വിഷാദരോഗം; തെറ്റിദ്ധാരണയും യാഥാർത്ഥ്യവും

വിഷാദരോഗം; തെറ്റിദ്ധാരണയും യാഥാർത്ഥ്യവും

വിഷാദവും ദുഃഖവും ഒന്നല്ല, വിഷാദരോഗത്തിന് ചികിത്സയും അതീവ ശ്രദ്ധയും അനിവാര്യമാണ്

ഒരു യാത്ര പോകൂ, കൂട്ടുകാർക്കൊപ്പം പുറത്തിറങ്ങി ഒരു ചായ കുടിക്കൂ, പ്രശ്നമെല്ലാം മാറും. വിഷാദരോഗമുള്ളവരോട് ചുറ്റമുള്ളവർ സ്ഥിരം പറയുന്ന കാര്യങ്ങളാണിവ. വിഷാദം ഒരു രോഗാവസ്ഥയാണെന്ന തിരിച്ചറിവ് പലർക്കുമില്ല. അസുഖത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ ഉപദേശത്തിനൊക്കെ പിന്നിലെന്നതാണ് യാഥാർത്ഥ്യം. ഓരോരുത്തരിലും വ്യത്യസ്തമാണ് രോഗത്തിന്റെ സ്വഭാവം. അതിനനുസരിച്ചുള്ള ചികിത്സയാണ് ആവശ്യം. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിഷാദം ബാധിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. കോവിഡ് കാലത്തെ ലോക്ഡൗ‍ണും വിഷാദരോഗികളുടെ എണ്ണം വര്‍ധിപ്പിച്ചു.

ധാരണകളേക്കാളധികം തെറ്റിദ്ധാരണകളാണ് വിഷാദരോഗത്തെക്കുറിച്ച് സമൂഹത്തിനുള്ളത്. സങ്കടവും വിഷാദവും തമ്മില്‍ കൂട്ടി കലര്‍ത്തുന്നവരാണ് ചിലര്‍. വിഷാദരോഗികളോട് എല്ലാവർക്കും സങ്കടങ്ങളുണ്ട്, അത് മറികടക്കാം എന്ന് പറയുന്നവരുണ്ട്. അതേപോലെ വിഷമങ്ങള്‍ വരുമ്പോള്‍ ഡിപ്രഷന്‍ ആണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ വിഷാദവും സങ്കടവും ഒന്നല്ല. മൂഡ് സ്വിങ് (മാനസികാവസ്ഥയിലെ മാറ്റങ്ങള്‍) എല്ലാം വിഷാദമല്ലെങ്കിലും ഒരുപക്ഷേ അത് വിഷാദത്തിന്‍റെ സൂചനയായിരിക്കാം. ശാരീരികമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതുപോലെ തന്നെ വിഷാദരോഗത്തിനും ചികിത്സയും അതീവ ശ്രദ്ധയും അനിവാര്യമാണ്.

വിഷാദം ഒരു രോഗമല്ലേ?

വിഷാദം ഒരു രോഗമല്ലെന്നും മാനസികനിലയില്‍ വരുന്ന മാറ്റം മാത്രമാണെന്നുമുള്ള തെറ്റായ ധാരണയാണ് ആദ്യത്തേത്. എന്നാല്‍, ചികിത്സ തേടേണ്ട രോഗാവസ്ഥ തന്നെയാണ് വിഷാദം. ശരിയായ രോഗനിര്‍ണയത്തിലൂടെയും പൂര്‍ണമായ ചികിത്സയിലൂടെയും അസുഖത്തെ മറികടക്കാം. ഏതൊരു ശാരീരിക അസുഖത്തിനും ചികിത്സ തേടുന്നതുപോലെ തന്നെ സാധാരണമാകേണ്ട ഒന്നാണ് വിഷാദത്തിന് ഡോക്ടറുടെ സഹായം തേടുന്നത്. ശരിയായ വൈദ്യ സഹായം കൃത്യസമയത്ത് ലഭിക്കുന്നതാണ് പ്രധാനകാര്യം.

വിഷാദമോ? സങ്കടമോ?

