ഹൈപ്പോതൈറോയ്ഡിസം നിങ്ങളെ അലട്ടുന്നുണ്ടോ?  ഒഴിവാക്കാം ചില ഭക്ഷണങ്ങള്‍

ഹൈപ്പോതൈറോയ്ഡിസം നിങ്ങളെ അലട്ടുന്നുണ്ടോ? ഒഴിവാക്കാം ചില ഭക്ഷണങ്ങള്‍

പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നത്

തൈറോയ്ഡിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നതാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുകയും ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ അളവ് താഴുകയും ചെയ്യുന്നതാണ് രോഗാവസ്ഥ. ശരീരഭാരം കൂടുക, ആലസ്യം, ഓര്‍മക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍ . പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നത്. ചികിത്സയ്ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും നിർബന്ധമാണ്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

സംസ്കരിച്ച ഭക്ഷ്യപദാർഥങ്ങള്‍

സംസ്കരിച്ച ഭക്ഷ്യപദാർഥങ്ങളള്‍ പരമാവധി ഒഴിവാക്കുക. ഇവയില്‍ കൂടിയ അളവില്‍ സോഡിയം അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

ചിലയിനം പച്ചക്കറികള്‍

കോളിഫ്ളവർ, ചീര, ബ്രൊക്കോളി, കാബേജ് എന്നിവ മിതമായി മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും ഈ പച്ചക്കറികളുടെ ഉപയോഗം ശരീരത്തിലെ അയോഡിന്‍ പ്രയോജനപ്പെടുത്തുന്നതിന് തിരിച്ചടിയാകും.

സോയാബീന്‍

സോയാബീനിലും അനുബന്ധ ഉത്പന്നങ്ങളിലും കൂടിയ അളവില്‍ ഐസോഫ്‌ലേവോണ്‍സ് എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നു. തൈറോയ്ഡ് രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഈ പദാർഥം.

ഗ്ലൂട്ടണ്‍

തൈറോയ്ഡ് രോഗികള്‍ ഗോതമ്പ്, ബാര്‍ലി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഗോതമ്പില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടണ്‍ എന്ന പദാര്‍ഥം തൈറോയ്ഡ് മരുന്നുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

കൊഴുപ്പ് കൂടുതലുളള ഭക്ഷണങ്ങള്‍

ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകള്‍ ആവശ്യമാണെങ്കിലും, പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുളള കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ചില പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ കൊഴുപ്പുളള ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. തൈറോയ്ഡ് മരുന്നുകളുടെ പ്രതിരോധത്തെ തകർക്കുന്നവയാണ് ഇത്തരം ഭക്ഷണങ്ങള്‍.

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഉയര്‍ന്നതോതില്‍ നാരുകളടങ്ങിയ ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ഇവ ദഹിക്കാന്‍ സമയമെടുക്കും. തൈറോയ്ഡ്ഡ് മരുന്നുകളുടെ പ്രവർത്തനത്തെ ഇത് സാവധാനമാക്കുമെന്നതാണ് പ്രതിസന്ധി. നാരുകളടങ്ങിയ ഭക്ഷണം നിർബന്ധമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളിലും മാറ്റം വരുത്തേണ്ടതുണ്ട്.

മദ്യപാനം

തൈറോയ്ഡ് രോഗികള്‍ മദ്യം പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്. ഹോര്‍മോണുകളുടെ അളവിനെ മദ്യം പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണം നിയന്ത്രിച്ചതുകൊണ്ട് മാത്രം ഹൈപ്പോതൈറോയ്ഡിസം മാറില്ല. ശരിയായ മരുന്നുകളും പോഷകങ്ങളും ആവശ്യമാണ്.

logo
The Fourth
www.thefourthnews.in