കോവിഡിനെ നേരിടുന്നതിൽ കോവാക്സിനേക്കാൾ ഫലപ്രദമായത് കോവിഷീൽഡെന്ന് പഠനം

കോവിഡിനെ നേരിടുന്നതിൽ കോവാക്സിനേക്കാൾ ഫലപ്രദമായത് കോവിഷീൽഡെന്ന് പഠനം

നാഷണൽ സെൻ്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങൾ ചേർന്നാണ് പഠനം നടത്തിയത്

കോവിഡ്-19 വൈറസിനെതിരെ കോവാക്സിനേക്കാൾ ഫലപ്രദമായി പ്രവർത്തിച്ചത് കോവിഷീൽഡെന്ന് പഠനം. കൊറോണ വൈറസുകൾക്കെതിരേ വികസിപ്പിസിച്ചെടുത്ത വാക്സിനുകളായ കോവാക്സിനും കോവിഷീൽഡും തമ്മിൽ ആദ്യമായി നടത്തിയ താരതമ്യ പഠനമനുസരിച്ചാണ് കോവിഷീൽഡ്‌ ഫലപ്രദമായി പ്രവർത്തിച്ചതായി കണ്ടെത്തിയത്. കൂടാതെ, ഈ പഠനത്തിലൂടെ ഭാവിയിൽ രോഗപ്രതിരോധശക്തിയെ കുറിച്ചുള്ള പഠനം വിലയിരുത്തലിന് ആവശ്യമായ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനും വഴിയൊരുക്കുമെന്നതാണ് പ്രധാനം.

നാഷണൽ സെൻ്റർ ഫോർ ബയോളജിക്കൽ സയൻസസിലെ (എൻസിബിഎസ്) ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങൾ ചേർന്നാണ് പഠനം നടത്തിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), നാഷണൽ കെമിക്കൽ ലബോറട്ടറി (എൻസിഎൽ), നാഷണൽ സെൻ്റർ ഫോർ സെൽ സയൻസ് (എൻസിസിഎസ്), പൂണെ നോളജ് ക്ലസ്റ്റർ എന്നിവയുൾപ്പെടെ പൂണെയിൽ നിന്നുള്ള കുറഞ്ഞത് ആറ് ഇൻസ്റ്റിറ്റ്യൂട്ടുകളെങ്കിലും ഈ പഠനത്തിൽ പങ്കെടുത്തിട്ടുണ്ട്. കോവാക്സിനെ അപേക്ഷിച്ച് കോവിഷീൽഡ് കൂടുതൽ ശക്തമായ രോഗപ്രതിരോധ പ്രതികരണങ്ങൾ പ്രകടിപ്പിച്ചതായാണ് പഠനം കണ്ടെത്തിയത്.

കോവിഡിനെ നേരിടുന്നതിൽ കോവാക്സിനേക്കാൾ ഫലപ്രദമായത് കോവിഷീൽഡെന്ന് പഠനം
ചൂട് കൂടുന്നു, ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം; മഴ പെയ്താല്‍ ഡെങ്കിപ്പനി കേസുകള്‍ ഉയര്‍ന്നേക്കും

2021 ജൂൺ മുതൽ 2022 ജനുവരി വരെ നടത്തിയ സമഗ്രമായ പഠനത്തിൽ, ബെംഗളുരുവിൽനിന്നും പൂനെയിൽനിന്നുമുള്ള 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള 691 ആളുകളിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി ഇവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിച്ച് പ്രതിരോധ കുത്തിവെപ്പിന് മുൻപും ശേഷവും വ്യത്യസ്ത ഇടവേളകളിലായി ഇവരുടെയെല്ലാം പ്രതിരോധ പ്രതികരണങ്ങൾ എങ്ങനെയായിരുന്നുവെന്ന് നിരീക്ഷിച്ച് ഫലം കണ്ടെത്തുകയായിരുന്നു.

''ഈ പഠനത്തിനായുള്ള സാമ്പിൾ ശേഖരണത്തിൻ്റെ ഒരു ഭാഗം പൂനെയിലാണ് നടന്നത്. പൂനെയിൽ രണ്ട് ആശുപത്രികളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു. അതിനുശേഷം ആവശ്യമായ പ്രോസസ്സിംഗ് പൂണെയിലെ എൻസിഎല്ലിലും ഐസറിലുമായാണ് നടത്തിയത്. കോവിഡ് -19 വൈറസിനെതിരെ ഏത് വാക്‌സിൻ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ഞങ്ങൾക്ക് രണ്ട് വാക്സിനുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഘട്ടം ഘട്ടമായി സ്വീകരിച്ചത് ഈ രണ്ട് വാക്സിനുകളാണ്,'' ഐസർ പൂണെ പ്രൊഫസർ വിനീത ബാൽ പറഞ്ഞു.

കോവിഡിനെ നേരിടുന്നതിൽ കോവാക്സിനേക്കാൾ ഫലപ്രദമായത് കോവിഷീൽഡെന്ന് പഠനം
വിറ്റാമിന്‍ ഡിയുടെ അളവ് കൂടി മരണം; സപ്ലിമെന്‌റുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാക്‌സിന്റെ ഫലപ്രാപ്‌തിയെക്കുറിച്ചും വാക്‌സിനേഷൻ വഴി കോശങ്ങളിലുണ്ടാകുന്ന പ്രതികരണത്തെപ്പറ്റിയും സമഗ്രവിവരങ്ങൾ തരുന്നതാണ്‌ ഈ പഠനം. കോവാക്സിന്റെയും കോവിഷീൽഡിന്റെയും ഫലപ്രാപ്തിയെ താരതമ്യം ചെയ്യുന്ന പഠനങ്ങൾ രാജ്യത്തുണ്ടായിട്ടില്ല. ഈ രണ്ട് വാക്സിനുകളുടെ വെവ്വേറെ വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. പുതിയ പഠനത്തിലൂടെ ഭാവിയിൽ രോഗപ്രതിരോധശേഷിയെ കുറിച്ചുള്ള പഠനങ്ങളെ വിലയിരുത്താൻ സാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

കോവിഡ് പടരുകയും ഒമിക്രോൺ പോലെയുള്ള വകഭേദങ്ങൾ ഭീതി പരത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ്‌ വൈറസിലുള്ള ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ്‌ ഫലപ്രദമായി തുടരുകയാണെന്ന്‌ ലാൻസെറ്റ്‌ പഠനങ്ങൾ കണ്ടെത്തിയിരുന്നു.

യുകെയിലെ ഓക്‌സ്ഫോർഡ് സർവകലാശാലയും അസ്ട്രെസെനക്കയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഉത്പാദിപ്പിച്ച് ഇന്ത്യയിൽ വിതരണം ചെയ്തത്. അതേസമയം, പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച് ഉത്പാദിപ്പിച്ചതാണ് കോവാക്സിൻ. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക്കാണ് ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിർമിത കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിച്ചത്.

logo
The Fourth
www.thefourthnews.in