കരൾ
കരൾ

ഫാറ്റി ലിവർ അപകടകാരിയാണ്, കാരണങ്ങളും പരിഹാരവും അറിയാം

ജീവിതശൈലി മൂലം വരാന്‍ സാധ്യതയുള്ള രോഗമാണ് നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍

തെറ്റായ ജീവിതശൈലി പലപ്പോഴും നമ്മെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് തള്ളി വിട്ടേക്കാം. വ്യായാമം കുറയുന്നതും ദീര്‍ഘനേരം ഇരിക്കുന്നതും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാം. ജീവിത ശൈലിയിലെ പ്രശ്നങ്ങള്‍ മൂലം വരാന്‍ സാധ്യതയുള്ള മറ്റൊരു രോഗമാണ് നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍.

കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവര്‍ എന്ന് വിളിക്കുന്നത്. അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വയറുവേദന, ശര്‍ദ്ദി, വിശപ്പില്ലായ്മ, കാലുകളില്‍ വീക്കം, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കാണിച്ചെന്ന് വരില്ല, എന്നാല്‍ അപ്പോഴേക്കും പ്രശ്‌നം ഗുരുതരമായെന്ന് വരും

പ്രമേഹരോഗികള്‍ക്കും പൊണ്ണതടിയുള്ളവര്‍ക്കും ഫാറ്റി ലിവര്‍ വരാന്‍ സാധ്യതയുണ്ട്. അതേസമയം, പോഷകക്കുറവ്, അമിതമായ ജങ്ക് ഫുഡ്ഡുകള്‍ എന്നിങ്ങനെ ആരോഗ്യകരമല്ലാത്ത ജീവിത ശൈലി പിന്തുടരുന്നവര്‍ക്കും ഫാറ്റി ലിവര്‍ വരാം

ഫാറ്റി ലിവറിന് കാരണമാകുന്നത് എന്തെല്ലാം?

1. ഭക്ഷണ ശൈലി

ബര്‍ഗര്‍, സാന്‍വിച്ച്, പൊരിച്ച ചിക്കന്‍, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവ ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. ഇവ പരമാവധി ഒഴിവാക്കുക.

നമുക്ക് വേണ്ടതില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതും എന്നാല്‍ അത് ദഹിക്കാന്‍ ആവശ്യമായ വ്യായാമം ചെയ്യാതിരിക്കുന്നതും പലപ്പോഴും കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. വിറ്റാമിനുകളും മിനറലുകളും ശേഖരിച്ച് വയ്ക്കുന്നത് കരള്‍ ആയത് കൊണ്ടുതന്നെ അമിതമായെത്തുന്ന കൊഴുപ്പ് കൂടുതലും അടിഞ്ഞ് കൂടുന്നത് കരളിലായിരിക്കും. ഇതും ഫാറ്റി ലിവറിന് കാരണമാകുന്നു.

അതേസമയം ശരീരത്തില്‍ അമിതമായി എത്തുന്ന കൊഴുപ്പ് രക്ത ധമനികളില്‍ അടിഞ്ഞ് കൂടി പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കും കാരണമായേക്കാം.

2. വ്യായാമത്തിന്റെ കുറവ്

സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചതോടെ ദീര്‍ഘനേരം ഇരുന്ന് കൊണ്ടുള്ള ജോലികളാണ് കൂടുതല്‍ ആളുകളും ചെയ്യുന്നത്. നടത്തം, ഓട്ടം പോലുള്ള നിത്യ ജീവിതത്തില്‍ ചെയ്തു കൊണ്ടിരുന്ന വ്യായാമങ്ങള്‍ പോലും ചെയ്യാതിരിക്കുന്നതും കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതും എല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്.

എന്താണ് പരിഹാരം?

1. ദീര്‍ഘനേരം ഉള്ള ഇരിപ്പ്, കിടപ്പ് എന്നിവ ഒഴിവാക്കുക

2. ആഴ്ചയില്‍ അഞ്ച് ദിവസം കുറഞ്ഞത് അരമണിക്കൂര്‍ നടത്തം ശീലമാക്കുക

ഫാറ്റി ലിവര്‍ നേരത്തെ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്. അതിനായി ആദ്യം ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. കൂടാതെ ശാരീരിക ക്ഷമത വര്‍ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുകയും വേണം. അതേസമയം, രോഗം സങ്കീർണമാകുന്നത് കരള്‍ പൂര്‍ണ്ണമായും തകരാറിലാക്കി പ്രവര്‍ത്തനരഹിതമാകുന്നതിലേയ്ക്ക് നയിച്ചേക്കാം. ഇതിനെയാണ് സിറോസിസ് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ഉടനടി വൈദ്യ സഹായം തേടാന്‍ മടിക്കരുത്.

logo
The Fourth
www.thefourthnews.in