നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് സാധ്യത ആര്‍ക്കൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് സാധ്യത ആര്‍ക്കൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

അമിതവണ്ണമുള്ളവരില്‍ 40 മുതല്‍ 90 ശതമാനം വരെ സാധ്യതയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്. ജീവിതശൈലീ നിയന്ത്രണങ്ങള്‍ കൊണ്ടും മതിയായ വ്യായാമത്തിലൂടെയും ഈ ഫാറ്റി ലിവര്‍ ഭേദമാക്കാവുന്നതാണ്

കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റിലിലവര്‍. ഇത് അല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് എന്നീ രണ്ടു തരമുണ്ട്. മദ്യപാനം കാരണമല്ലാതെ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്.

ഇന്‍സുലിന്‍ പ്രതിരോധമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിലേക്കു നയിക്കുന്ന പ്രധാന കാരണം. കരളിലെയും മറ്റ് കോശങ്ങളിലെയും അധിക കൊഴുപ്പ് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഫ്രീ ഫാറ്റി ആിഡുകളും സൈറ്റോകൈനുകളും പോലെ ദോഷകരമായ വസ്തുക്കളെ പുറത്തുവിടുന്നതിനാല്‍ പൊണ്ണത്തടി ഇതിന് ആക്കം കൂട്ടുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും അത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കു നയിക്കുകയും ചെയ്യും.

അമിതവണ്ണമുള്ളവരില്‍ 40 മുതല്‍ 90 ശതമാനം വരെ സാധ്യതയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്. ജീവിതശൈലീ നിയന്ത്രണങ്ങള്‍ കൊണ്ടും മതിയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ചില മരുന്നുകള്‍ കൊണ്ടും ഈ ഫാറ്റി ലിവര്‍ ഭേദമാക്കാവുന്നതാണ്.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാം

1. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തിരഞ്ഞെടുക്കുക

കരളിന്റെ ആരോഗ്യത്തിനായി സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ശീലമാക്കാം. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഫാസ്റ്റ്ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. പകരം മുഴുധാന്യങ്ങളും പ്രോട്ടീനും നിറഞ്ഞതും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെട്ടതുമായ ഭക്ഷണം ശീലിക്കുക. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയ ഡയറ്റ് കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

2. വേണം പഴങ്ങളും പച്ചക്കറികളും

ദിവസേനയുള്ള ഭക്ഷണത്തില്‍ ആവശ്യത്തിന് പഴങ്ങളും സാലഡും ഉള്‍പ്പെടുത്തണം. ശരീരത്തിനു വേണ്ട പോഷകങ്ങള്‍ ഇതിലൂടെ ലഭിക്കും. വിറ്റാമിനുകള്‍, ആന്‌റിഓക്‌സിഡന്‌റുകള്‍, നാരുകള്‍ എന്നിവ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കരളിനെ സംരക്ഷിക്കുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് സാധ്യത കുറയ്ക്കുകയും ചെയ്യും

3. മധുരപാനീയങ്ങളോട് നോ പറയാം

സീറോ കലോറി എന്ന ആവകാശവാദത്തോടെ വരുന്ന പാനീയങ്ങളായാലും നോ പറയുന്നതാണ് നല്ലത്. ഇവ ഇന്‍സുലിന്‍ പ്രതിരോധത്തിനും ശരീരഭാരം കൂടുന്നതിനും കാരണമാകും. ഇത് രണ്ടും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

4. വ്യായാമം ശീലമാക്കാം

നല്ലൊരു ജീവിതശൈലിക്ക് ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് സ്ഥിരമായ വ്യായാമം. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയാനും സഹായിക്കും. ഒരാഴ്ച ഏറ്റവും കുറഞ്ഞത് 150 മിനിറ്റ് മിതമായതും തീവ്രമായതുമായ വ്യായാമങ്ങള്‍ ശീലമാക്കാം.

5. വിദഗ്ധ ഉപദേശം സ്വീകരിക്കാം

എന്തെങ്കിലും മരുന്നുകളോ സപ്ലിമെന്‌റുകളോ തുടങ്ങുന്നതിനു മുന്‍പ് വിദഗ്ധ നിര്‍ദേശം സ്വീകരിക്കുക. ചില മരുന്നുകള്‍ കരളിന്‌റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. കരളിന് ആരോഗ്യപ്രശ്‌നങ്ങളുള്ളവരും നോണ്‍ ആല്‍ക്കഹോളിpക് ഫാറ്റി ലിവര്‍ രോഗസാധ്യത ഉള്ളവരും എന്ത് മരുന്ന് കഴിക്കുന്നതിനു മുന്‍പും ഡോക്ടറോട് അക്കാര്യം സൂചിപ്പിക്കണം.

logo
The Fourth
www.thefourthnews.in