ജീവിത പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടേണ്ടിവരുമ്പോള്‍ ദുഃഖം തോന്നുന്നത് സ്വാഭാവികമാണ്. സാഹചര്യം മാറുന്നതിനനുസരിച്ച് അതില്ലാതാകുകയും ചെയ്യും. എന്നാല്‍, ആ വിഷമാവസ്ഥ തുടർന്നാല്‍ ശ്രദ്ധിക്കണം. മാസങ്ങളോളമോ അതിനപ്പുറമോ നീണ്ടുനില്‍ക്കുകയോ എല്ലാത്തിനോടും താല്‍പര്യക്കുറവ് പ്രകടമാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയോ മരുന്ന് കഴിക്കേണ്ട സാഹചര്യമുണ്ടെന്ന് കണ്ടാല്‍ സൈക്യാട്രിസ്റ്റിനേയോ സമീപിക്കണം.

ചികിത്സ പല വിധം

എല്ലാ വിഷാദ രോഗത്തിനും മരുന്ന് കഴിക്കണമെന്നില്ല. കൗൺസിലിങ്ങും തെറാപ്പിയും രോഗാവസ്ഥ നിയന്ത്രിക്കാന്‍ സഹായകരമാണ്. എന്നാല്‍, അതുകൊണ്ട് മെച്ചപ്പെടാന്‍ കഴിയാത്തവർ മരുന്ന് കഴിക്കാന്‍ മടി കാണിക്കരുത്. അസുഖവും വിഷമാവസ്ഥയും തോന്നലുകളാണെന്ന തെറ്റിദ്ധാരണ പരത്തുന്നവരുണ്ട്. എന്നാല്‍, മാനസികാവസ്ഥയെ സ്വയം നിയന്ത്രിക്കാനും, സാധാരണ പോലെ പ്രവർത്തിക്കാന്‍ കഴിയാതെ വരുന്നതും രണ്ടാഴ്ചയിലധികം നീണ്ടുനിന്നാല്‍ ഡോക്ടറുടെ സഹായം തേടുകയെന്നത് തന്നെയാണ് ശരിയായ പ്രതിവിധി.

ഈ സമയം ആത്മഹത്യാപ്രവണത വർധിക്കുന്നതും രോഗിയുടെ സ്ഥിതി മോശമാക്കും. ഈ ഘട്ടത്തില്‍ സ്വയം ചികിത്സയേക്കാള്‍ വൈദ്യസഹായം തേടി മരുന്ന് കഴിക്കുകയാണ് വേണ്ടത്. രോഗിക്ക് കൗൺസിലിങ്ങോ തെറാപ്പിയോ മതിയോ എന്നും മരുന്ന് തന്നെ വേണമോയെന്നും ഡോക്ടർമാർ നിശ്ചയിക്കും. ആന്‍ഡി ഡിപ്രസന്‍റുകള്‍ നിർദേശിക്കുന്നത് രോഗത്തിന്‍റെ സ്വാഭാവമനുസരിച്ചാണ് .

ജീവിതശൈലി മാറ്റണോ?

യാതൊരു പ്രശ്നങ്ങളോ പ്രതിസന്ധിയോ ഇല്ലാത്തവർക്കും രോഗം പിടിപെടാം. ഹോർമോണിലെ വ്യതിയാനങ്ങളോ മറ്റുചില അസുഖങ്ങള്‍ കാരണമോ വിഷാദം വരാം. തൈറോയ്ഡ്, ഫൈബ്രോമയാള്‍ജിയ എന്നീ അസുഖങ്ങള്‍ വിഷാദരോഗത്തിലേക്ക് നയിക്കാറുണ്ട്. ജീവിതശൈലി മെച്ചപ്പെടുത്തുന്നത് മനസിനെ ശാന്തമാക്കാന്‍ സഹായിക്കും. വ്യായാമവും വിനോദങ്ങളുമൊക്കെ മാനസികാരോഗ്യത്തിന് ഗുണമാകാറുണ്ട്. അത് ഏത് അളവില്‍ എങ്ങനെയൊക്കെ വേണമെന്നത് ഡോക്ടർക്ക് നിർദേശിക്കാന്‍ കഴിയും.

വിഷാദം പാരമ്പര്യമോ?

ചില പാരമ്പര്യഘടകങ്ങള്‍ വിഷാദത്തെ സ്വാധീനിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാല്‍, വിഷാദം ഉണ്ടാകുന്ന എല്ലാവർക്കും പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാന്‍ കഴിയില്ല. രോഗത്തിന്റെ യാതൊരു കുടുംബപശ്ചാത്തലവുമില്ലാത്തവരും വിഷാദത്തിന് അടിമപ്പെടാം.

logo
The Fourth
www.thefourthnews.in