കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

ശ്വസനേന്ദ്രിയത്തിലാണ് ഭൂരിഭാഗം പേര്‍ക്കും അണുബാധയുണ്ടായത്

ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്‍ സ്വീകരിച്ച മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം. കൗമാരാക്കാരായ പെണ്‍കുട്ടികളും മറ്റു അസുഖബാധിതരായവരും കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി സ്പ്രിംഗര്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബനാറസ് ഹിന്ദു സര്‍വകലാശല നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ശ്വസനേന്ദ്രിയത്തിലാണ് ഭൂരിഭാഗം പേര്‍ക്കും അണുബാധയുണ്ടായത്. ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയും ഇവരില്‍ കണ്ടെത്തി. നാലുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്‌സിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്തതായി പഠനത്തില്‍ പറയുന്നു. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പഠനം ഫലപ്രദവും പക്ഷാപാതപരമല്ലാത്തതുമാകണമെങ്കില്‍, വാക്‌സിന്‍ സ്വീകരിക്കാത്തവരുടെയും മറ്റു വാക്‌സിനുകള്‍ സ്വീകരിച്ചവരുടേയും ആരോഗ്യസ്ഥിതിയെ കുറിച്ചും പഠിക്കണമെന്നും ഭാരത് ബയോടെക് പ്രതികരിച്ചു.

1,024 പേരെയാണ് പഠനവിധേയമാക്കിയത്. 635 പേര്‍ കൗമാരക്കാരായിരുന്നു. 291 പേര്‍ മുതിര്‍ന്നവരായിരുന്നു. 304 കൗമാരക്കാരിലും (47.9 ശതമാനം), 124 മുതിര്‍ന്നവരിലും ശ്വാസകോശ അണുബാധ റിപ്പോര്‍ട്ട് ചെയ്തു. 10.2 ശതമാനം പേര്‍ക്ക് ത്വക്ക് രോഗങ്ങളും 4.7 ശതമാനം പേര്‍ക്ക് ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങളും 5.8 ശതമാനം പേര്‍ക്ക് പേശി സംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തി. 5.5 ശതമാനം പേര്‍ക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തി. 4.6 ശതമാനം പേര്‍ക്കാണ് ആര്‍ത്തവ ക്രമക്കേടുകള്‍ കണ്ടെത്തിയത്. 0.3 ശതമാനം പേര്‍ക്ക് പക്ഷാഘാതത്തിനുള്ള സാധ്യതകളും കണ്ടെത്തി. അലര്‍ജിയും ടൈഫോയിഡുമുള്ള കൗമാരാക്കാരിലും സ്ത്രീകളിലും വാക്‌സിനേഷന് ശേഷം ഇവ യഥാക്രമം 1.6, 2.8 ശതമാനം മടങ്ങ് വര്‍ധനവുണ്ടായി.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍
ആ പരീക്ഷണത്തിന് ആയുസ് രണ്ടു മാസം; പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ മരണത്തിനു കീഴടങ്ങി

കോവിഷീല്‍ഡ് വാക്സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും

നേരത്തെ, കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചതായി പഠനം പുറത്തുവന്നിരുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അസ്ട്രസെനക കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ പഠനം പുറത്തുവന്നത്. കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നാണ് കണ്ടെത്തല്‍. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഓസ്ട്രേലിയയിലെ ഫ്ലിന്റേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലാണ് കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത്. വാക്സിന്‍ ഇന്‍ഡ്യൂസിഡ് ഇമ്മ്യൂണ്‍ ത്രോംബോസിറ്റോപേനിയ ആന്‍ഡ് ത്രോംബോസിസ് (വിഐടിടി) എന്നാണ് ഈ അസുഖത്തിന് പേര് നല്‍കിയിരിക്കുന്നത്.

2021-ലെ കോവിഡ് മഹാമാരി കാലത്ത് അസ്ട്രസെനക വാക്സിന്‍ ഉപയോഗിച്ചശേഷമാണ് ഈ അസുഖം കണ്ടുതുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലേറ്റ്ലെറ്റ് ഫാക്ടര്‍ 4 (പിഎഫ് 4) എന്ന പ്രോട്ടീനിനെ ബാധിക്കുന്ന ഹാനികരമായ ഓട്ടോ ആന്റിബോഡിയാണ് വിഐടിടിക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.

2023-ലും സമാനമായ ഗവേഷണഫലം പുറത്തുവന്നിരുന്നു. രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കുന്ന ഒരു തരം ആന്റിബോഡിയാണ് ഓട്ടോ ആന്റിബോഡി. ഇത് പുറത്തുനിന്നുള്ള അക്രമകാരികളാണെന്ന് കരുതി സ്വന്തം ശരീരത്തിലെ കോശങ്ങളെ തന്നെ പ്രതിരോധിക്കുന്നു. ഇത് രക്താര്‍ബുദം അടക്കമുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളിലേക്ക് നയിച്ചേക്കാം. സ്വന്തം ശരീരഭാഗത്തിനെതിരെ ശരീരത്തിലെ തന്നെ രോഗപ്രതിരോധ സവിധാനം പ്രതികരിക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍
അമ്പത് ശതമാനത്തിലേറെ രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണശീലം; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

രോഗബാധിതര്‍ക്കു പലപ്പോഴും തലച്ചോറിലോ ഉദരത്തിലോ അസാധാരണമായ സ്ഥലങ്ങളില്‍ രക്തം കട്ടപിടിക്കുന്നു. അവരുടെ രക്തത്തില്‍ ഡി-ഡൈമര്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉയര്‍ന്ന അളവുമുണ്ടാകും.

ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ചെടുത്ത ഒരു നൂതന രീതി ഉപയോഗിച്ചുള്ള ഈ പുതിയ പഠനം കാണിക്കുന്നത് വൈറസുകളിലും വാക്‌സിനുകളിലും ഉള്ള ഒരു പൊതുഘടകം ഈ ദോഷകരമായ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നു എന്നാണ്.

കോവിഷീല്‍ഡ് സ്വീകരിച്ച നാല് മുതല്‍ 42 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുക. കഠിനമായ തലവേദന, കാഴ്ച വ്യതിയാനങ്ങള്‍, വയറുവേദന,ഛര്‍ദ്ദി, നടുവേദന, ശ്വാസതടസം, കാലുവേദന, നീര്‍വീക്കം തുടങ്ങിയവയാണു രോഗത്തിനുള്ള ലക്ഷണങ്ങള്‍. കോവിഡിനെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ച വാക്സിനാണ് കോവിഷീല്‍ഡ്. പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനകയുമായി സഹകരിച്ച് വാക്സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ വിപണയിലെത്തിച്ചത്.

logo
The Fourth
www.thefourthnews.in