. പല്ലുകള്‍ ബ്രഷ് ചെയ്യുമ്പോള്‍ നാവും വൃത്തിയാക്കുക. നാവിന്‌റെ വരള്‍ച്ച ഒഴിവാക്കാന്‍ ആവശ്യത്തിനും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പുകയില, കഫീന്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക. എന്തെങ്കിലും അസ്വാഭാവികത തോന്നുകയാണെങ്കില്‍ വിദഗ്‌ധോപദേശം തേടാന്‍ മടിക്കരുത്.

logo
The Fourth
www.thefourthnews.in