613 ദിവസം കോവിഡ് ബാധിതന്‍, വൈറസിന്  പരിവര്‍ത്തനം സംഭവിച്ചത് 50 തവണ; പ്രതിരോധശേഷി നഷ്ടപ്പെട്ട് വയോധികന്റെ മരണം

613 ദിവസം കോവിഡ് ബാധിതന്‍, വൈറസിന് പരിവര്‍ത്തനം സംഭവിച്ചത് 50 തവണ; പ്രതിരോധശേഷി നഷ്ടപ്പെട്ട് വയോധികന്റെ മരണം

രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധയ്ക്ക് വിധേയനയായ ഇദ്ദേഹം പ്രതിരോധശേഷി ദുര്‍ബലമായതിനെത്തുടര്‍ന്നാണ് മരിച്ചത്

കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും പലരെയും വിട്ടുപോയിട്ടില്ല. സാര്‍സ് കോവ് 2 കൊറോണ വൈറസ് ജനിതക വ്യതിയാനത്തിന് വിധേയമായി പുതിയ വകഭേദം രൂപപ്പെടുന്നതായിരുന്നു ഓരോ തരംഗത്തിനും കാരണമായത്. വാക്‌സിന്‍ കണ്ടെത്തി കോവിഡ്-19 നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും രോഗത്തിന്റെ ആഘാതം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പലരിലും വിട്ടൊഴിഞ്ഞിട്ടില്ല.

ഗവേഷകരാകട്ടെ കോവിഡ്-19നെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് ഏറ്റവുമധികം നാള്‍ അണുബാധ നീണ്ടുനിന്നത് ഒരു ഡച്ച് പൗരനിലായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ഇദ്ദേഹം 2023-ല്‍ മരിക്കുന്നതിനു മുമ്പുവരെ 613 ദിവസം ശരീരത്തില്‍ അണുബാധ നിലനിന്നതായി ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‌ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

പേര് വെളിപ്പെടുത്താത്ത, എഴുപത്തി രണ്ടുകാരനില്‍ 50 പ്രാവശ്യമാണ് കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചത്. രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധയ്ക്ക് വിധേയനയായ ഇദ്ദേഹം പ്രതിരോധശേഷി ദുര്‍ബലമായതിനെത്തുടര്‍ന്നാണ് മരിച്ചത്. കോവിഡ് പിടിപെടുന്നതിനു മുമ്പുതന്നെ ഇദ്ദേഹം വാക്‌സിനെടുത്തിരുന്നതായി ഗവേഷകര്‍ പറയുന്നു.

2022 ഫെബ്രുവരിയില്‍ കോവിഡ്-19 ബാധിക്കുന്നതിനു മുമ്പ് ഇദ്ദേഹത്തിനു രക്തരോഗം ബാധിച്ചിരുന്നു, ഇത് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കിയതായി ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്‍പതിലധികം തവണ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വൈറസ് പരിവര്‍ത്തനത്തിനു വിധേയമാകുകയും ഒടുവില്‍ അള്‍ട്രാ മ്യൂട്ടേറ്റഡ് വേരിയന്‌റിലേക്ക് രൂപാന്തരപ്പെടുകയും ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി.

ഒരു ബ്രിട്ടീഷ് പൗരനില്‍ 505 ദിവസം നീണ്ടുനിന്ന അണുബാധയായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്. ഡച്ച്കാരന്റെ കേസ് ഇതിനെ മറികടന്നെന്ന് ഗവേഷകര്‍ പറയുന്നു.

613 ദിവസം കോവിഡ് ബാധിതന്‍, വൈറസിന്  പരിവര്‍ത്തനം സംഭവിച്ചത് 50 തവണ; പ്രതിരോധശേഷി നഷ്ടപ്പെട്ട് വയോധികന്റെ മരണം
അകാരണമായ ക്ഷീണവും ചര്‍മത്തിലെ ചൊറിച്ചിലും കരള്‍ രോഗലക്ഷണങ്ങളാകാം; വേണം ശ്രദ്ധ

ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതിനുമുമ്പ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചെങ്കിലും രോഗിയുടെ പ്രതിരോധ സംവിധാനം രോഗത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ആന്‌റിബോഡി ചികിത്സയായ സോട്രോവിമാബ് ഉള്‍പ്പെടെയുള്ള ചികിത്സകളെ പ്രതിരോധിക്കാനുള്ള കഴിവ് രോഗംബാധിച്ച് ആഴ്ചകള്‍ക്കുള്ളില്‍തന്നെ വൈറസ് പ്രകടമാക്കി.

എന്നാല്‍ ഈ സൂപ്പര്‍ മ്യൂട്ടേറ്റഡ് വേരിയന്‌റ് രോഗിക്കപ്പുറം മറ്റൊരാളിലേക്കു പകര്‍ന്നിട്ടില്ല. മഹാമാരിക്കു കാരണമാകുന്ന വൈറസിന് ജനിതകമായി എങ്ങനെ മാറാന്‍ കഴിയുമെന്നും എങ്ങനെ പുതിയ രോഗകാരികളെ സൃഷ്ടിക്കുന്നുവെന്നും ഇതിന്‌റെ ആവിര്‍ഭാവം വ്യക്തമാക്കുന്നതായി ഗവേഷകര്‍ പറയുന്നു.

പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറസ് അണുബാധയുടെ അപകടസാധ്യതയും സാര്‍സ് കോവ് 2 പരിണാമത്തിന്‌റെ ജീനോമിക് നിരീക്ഷണം തുടരേണ്ടതിന്‌റെ പ്രാധാന്യവും പഠനം വ്യകതമാക്കുന്നു.

കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയ അമേരിക്കയിലെ 24 ശതമാനം മുതിര്‍ന്ന പൗരന്‍മാര്‍ക്കും മൂന്നുമാസത്തിനുശേഷവും ലക്ഷണങ്ങള്‍ തുടരുന്നതായി ഗവേഷണം പറയുന്നു. ബാര്‍സിലോണയില്‍ അടുത്തയാഴ്ച നടക്കുന്ന ആരോഗ്യ ഉച്ചകോടിയിൽ ഗവേഷകര്‍ എഴുപത്തിരണ്ടുകാരന്റെ കേസ് സ്റ്റഡി അവതരിപ്പിക്കും.

logo
The Fourth
www.thefourthnews.in